തിരുവനന്തപുരം: കഴക്കൂട്ടത്ത് വാക്കുതർക്കത്തിനിടെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ചെന്ന പരാതിയുമായി ബന്ധുക്കൾ. നെട്ടയകോണം സ്വദേശി കെ. ഭുവനചന്ദ്രൻ മരിച്ചത് ആക്രിക്കാരന്റെ ചവിട്ടേറ്റതിനെ തുടർന്നാണെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതി.

ഭുവനചന്ദ്രന് ചവിട്ടേറ്റിരുന്നു എന്നും മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നാണ് കഴക്കൂട്ടം പൊലീസ് അറിയിക്കുന്നത്. ഇയാൾക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴക്കൂട്ടത്ത് ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഭുവനചന്ദ്രൻ ഒരു വീട്ടിൽ ജോലി ചെയ്യുകയായിരുന്നു. ഈ വീടിന് സമീപമുള്ള കടയിൽ മറ്റൊരാളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രിക്കാരനുമായി തർക്കമുണ്ടായത്. ഭുവനചന്ദ്രൻ നിൽക്കുന്നതിന് സമീപത്തായി ആക്രിക്കാരൻ തുപ്പിയത് ചോദ്യംചെയ്തതോടെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞു.

കഴക്കൂട്ടത്ത് റോഡരിൽ കരിക്ക് വിൽപനക്കാരനുമായി ഭുവനചന്ദ്രൻ സംസാരിക്കുന്നതിനിടെ അതുവഴി വന്ന ആക്രി പെറുക്കാൻ വന്നയാൾ തുപ്പി. തൊട്ടടുത്ത് കാർക്കിച്ച് തുപ്പിയതിനെ ഭുവനചന്ദ്രൻ ചോദ്യം ചെയ്തതാണ് വാക് തർക്കത്തിന് വഴിവച്ചത്. ഭൂവനചന്ദ്രനെ ആക്രിക്കാരൻ ചവിട്ടി എന്നാണ് ദൃക്‌സാക്ഷികളുടെ ആരോപണം.

കരൾ രോഗത്തിന് ഈയിടെ ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രൻ. വയറിൽ ശക്തമായ ചവിട്ടേറ്റതിനെത്തുടർന്ന് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭുവനചന്ദ്രന് 65 വയസ്സായിരുന്നു. ഭുവനചന്ദ്രനെ ചവിട്ടിയ ആക്രിക്കാരനെ അന്വേഷിച്ചു വരികയാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

ശക്തമായ ചവിട്ടേറ്റ് നിലത്തുവീണ ഭുവനചന്ദ്രനെ ചുറ്റുംകൂടിയ ആളുകളാണ് കഴക്കൂട്ടത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രയിലും പ്രവേശിച്ചു. ഇവിടെവച്ചാണ് മരണം സംഭവിച്ചത്.

ഭുവനചന്ദ്രനെ ചവിട്ടിയ ആക്രികച്ചവടക്കാരനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു. വൈകാതെ ഇയാളെ പിടികൂടാനാകുമെന്ന് പൊലീസ് അറിയിച്ചു. ഭുവനചന്ദ്രൻ നേരത്തെ കരളിന് ശസ്ത്രിക്രിയ കഴിഞ്ഞ് തുടർചികിത്സയിലായിരുന്നു. വയറിനേറ്റ ചവിട്ട് ആന്തരിക രക്തസ്രാവത്തിന് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലം സ്വദേശിയായ ആക്രിക്കാരൻ ഭിന്നശേഷിക്കാരനാണ്. സംഭവശേഷം സമീപത്തെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ഇയാൾ കൊല്ലത്തേയ്ക്കുള്ള ബസിൽ കയറി പോയെന്നാണ് വിവരം. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ ലഭിച്ചിട്ടില്ല. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.