- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമർശനം കടുത്തപ്പോൾ തൊഴിലാളി യൂണിയനുകളും ഒപ്പമെത്തി; അനധികൃത സ്ഥലംമാറ്റം പിൻവലിച്ച് വനിതാ ജീവനക്കാരെ തിരിച്ചെടുക്കാൻ ഒരുങ്ങി കല്യാൺ സാരീസ് മാനേജ്‌മെന്റ്; മുഖ്യധാരാ മാദ്ധ്യമങ്ങൾ മുക്കിയ 'ഇരിക്കൽ സമരം' ഒടുവിൽ വിജയിക്കുന്നു
തൃശ്ശൂർ: കൈയിൽ കാശുണ്ടെങ്കിൽ മാദ്ധ്യമങ്ങളെ കോടികൾ നൽകി വിലയ്‌ക്കെടുത്തും എന്ത് തോന്നിവാസവും ആകാമെന്ന ധാർഷ്ട്യത്തിന് ഒരിക്കൽ കൂടി തിരിച്ചടിയേറ്റു. മുഖ്യധാരാ മാദ്ധ്യമങ്ങൾ ഒന്നടക്കം അവഗണിച്ചിട്ടും സൈബർ ലോകത്തിന്റെ പിന്തുണയോടെ കല്യാൺ സാരീസിലെ വനിതാ ജീവനക്കാർ നടത്തുന്ന ഇരിക്കൽ സമരം വിജയത്തിലേക്ക് നീങ്ങുന്നു. ആം ആദ്മി പാർട്ടിയു
തൃശ്ശൂർ: കൈയിൽ കാശുണ്ടെങ്കിൽ മാദ്ധ്യമങ്ങളെ കോടികൾ നൽകി വിലയ്‌ക്കെടുത്തും എന്ത് തോന്നിവാസവും ആകാമെന്ന ധാർഷ്ട്യത്തിന് ഒരിക്കൽ കൂടി തിരിച്ചടിയേറ്റു. മുഖ്യധാരാ മാദ്ധ്യമങ്ങൾ ഒന്നടക്കം അവഗണിച്ചിട്ടും സൈബർ ലോകത്തിന്റെ പിന്തുണയോടെ കല്യാൺ സാരീസിലെ വനിതാ ജീവനക്കാർ നടത്തുന്ന ഇരിക്കൽ സമരം വിജയത്തിലേക്ക് നീങ്ങുന്നു. ആം ആദ്മി പാർട്ടിയുടെ പിന്തുണയോടെ ആരംഭിച്ച സമരത്തിന് പിന്തുണയേക്ക് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ തൊഴിലാളി പ്രസ്ഥാനങ്ങൾ എത്തിയതോടെയാണ് മാനേജ്‌മെന്റ് ഒത്തുതീർപ്പിന് തയ്യാറായി രംഗത്തെത്തിയത്.
രാവന്തിയോളം നിൽക്കുന്ന തൊഴിലാളികൾ നടത്തുന്ന ഇരിക്കൽ സമരത്തിന് പിന്തുണയേറിയതോടെ സ്ഥലമാറ്റ നടപടി പിൻവലിച്ച് 6 സ്ത്രീ തൊഴിലാളികളെ തിരിച്ചെടുക്കാൻ മാനേജ്‌മെന്റ് ഏതാണ്ട് തയ്യാറായിരിക്കുന്നതായാണ് അറിയുന്നത്. മറ്റ് ജില്ലകളിലെ ഷോറൂമുകളിലേക്ക് മാറ്റില്ലെന്ന ഉറപ്പിൽ ഇവരെ തിരിച്ചെടുക്കാനാണ് നീക്കമെന്നാണ് അറിയുന്നത്. ഇതം സംബന്ധിച്ച തീരുമാനത്തെ കുറിച്ചുള്ള കത്ത് കൈമാറാമെന്ന് കല്യാൺ മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ടെന്ന് എ.എം ടി.യു നേതാവ് ലിജു കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
പ്രമുഖ പത്രങ്ങളും, ചാനലുകളും തിരസ്‌കരിച്ച കല്യാൺ സമരം മറുനാടൻ മലയാളിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഇത് സൈബർ ലോകത്തിന്റെ പ്രതിഷേധമായി രൂപം മാറുകയായിരുന്നു. ഇതോടെ മറ്റു ഓൺലൈൻ പത്രങ്ങളും സമരം ഏറ്റെടുത്തു. തൊഴിലാളി സമരത്തിന് പിന്തുണയുമായി ഫെയ്‌സ് ബുക്കിൽ ഉൾപ്പടെയുള്ള കൂട്ടായ്മയും രൂപപ്പെട്ടു. ചെറിയ സമരമായിട്ടുകൂടി സമരം പൊതുജന ശ്രദ്ധ നേടിയതോടെ അതുവരെ പുലർത്തിവന്ന മൗനം വെടിഞ്ഞ് തൊഴിലാളി സംഘടനകളും കഴിഞ്ഞ ദിവസം പിന്തുണയുമായി എത്തിയിരുന്നു. സിഐടിയു ജില്ലാ പ്രസിഡന്റ് എം.എ. ഡേവിസ്, എഐടിയുസി ജില്ലാ സെക്രട്ടറി ടി.ജി.മോഹനൻ, സംവിധായകൻ പ്രിയനന്ദനൻ, കെ.വേണു, സാറാ ജോസഫ്, ഗ്രോവാസു തുടങ്ങിയ പ്രമുഖർ ഐക്യദാർഢ്യ കൺവെൻഷനിൽ പങ്കെടുത്തിരുന്നു.
ആദിവാസി ഗോത്രസഭ നേതാവ് സി കെ ജാനു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കൺവെൻഷൻ പൂർണ്ണമാകും വരെ മുഖ്യധാര തൊഴിലാളി നേതാക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാൽ ബി എം എസ് നേതാക്കളാരും ഐക്യദാർഢ്യ കൺവെൻഷന് എത്തിയില്ല. തൊഴിലാളികളുടെ ആവശ്യങ്ങൾ മാനേജ്‌മെന്റ് ഏതാണ്ട് അംഗീകരിച്ചെങ്കിലും കൃത്യമായ കരാർ ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ തയ്യാറാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കാൻ ഒരുങ്ങുകയാണ് കല്യാൺ സാരീസ് മാനേജ്‌മെന്റ്.
തൊഴിലാളികൾക്കായി സംഘടന രൂപീകരിക്കാൻ നീക്കം നടത്തുന്നു എന്ന സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ 6 സ്ത്രീ തൊഴിലാളികളെയാണ് കല്ല്യാൺ സ്ഥലം മാറ്റിയത്. തൃശൂരുള്ള ഇവരോട് തിരുവനന്തപുരം, കണ്ണൂർ ഓഫീസിലേക്കാണ് ഇവരെ അടിയന്തിരമായി സ്ഥലം മാറ്റി ഉത്തരവായത്. സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ തൃശൂർ സ്വദേശികളായ പത്മിനി, മായ, ദേവി, രജനി, ബീന, അൽഫോൻസ എന്നിവരോടാണ് മാനേജ്‌മെന്റ് പ്രതികാര നടപടിയെടുത്തത്. തുടർന്നായിരുന്നു ഇവർ സമരരംഗത്തേക്ക് നീങ്ങിയത്. സമരത്തിന് പൂർണ്ണപിന്തുണയുമായി ആം ആദ്മി പാർട്ടി തൃശൂർ ഘടകമായിരുന്നു ആദ്യം മുതൽ രംഗത്തെത്തിയത്.
കല്യാൺ സാരീസ് മാനേജ്‌മെന്റ് സ്ഥലംമാറ്റം പിൻവലിച്ച് കൊണ്ട് കൈമാറുന്ന കത്ത് വിശദമായി പഠിച്ചശേഷം മാത്രമേ സമരം പിൻവലിക്കുന്ന തീരുമാനമെടുക്കുകയുള്ളൂ എന്നാണ് സമരക്കാർ നൽകുന്ന സൂചന. എന്തായാലും ഇരിക്കൽ സമരം അവസാനിക്കുന്നതോടെ നവരാഷ്ടീയം ഉയർത്തിവിട്ട ജനകീയ സമരം ഒന്നുകൂടി വിജയിച്ചതായി കണക്കാക്കാൻ സാധിക്കും. മറുനാടൻ മലയാളിക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. ഒരൊറ്റ മാദ്ധ്യമം പോലും തൊടാത്തതിരുന്ന വിഷയം മറുനാടൻ കൈകാര്യം ചെയ്യുമെന്ന വിശ്വാസത്തോടെ ആം ആദ്മി പ്രവർത്തകർ സമീപിച്ചപ്പോൾ സമ്പൂർണ്ണ പിന്തുണ നൽകി ഒട്ടേറെ വാർത്തകൾ പ്രസിദ്ധീകരിച്ച് സോഷ്യൽ നെറ്റ് വർക്കിൽ ഇത് ചർച്ചയാക്കാൻ മറുനാടൻ മലയാളിക്ക് സാധിച്ചിരിക്കുന്നു. ജനകീയ സമരങ്ങൾക്ക് നേരെ മുഖ്യധാര മാദ്ധ്യമങ്ങൾ മുഖം തിരിച്ച് നിന്നാലും നവമാദ്ധ്യമങ്ങളുടെ ഇടപെടൽ വഴി അത് വിജയിപ്പിക്കാം എന്ന് പാഠമാണ് ഇത് ഉയർത്തുന്നത്.