കൊച്ചി: സോഷ്യൽ മീഡിയയിൽ സ്ത്രീകളെ അധിക്ഷേപിക്കുന്ന കമന്റുകളിട്ടതിന്റെ പേരിൽ തിരുവനന്തപുരം പാറശ്ശാല സ്വദേശി പൊലീസ് പിടിയിലായതിനെ തുടർന്നുണ്ടായ ഫേസ്‌ബുക്ക് പൊങ്കാലകൾക്ക് അവസാനമില്ല. സ്ത്രീത്വത്തെ അപമാനിക്കുന്നതിന് എതിരെ പരാതി നൽകിയ യുവതിയുടെയും കൂട്ടുകാരികളുടെയും വാളിൽ കലിയടങ്ങാതെ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും തെറിവിളി പെരുകുകയാണ്. യുവതികൾ ഫേസ്‌ബുക്കിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതും ചില ചിത്രങ്ങൾ പോസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്നാണ് ആദ്യം ചേരിതിരിഞ്ഞുള്ള ചർച്ച ഉണ്ടായത്. പിന്നാലെ തെറിവിളികളും അധിക്ഷേപങ്ങളും പെരുകുകയായിരുന്നു. ഇതിന് ഒടുവിലാണ് വിഷയം പൊലീസിലേക്ക് നീങ്ങുന്നതും പരാതിയിൽ ഒരു യുവാവിനെ അറസ്റ്റു ചെയ്യുന്നതും. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് അമർജിത്തിനെ അറസ്റ്റെന്നാണ് കൊച്ചി സെൻട്രൻ പൊലീസ് മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്.

എറണാകുളം സ്വദേശിനിയായ യുവതിയുടെ ഫെയ്‌സ് ബുക്ക് ഫ്രണ്ട് ആയതിനുശേഷം യുവതി തന്റെ അക്കൗണ്ടിൽ ഇട്ട പോസ്റ്റിനെ ചോദ്യം ചെയ്യുകയും തുടർന്ന് അശ്ലീല ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്യുകയും സ്ത്രീകളെ മൊത്തത്തിൽ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുകയും, ഇത് ചോദ്യം ചെയ്ത യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ തിരുവനന്തപുരം, പാറശാല പുത്തൻവീട്ടിൽ അമർജിത്തനെയാണ് പൊലീസ് പിടികൂടിയത്. ദിയ സന എന്ന വ്യക്തി നൽകിയ പരാതിയിലാണ് അമർജിത്തിനെ അറസ്റ്റ് ചെയ്തത്.

വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തെറിവിളികൾ ഇപ്പോഴും കൊഴുക്കുന്നത്. ഈ വ്യാജ പ്രചരണങ്ങൾക്ക് പിന്നിൽ അമർജിത്താണെന്ന് ബോധ്യമായതോടെയാണ് അറസ്‌റ്റെന്നാണ് പൊലീസ് പറയുന്നത്. അതേസമയം അമർജിത്ത് മാത്രമല്ല, കുറ്റക്കാരെന്നും രണ്ട് പക്ഷവും ഇതിൽ കുറ്റക്കാരെന്നുമാണ് മറുവാദം. അമർജിത്തിനൊപ്പം പ്രവാസികളടക്കമുള്ളവരുടെ സംഘം തന്നെ ഉൾപ്പെട്ടിച്ചുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിരന്തരമായി വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ഇവർക്കെതിരെ തെറിവിളികളുടെ ബഹളമാണ്. എന്നാൽ തന്റെ മതവിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ട ചില സ്ത്രീകളോട് ഇതിനെതിരായ പ്രതിഷേധം രേഖപ്പെടുത്തുക മാത്രമാണുണ്ടായതെന്നാണ് അറസ്റ്റിലായ അമർജിത്തിന്റെ വിശദീകരണം.

ഫേസ്‌ബുക്ക് പേജ് ഉപയോഗിച്ച് അമർജിത് സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം നടത്തുകയായിരുന്നെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. അമർജിത്തിന്റെ പേജിൽ നിന്ന് തുടർച്ചയായി അശ്ലീല സന്ദേശങ്ങളെത്തുന്നെന്ന പരാതി ദിയ സന നൽകിയതിനെതുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഫേസ്‌ബുക്ക് ചാറ്റിൽ അശ്ലീലം വിളമ്പിയ ചെറുപ്പക്കാരന്റെ ചാറ്റ് സ്‌ക്രീൻഷോട്ടുകൾ ദിയ വാളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് കിങ്ങേഴ്‌സ് എന്ന ഗ്രൂപ്പിൽ നിന്നും അലവലാതി ഷായി എന്ന ഫേക്ക്‌ഐഡിയിൽ നിന്നും തെറിവിളികൾ വന്നുകൊണ്ടിരുന്നു.

പോസ്റ്റിൽ തന്നെ അനുകൂലിച്ച് സംസാരിച്ച രഹനാ ഫാത്തിമയ്ക്കും നേരെ സൈബർ ആക്രമണം ഉണ്ടായതായും ദിയ സന പറയുന്നു. ഇരുവരുടേയും ഫോട്ടോകൾ മോർഫ് ചെയ്തു മറ്റു ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുന്നത് പതിവാക്കിയ ഫേക്ക് ഐഡി സംഘം ഫോൺ നമ്പർ തപ്പിപ്പിടിച്ച് തെറിവിളിക്കാനും തുടങ്ങി. ഇക്കാര്യങ്ങൾക്ക് നേതൃത്വം നൽകിയത് അമർജിത്ത് രാധാകൃഷ്ണനാണെന്ന് പിന്നീട് മനസ്സിലായിയെന്നും ദിയ പറയുന്നു. സ്ഥിരമായി തെറിവിളിയും അപമാനിക്കലും പതിവായതോടെ ഞങ്ങൾ നിയമനടപടിക്ക് ഒരുങ്ങി.

ഫേക്ക്‌ഐഡികൾ ഉപയോഗിച്ചുമുള്ള നീക്കമായിരുന്നതിനാൽ പൊലീസിന് പ്രതികളെ കണ്ടെത്താനായില്ല. സുഹൃത്തുക്കൾ ചേർന്നാണ് പെൺതെരുവ് എന്ന പ്രതിഷേധ പരിപാടി നടത്തിയത്. സ്ത്രീത്വത്തെ സൈബിറിടങ്ങളിൽ അപമാനിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് 'പെൺതെരുവ്' സംഘടിപ്പിച്ചത്. എന്നിട്ടും പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്നാണ് കളത്തിലിറങ്ങാൻ പെണ്ണുങ്ങൾ തന്നെ തീരുമാനിച്ചത്.

സൗഹൃദം ഭാവിച്ച് അമർജിത്തുമായി ചാറ്റ് ചെയ്തു. ചാറ്റിൽ വിശ്വാസം തോന്നിയ അമർജിത്ത് നേരിട്ട് കാണാമെന്ന് സമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എറണാകുളം റെയിൽവേ സ്റ്റേഷനിലെത്താൻ അമർജിത്തിനോട് ആവശ്യപ്പെട്ടു. നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ അമർജിത്തിനെ പരാതിക്കാരികളെല്ലാം ചേർന്ന് കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിലേൽപ്പിച്ചത്. സോഷ്യൽ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിക്കുക, പിന്തുടർന്ന് ശല്യം ചെയ്യുക, വധഭീഷണി എന്നീ വകുപ്പുകൾ പ്രകാരമാണ് അമർജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് എറണാകുളം സെൻട്രൽ പൊലീസ് പറഞ്ഞു. അമർജിത്തിനെതിരെ എറണാകുളത്ത് മാത്രമായി എട്ടോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം അമർജിത്തിന്റെ അറസ്‌റ്റോടെയും സൈബർ ലോകത്തെ തെറിവിളികൾക്ക് കുറവില്ല. സ്വതന്ത്രമായ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിൽ ഫെമിനിസ്റ്റ് ആശയം പുലർത്തുന്ന രണ്ട് ദിയയുടെയും രഹനയുടെയും ഫേസ്‌ബുക്ക് പേജുകളിൽ തെറിവിളികളുടെ ബഹളമാണ് ഇപ്പോൾ നടക്കുന്നത്. മുമ്പ് ചുംബന സമരത്തിന്റെ സംഘാടകരായ കിസ് ഓഫ് ലവിന്റെ പ്രവർത്തകരായിരുന്നു രണ്ടു പേരും. ഇതിന്റെ പേരിൽ കൂടിയാണ് ഒരു വിഭാഗം ആളുകൾ ഇരുവർക്കുമെതിരെ കടുത്ത അധിക്ഷേപം ചൊരിയുന്നത്. സദാചാരം പഠിപ്പിക്കാൻ വരുന്നവർക്കെതിരെ രൂക്ഷമായ ശൈലിയാണ് രണ്ട് യുവതികളും സ്വീകരിച്ചിരുന്നത്. ഇതിന്റെ പേരിലാണ് രണ്ട് പേരെയും തെറിവിളിക്കാൻ ഒരു കൂട്ടർ മത്സരിച്ച് രംഗത്തിറങ്ങിയത്.

അതേസമയം സന്തോഷ് പണ്ഡിറ്റിനെ ഫൽവേഴ്‌സ് ചാനലിന്റെ പരിപാടിക്കിടയിൽ അപമാനിച്ചെന്ന് ആരോപിച്ച് മിമിക്രി, സിനിമ താരം ഏലൂർ ജോർജിനെ അധിക്ഷേപിക്കുന്ന വിധത്തിൽ ഫേസ്‌ബുക്കിൽ അസഭ്യം പറഞ്ഞതും അമർജിത്താണെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയ്‌ക്കൊപ്പം നിൽക്കുന്ന ഫോട്ടോയുടെ കീഴിൽ കമന്റിട്ടതിന് ഏലൂർ ജോർജിന്റെ പരാതിയിലാണ് ഏലൂർ പൊലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പാറശാല പുത്തൻവീട്ടിൽ അമർജിത്ത് രാധാകൃഷ്ണനെതിരേ പൊലീസ് കേസെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കവേയാണ് കൊച്ചിയിൽ അറസ്റ്റിലായ അമർജിത്ത് തന്നെയാണ് ജോർജ്ജിനെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയതെന്ന് വ്യക്തമായതും.