ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വസതിയിൽ സുരക്ഷാ വീഴ്ച. അജിത് ഡോവലിന്റെ വസതിയിലേക്ക് അജ്ഞാതൻ കാർ ഓടിച്ചുകയറ്റാൻ ശ്രമിച്ചു. ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് രാവിലെയാണ് സംഭവം. അജിത് ഡോവലിന്റെ വസതിക്ക് മുന്നിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കാർ തടഞ്ഞത്.

തന്റെ ശരീരത്തിൽ മറ്റൊരാൾ ചിപ്പ് ഘടിപ്പിച്ചതായും അതാണ് തന്നെ നിയന്ത്രിക്കുന്നതെന്നും ചോദ്യം ചെയ്യലിൽ അജ്ഞാതൻ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തിരിച്ചറിഞ്ഞതെന്നാണ് വിവരം.

അജിത് ഡോവലിന് ഇസഡ് കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. വസതി സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തിലാണ്. മാനസിക വെല്ലുവിളികൾ നേരിടുന്നയാൾ അജിത് ഡോവലിന്റെ വസതിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചതായാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

അജ്ഞാതൻ ഒന്നിലധികം പരാതികൾ നൽകിയിട്ടുണ്ട്. ഇതിന്റെ ഫോളോഅപ്പിന്റെ പേരിലാണ് അജിത് ഡോവലിനെ കാണാൻ ഇയാൾ വന്നതെന്നുമാണ് റിപ്പോർട്ടുകൾ. സംഭവ സമയത്ത് അവധിയിലായതിനാൽ അജിത് ഡോവൽ വീട്ടിൽ ഉണ്ടായിരുന്നു. സംഭവത്തെ കുറിച്ച് സ്പെഷ്യൽ സെൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.