- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെന്നിന്ത്യൻ താരം റാണി ചന്ദ്ര ഉൾപ്പെടെ 95 പേർ മരിച്ച വിമാനാപകടത്തിൽ പെട്ടെന്നു കരുതി; 45 വർഷങ്ങൾക്ക് ശേഷം സജാദ് തങ്ങൾ ജന്മനാട്ടിൽ; അരനൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ 'ആ സമാഗമം'; മകനെ കെട്ടിപ്പിടിച്ച് ഉമ്മ ഫാത്തിമാ ബീവി
കൊല്ലം: വർഷങ്ങൾക്ക് മുൻപ് ഉണ്ടായ വിമാനാപകടത്തിൽ മരിച്ചെന്നു കരുതിയ ശാസ്താംകോട്ട സ്വദേശി സജാദ് തങ്ങൾ ജന്മനാട്ടിൽ തിരിച്ചെത്തി. മുംബൈ പൻവേലിലെ സീൽ ആശ്രമത്തിൽ കഴിഞ്ഞ സജാദിനെ സഹോദരങ്ങളാണു കാരാളിമുക്കിലെ വീട്ടിൽ എത്തിച്ചത്. 91 വയസ്സുള്ള ഉമ്മ ഫാത്തിമാ ബീവിയും ബന്ധുക്കളും നാട്ടുകാരും ചേർന്നു സജാദിനെ സ്വീകരിച്ചു.
വിദേശത്ത് പോയി 45 വർഷം മുമ്പാണ് കൊല്ലം കാരാളിമുക്ക് സ്വദേശിയായ സജാദ് തങ്ങളെ കാണാതായത്. കഴിഞ്ഞ രണ്ട് വർഷമായി മുംബൈയിലെ സിയാൽ ആശ്രമത്തിൽ കഴിഞ്ഞുവരികയായിരുന്നു സജാദ് തങ്ങൾ. ആശ്രമത്തിൽ നിന്ന് അറിയിച്ചതനുസരിച്ച് ബന്ധുക്കളാണ് സജാദ് തങ്ങളെ നാട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.
ഇളയ സഹോദരൻ അബ്ദുൽ റഷീദും സഹോദര പുത്രനും ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാൻ കഴിഞ്ഞ ദിവസം മുംബൈയ്ക്കു പോയിരുന്നു. മൂന്നു പേരും വൈകിട്ട് അഞ്ച് മണിയോടെ മടങ്ങിയെത്തി. ഉമ്മ ഫാത്തിമാ ബീവി ഉൾപ്പെടെയുള്ള ബന്ധുക്കൾ വീട്ടിൽ കാത്തിരിക്കുന്നുണ്ടായിരുന്നു.
1971ലാണ് സജാദ് ഗൾഫിലേക്ക് പോയത്. കേരളത്തിൽ നിന്നുള്ള കലാകാരന്മാരെ ഗൾഫിൽ വിവിധ കലാപരിപാടിക്കായി എത്തിക്കുന്ന സംഘാടകനായിരുന്നു സജാദ്. ഇത്തരത്തിൽ സജാദ് സംഘടിപ്പിച്ച കലാപരിപാടികളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിമാനാപകടം സംഭവിച്ച് നടി റാണി ചന്ദ്രയും കുടുംബാംഗങ്ങളും അടക്കം 95 പേരാണ് ഈ അപകടത്തിൽ മരിച്ചു. ബോംബെ എയർപോർട്ടിൽ എമർജൻസി ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ 1976 ഒക്ടോബർ 12നാണ് അപകടം ഉണ്ടായത്. സംഘാടകനായ സജാദും ഈ അപകടത്തിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു വീട്ടുകാരും സുഹൃത്തുക്കളും ധരിച്ചിരുന്നത്.
അപകടത്തിനു ശേഷം വിഷാദാവസ്ഥയിലായിരുന്ന സജാദ് 2 വർഷം മുൻപാണു മുംബൈ പനവേലിലെ ആശ്രമത്തിലെത്തുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണു തിരിച്ചുവരവിനു വഴിയൊരുങ്ങിയത്.
രണ്ട് പെൺമക്കൾക്ക് ശേഷം ഏറെ പ്രാർത്ഥിച്ചുണ്ടായ മകനായ സജാദ് മരിച്ചെന്ന് മറ്റുള്ളവർ പറഞ്ഞെങ്കിലും വിശ്വസിക്കാൻ ഫാത്തിമാ ബീവി തയ്യാറായിരുന്നില്ല. അരനൂറ്റാണ്ടോളം മകന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ഇവർ. തന്റെ പ്രാർത്ഥനയാണ് സജാദിനെ കണ്ടെത്താൻ സഹായിച്ചതെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഫാത്തിമാ ബീവി. ഇത്രയും കാലം രാവും പകലും എവിടെയാണെന്ന് പോലും അറിയാതെ ആധിയോടെയായിരുന്നു കാത്തിരിപ്പ്. അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പാണ് ശനിയാഴ്ച വിരാമമായത്.
ന്യൂസ് ഡെസ്ക്