മുംബൈ: മുംബൈ-ഡൽഹി വിമാനത്തിൽ വച്ച് അഭിഭാഷകയായ യാത്രക്കാരിയെ അപമാനിച്ചയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാം സ്വദേശി മൊഹിത് കൻവറിനെയാണ് പൈലറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് തിങ്കളാഴ്‌ച്ച രാവിലെ 8.30 പുറപ്പെട്ട വിമാനത്തിലാണ് യുവതി അപമാനിക്കപ്പെട്ടത്. തന്റെ കാലിൽ സ്പർശിച്ചതിനെ തുടർന്ന് അടുത്ത സീറ്റിലിരുന്നയാളോട് മര്യാദയ്ക്ക് ഇരിക്കാൻ യുവതി പറയാനൊരുങ്ങിയെങ്കിലും ആ സമയം ഇയാൾ കണ്ണടച്ച് ഉറങ്ങുന്ന പോലെ കിടക്കുകയായിരുന്നു.

ഇതോടെ യുവതി ആം റെസ്റ്റ് താഴ്‌ത്തി ഇരുവർക്കുമിടയിൽ അകലം പാലിച്ചു. എന്നാൽ അൽപസമയം കഴിഞ്ഞപ്പോൾ ഇയാൾ യുവതിയുടെ തോളിൽ കയറി പിടിച്ചു. ഇതോടെ യുവതി സംഭവം എയർഹോസ്റ്റസിന്റെ ശ്രദ്ധയിൽപ്പെടുത്തി. കൻവറിനോട് മര്യാദയ്ക്ക് ഇരിക്കാൻ ആവശ്യപ്പെട്ട എയർഹോസ്റ്റസിനോട് അയാൾ പക്ഷേ കയർത്തു സംസാരിക്കുകയായിരുന്നു. ഇതോടെ യുവതി പൈലറ്റനോട് പരാതിപ്പെട്ടു. പൈലറ്റ് മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കാൻ യുവതിയോട് നിർദേശിക്കുകയു ചെയ്തു.

എന്നാൽ, തൊട്ടു നോക്കുന്നത് ഇഷ്ടമല്ലേ.... എന്നായിരുന്നു സീറ്റുമാറുന്നതിനിടെ യുവതിയോടുള്ള ഇയാളുടെ ചോദ്യം. എന്തായാലും വിമാനം മുംബൈ വിമാനത്താവളത്തിലെത്തിയതോടെ പൈലറ്റ് സംഭവം പൊലീസിന്റേയും സിഐഎസ്എഫിന്റേയും ശ്രദ്ധയിൽപ്പെടുത്തി. വിമാനത്തിൽ നിന്നും കൻവറിനെ കസ്റ്റഡിയിലെടുത്ത സിഐഎസ്എഫ് അയാളെ മുംബൈ പൊലീസിന് കൈമാറി. ഇയാൾക്കെതിരെ പൊലീസ് പീഡനശ്രമത്തിന് കേസെടുത്തു.