- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇർഷാദ് കൊല്ലപ്പെട്ടന്ന് തെളിഞ്ഞതിന് പിന്നാലെ ദുരൂഹത ഉണർത്തി മറ്റൊരു തിരാധോനവും; വളയത്ത് ഖത്തറിൽ നിന്നെത്തിയ യുവാവിനെ കാണാതായതായി പരാതി; സാധനം എത്തേണ്ടിടത്ത് എത്തിയില്ലെന്ന് ഭീഷണി കോളും എത്തി; പിന്നിൽ സ്വർണ്ണക്കടത്തു സംഘമെന്ന് സംശയം
കോഴിക്കോട്: കോഴിക്കോട് വീണ്ടും സ്വർണ്ണക്കടത്തു സംഘത്തിന്റെ വിളയാട്ടം. കാണാതായ ഇർഷാദെന്ന യുവാവ് കൊല്ലപ്പെട്ടെന്ന് വ്യക്തമായതിന് പിന്നാലെ മറ്റൊരു യുവാവിനെയും ദുരൂഹ സാഹചര്യത്തിൽ കാണാതായി. വളയത്ത് ഖത്തറിൽ നിന്നെത്തിയ യുവാവിനെയാണ് കാണാതായത്. ചെക്യാട് വാതുക്കൽ പറമ്പത്ത് റിജേഷി(35)നെയാണ് കാണാതായത്.
അവസാനമായി ജൂൺ പത്തിനാണ് യുവാവ് ടെലിഫോൺ വഴി ബന്ധുക്കളുമായി സംസാരിച്ചത്. ജൂൺ 16-ന് കണ്ണൂർ വിമാനത്താവളം വഴി നാട്ടിൽ എത്തുമെന്ന് റിജേഷ് വീട്ടുകാർക്ക് വിവരം നൽകിയിരുന്നു. നാട്ടിലേക്ക് പോന്നതായി റിജേഷിന്റെ ഖത്തറിലുള്ള സുഹൃത്തുക്കളും പറയുന്നു. പക്ഷേ, ഇയാളെ കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇതിനിടെ, ജൂൺ 15-ന് റിജേഷ് നാട്ടിലെത്തിയിട്ടുണ്ടെന്നും അവന്റെ കൈവശം കൊടുത്തുവിട്ട സാധനം വേണമെന്നും ഇല്ലെങ്കിൽ വിടില്ലെന്നും പറഞ്ഞ് ഭീഷണി കോളുകൾ വന്നു. അന്നും തൊട്ടടുത്ത ദിവസങ്ങളിലും ചില ആളുകൾ വീട്ടിലെത്തി. റിജേഷ് നാട്ടിലെത്തിയിട്ടുണ്ടെന്നും സാധനം വേണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ഇവർ ചെയ്തതെന്നും റിജേഷിന്റെ സഹോദരൻ പറഞ്ഞു.
ഖത്തറിൽ നിന്ന് പലതവണ ഫോൺകോളുകൾ വന്നു റിജേഷിന്റെ കയ്യിൽ കൊടുത്തുവിട്ട സാധനം എത്തേണ്ടിടത്ത് എത്തിയില്ലെന്നും അത് തിരിച്ചുവേണമെന്നും പറഞ്ഞാണ് ഭീഷണിയെന്നും സഹോദരൻ പറയുന്നു. പന്തിരിക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ വാർത്ത വന്നതോടെയാണ് സഹോദരൻ രാജേഷ് വളയം പൊലീസിൽ പരാതി നൽകിയത്. റിജേഷിനെ അന്വേഷിച്ച് പലരും വന്നതായി നാട്ടുകാരും പറയുന്നു. കേസിൽ അന്വേഷണം ആരംഭിച്ചതായി വളയം സിഐ. അറിയിച്ചു.
അതിനിടെ സ്വർണ്ണക്കടത്ത് സംഘം കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇർഷാദ് ഒളിവിൽ കഴിഞ്ഞ വയനാട്ടിലെ ലോഡ്ജിൽ പൊലീസ് പരിശോധന നടത്തി. വൈത്തിരി ചുണ്ടേലിലെ ലോഡ്ജിലാണ് അന്വേഷണ സംഘമെത്തിയത്. ലോഡ്ജിലെ രജിസ്റ്ററും സി.സി.ടി.വിയും പരിശോധിച്ചു. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ജൂൺ രണ്ടിനാണ് ഇർഷാദിന്റെ സുഹൃത്ത് ഷമീർ ലോഡ്ജിൽ റൂമെടുത്തത്. പിന്നീട് ജൂൺ 16 നാണ് ഇർഷാദ് ലോഡ്ജിലെത്തിയത്. 18 ദിവസം ഇവിടെ തങ്ങിയ ശേഷം ജൂലൈ നാലിന് കാറിലെത്തിയ സംഘം ഇർഷാദിനെ കൂട്ടികൊണ്ടു പോയെന്ന് ലോഡ്ജിലെ ജീവനക്കാർ പൊലീസിനോട് പറഞ്ഞു.
സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്റെ മൃതദ്ദേഹം ജൂലൈ 17ന് തിക്കോടി കടപ്പുറത്ത് നിന്നും കണ്ടെത്തുകയും അത് ആളുമാറി സംസ്‌കരിക്കുകയുമായിരുന്നു. ചെറുപ്പം മുതൽ നന്നായി നീന്തുന്ന ഇർഷാദ് മുങ്ങിമരിച്ചതല്ലെന്ന് മാതാപിതാക്കളായ നാസറും നഫീസയും തറപ്പിച്ചു പറയുന്നു. മകന്റേതുകൊലപാതകം തന്നെയാണെന്ന് ഇവർ ആവർത്തിച്ച് പറയുന്നു. കേസ് അട്ടിമറിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
ഇർഷാദിന്റെ മാതാപിതാക്കൾ മകനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെരുവണ്ണാമുഴി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി കടൽത്തീരത്തു നിന്ന് ലഭിച്ച മൃതദേഹം ഇർഷാദിന്റെതാണെന്ന് സ്ഥിരീകരിച്ചത്. ഇർഷാദിന്റെതുകൊലപാതകമാണെന്ന് തന്നെയാണ് അന്വേഷണസംഘവും സംശയിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ