ന്യൂഡൽഹി: ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ അയൽവാസി കുത്തിക്കൊന്നു. ഡൽഹി സ്വദേശിയായ സാ​ഗർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ ഛത്തർപൂർ മെട്രോ സ്‌റ്റേഷന് സമീപം തിങ്കളാഴ്ചയാണ് സംഭവം. അയൽവാസി സുരേന്ദറാണ് സാഗറിനെ കുത്തിക്കൊന്നത്. സുരേന്ദർ ഭാര്യയോട് മോശമായി പെരുമാറിയത് സാഗർ ചോദ്യം ചെയ്തു. വഴക്ക് അടിപിടിയിൽ കലാശിച്ചു. സാഗർ സുരേന്ദറിനെ മർദ്ദിച്ചു. ഇതിനെ തുടർന്ന് ഉണ്ടായ വാക്കേറ്റത്തിൽ പ്രകോപിതനായ സുരേന്ദർ സാഗറിന്റെ കഴുത്തിൽ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ആക്രമണത്തിന് മൂന്ന് ദിവസം മുൻപ് യുവാവ് അയൽവാസിയെ മർദ്ദിച്ചിരുന്നു. തുടർന്ന് നടന്ന രൂക്ഷമായ വാക്കേറ്റത്തിൽ പ്രകോപിതനായ അയൽവാസി ഭർത്താവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്ന് ദിവസം മുൻപാണ് സാഗറിന്റെ ഭാര്യയോട് സുരേന്ദർ മോശമായി പെരുമാറിയത്. മദ്യലഹരിയിലായിരുന്ന സുരേന്ദർ സാഗറിന്റെ ഭാര്യയുടെ മുൻപിൽ വീണു. ഭാര്യ ഒച്ചവച്ചതിനെ തുടർന്ന് ഓടിയെത്തിയ സാഗർ ഭാര്യയെ രക്ഷിച്ചു. തുടർന്ന് പ്രതിയെ മർദ്ദിക്കുകയായിരുന്നു.