ഹൊസൂർ: ഒപ്പം ബസിൽ യാത്ര ചെയ്ത സുഹൃത്ത് മരിച്ചതിനെ തുടർന്ന് മധ്യവയസ്‌കനെ ബസ് കണ്ടക്ടർ വഴിയിൽ ഇറക്കി വിട്ടു. വഴിയിൽ മൃതദേഹവുമായി മറ്റുള്ളവരുടെ സഹായം കാത്തു ഇയാൾ നിന്നത് മൂന്ന് മണിക്കൂർ. ഒടുവിൽ പൊലീസ് എത്തിയാണ് ആമ്പുലൻസ് ഏർപ്പാടാക്കി നൽകിയത്. കർണാടകയിലെ ഹൊസൂരിലാണ് സംഭവം.

ബംഗളുരുവിൽ നിന്ന് തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് വീരൻ (54) എന്നയാൾ മരിച്ചത്. തുടർന്ന് ഒപ്പം യാത്ര ചെയ്തിരുന്ന രാധാകൃഷ്ണനെ വീരന്റെ മൃതദേഹവുമായി ബസിൽ നിന്നും ഇറക്കിവിടുകയായിരുന്നു. സുഹൃത്തിന്റെ മൃതദേഹവുമായി വഴിയരുകിൽ നിന്ന് സഹായം അഭ്യർത്ഥിക്കുന്ന രാധാകൃഷ്ണന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ബംഗളൂരുവിൽ നിന്ന് തിരുവണ്ണാമലയിലേക്കുള്ള ബസിൽ കയറുമ്പോൾ തന്നെ ഇയാൾ ക്ഷീണിതനായിരുന്നു. ഇതേ തുടർന്ന് ബസിലെ സീറ്റിൽ കിടക്കുകയായിരുന്നു ഇയാൾ. യാത്രാ മധ്യേ ഇയാൾ മരിക്കുകയും ചെയ്തു. ക്ഷീണം കാരണം ഉറങ്ങുകയാണെന്നാണ് മറ്റുള്ളവർ കരുതിയത്.
ഹൊസൂരിലെ സൂളഗിരിയിൽ എത്തിയപ്പോൾ മറ്റ് യാത്രക്കാർക്ക് കൂടി ഇരിക്കുന്നതിന് വീരനെ എഴുന്നേൽപ്പിക്കാൻ രാധാകൃഷ്ണൻ ശ്രമിച്ചു. അപ്പോഴാണ് ഇയാൾ മണിക്കൂറുകൾക്ക് മുന്നേ തന്നെ മരിച്ചതായി മനസ്സിലാകുന്നത്.

തുടർന്ന് മൃതദേഹവുമായി യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് കണ്ടക്ടർ ഇയാളെ വഴിയരികിൽ ഇറക്കി വിടുകയായിരുന്നു. ടിക്കറ്റ് പണം പോലും തിരികെ നൽകാൻ കണ്ടക്ടർ തയ്യാറായില്ല, തർക്കത്തിനൊടുവിലാണ് ഈ പണം തിരികെ നൽകാൻ ഇയാൾ തയ്യാറായത്. സുഹൃത്തിന്റെ മൃതദേഹവുമായി പെരുവഴിയിൽ ഇറങ്ങേണ്ടി വന്ന രാധാകൃഷ്ണൻ മൂന്ന് മണിക്കൂറാണ് മറ്റുള്ളവരുടെ സഹായം അഭ്യർത്ഥിച്ചത്. എന്നാൽ ആരും ഇവരെ സഹായിക്കാൻ തയ്യാറായില്ല.

ഒടുവിൽ ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ എത്തി പൊലീസിനെ വിവരം അറിയിക്കുകയുംച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ആംബുലൻസ് സൗകര്യം ഏർപ്പാട് ചെയ്ത് നൽകി. മരണ കാരണം വ്യക്തമല്ല.