- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേർത്തലയിൽ പട്ടാപ്പകൽ വീട്ടിൽ കയറി കവർച്ച; യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി താക്കോലെടുപ്പിച്ച് ലോക്കർ തുറന്നു; കവർന്നത് നാലുപവന്റെ സ്വർണമാല; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
ചേർത്തല: പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി നാലുപവന്റെ സ്വർണമാല കവർന്നു. ചേർത്തല നഗരസഭ 34-ാം വാർഡ് കുറ്റിക്കാട്കവല മാച്ചാന്തറ സജീവിന്റെ മകൾ അനന്തലക്ഷ്മിയെ ആണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്.
അനന്ത ലക്ഷ്മിയുടെ അമ്മൂമ്മ ബേബി കുളിക്കാനായി പോയ സമയത്താണ് അപ്രതീക്ഷിതമായി ഗേറ്റ് തുറന്നു വീട്ടിലേക്കു ഒരാൾ കയറിയത്. കറുത്ത പാന്റും നീല ഷർട്ടും ധരിച്ച മെലിഞ്ഞ ശരീരമുള്ളയാൾ മാസ്‌കും ധരിച്ചിരുന്നു. സ്വീകരണമുറിയിൽ ഇരിക്കുകയായിരുന്ന അനന്തലക്ഷ്മിക്കു നേരെ കത്തിവീശിയ ശേഷം യുവതിയെ ഭിത്തിയിൽ ചാരി നിർത്തി ഇയാൾ ഭീഷണി മുഴക്കി.
കത്തികാട്ടി കിടപ്പുമുറിയിലെത്തിച്ച ശേഷം അലമാര തുറക്കാനാവശ്യപ്പെട്ടു. അലമാരയിലെ വസ്ത്രങ്ങളെല്ലാം വലിച്ചിട്ട ശേഷം അക്രമി കുട്ടിയെകൊണ്ടു ലോക്കറിന്റെ താക്കോലെടുപ്പിച്ച ശേഷം ലോക്കർ തുറന്ന് നാലുപവൻ വരുന്ന മാല കൈക്കലാക്കുകയായിരുന്നു. ശേഷം തിരികെ പുറത്തേക്കു നടക്കുമ്പോൾ മോഷ്ടവിന്റെ കൈകളിൽ നിന്നും മാലപിടിച്ചുവാങ്ങാൻ അനന്തലക്ഷ്മി ശ്രമിച്ചെങ്കിലും ചെറിയൊരു ഭാഗംമാത്രമാണ് കിട്ടിയത്. ബാക്കിഭാഗവുമായി ഇയാൾ കടന്നു.
അപ്രതീക്ഷിതമായ അക്രമത്തിൽ ഭയന്നുപോയതിനാൽ ഒച്ചവെക്കാൻ പോലുമായില്ലെന്നു ബി.ബി.എ വിദ്യാർത്ഥിനിയായ അനന്തലക്ഷ്മി പറഞ്ഞു. കുളികഴിഞ്ഞ് അമ്മുമ്മയെത്തുമ്പോഴേക്കും മോഷ്ടാവു കടന്നിരുന്നു. ഇതിനുശേഷമാണ് അമ്മുമ്മയോടു വിവരങ്ങൾ പറഞ്ഞതും സമീപവാസികൾ വിവരം അറിയുന്നത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുയായിരുന്നു.
പൊലീസ് പരിശോധനക്കിടെ സംശയാസ്പദമായ തരത്തിൽ കണ്ടയാളെ പിടികൂടി വീട്ടിലെത്തിച്ചെങ്കിലും അയാളല്ലെന്നു തിരിച്ചറിഞ്ഞതോടെ വിട്ടയച്ചു. സംഭവത്തിൽ ഫോൺ രേഖകളും ലൊക്കേഷനും അടക്കം എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം നടക്കുയാണ്. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നു ചേർത്തല സ്റ്റേഷൻ ഓഫീസർ പി. ശ്രീകുമാർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ