കിളികൾ മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ചേക്കേറി പുതിയ കൂടു കൂട്ടുന്നതുപോലെ മനുഷ്യർ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ സ്വപ്‌നം കണ്ട് ലോകത്തിന്റെ പല കോണുകളിൽ തങ്ങളെ പറിച്ചു നടുന്നു. ചിലർ വേരുപിടിച്ച് പൂത്തുതളിർത്ത് പന്തലിച്ച് വടവൃക്ഷങ്ങളാകുന്നു. കുറേ കുട്ടിച്ചെടികൾക്ക് തണലായി, കിളികൾക്കും കുഞ്ഞുജീവികൾക്കും വീടായി സ്വജീവിതം അർത്ഥസംമ്പുഷ്ടമാക്കുന്നു. മറ്റു ചിലരാകട്ടെ പറിച്ചു നട്ട മണ്ണിൽ വേരുപിടിക്കാതെ ഒരു തളിരുപോലും മുളച്ചുപൊന്താതെ നാമാവശേഷരായി പോകുന്നു.

രണ്ട് ദശാബ്ദത്തിനു മുമ്പ് കേരളത്തിൽ വളർന്ന ശ്രീവേദിയെ ബഹ്‌റൈൻ അമ്പരപ്പിച്ചിരുന്നു. ഒരൊറ്റ ദിവസം കൊണ്ട് കണ്ടുതീർക്കാവുന്ന കാഴ്ചകളേ അവിടെയുള്ളൂ. ബഹ്‌റൈനിനെയും സൗദി അറേബ്യയേയും റോഡുമാർഗ്ഗം ബന്ധിപ്പിക്കുന്ന 25 കിലോമീറ്റർ നീളമുള്ള കിങ്ങ് ഫഹദ് കോസ്‌വേ വിദേശികളെ ആകർഷിക്കുന്ന ഈ പാലം 12 കിലോമീറ്ററോളം കടലിനു മുകളിലൂടെയാണ് കടന്നുപോകുന്നത് എന്ന പ്രത്യേകതയുള്ളതാണ്.

ബഹ്‌റൈനിലെ ജീവന്റെ മരമെന്ന് പേരിട്ടിരിക്കുന്ന ട്രീ ഓഫ് ലൈഫ് മറ്റൊരു ആകർഷണമാണ്. മണലാരണ്യത്തിന് നടുവിൽ നാനൂറോളം കൊല്ലമായി നിലകൊള്ളുന്ന ഈ വൃക്ഷത്തെ ഭാഗ്യവൃക്ഷമായി മലയാളികളും കരുതുന്നു. മുപ്പത്തിയാറ് ദ്വീപുകൾ കൂടിച്ചേർന്ന ഈ കൊച്ചു രാജ്യത്ത് കടലല്ലാതെ പിന്നെന്തു കാണാൻ. പൊതുവായി പറഞ്ഞാൽ കടൽ ഇവിടെ ശാന്തമാണ്. അരാദ്‌ഫോർട്ട്, റെഫഫോർട്ട്, ബഹ്‌റൈൻ ഫോർട്ട് ചരിത്ര സ്മാരകങ്ങളാണ്.

കത്ത് പാട്ടുകൾ അവയുടെ സാന്നിദ്ധ്യവും പ്രസക്തിയും ഇന്നത്തെ തലമുറയ്ക്ക് ഒട്ടും പരിചയം കാണില്ല. മൊബൈൽ ഫോണിന്റെ വരവോടെ കമ്മ്യൂണിക്കേഷൻ എളുപ്പമായി. പക്ഷേ, 1990 കൾ പ്രിയതമന്റെ താങ്ങും തണലും തലോടലുമൊക്കെ കത്തുകളിലൂടെ ഏറ്റുവാങ്ങിക്കൊണ്ട് ഗർഭകാലത്തെ പ്രയാസങ്ങൾ ഒറ്റയ്ക്കനുഭവിച്ച് കഴിഞ്ഞു കൂടേണ്ടി വന്ന പാവം ഭാര്യമാർ. ഇത്തരത്തിലുള്ള അനുഭവങ്ങളാകാം കത്ത് പാട്ടുകൾക്ക് തുടക്കം കുറിച്ചത് എന്നതാണ് വസ്തുത.

ബഹ്‌റൈനിൽ ഒരു സ്‌ക്കൂൾ അദ്ധ്യാപികയായി ജീവിതം ആരംഭിച്ച ശ്രീദേവി ചുരുങ്ങിയ സമയംകൊണ്ടുതന്നെ അംഗീകാരമുള്ള ശാസ്ത്ര അദ്ധ്യാപികയായി മാറി. ഒരു ദിനം ട്രാഫിക് ഒഫൻസിൽ പൊലീസ് പിടിയിലായി. വർക്ക് പെർമിറ്റിൽ അദ്ധ്യാപികയാണെന്നറിഞ്ഞപ്പോൾ 'യു ആർ എ ടീച്ചർ, ഡു നോട്ട് റിപ്പീറ്റ് ദ മിസ്‌റ്റേക്ക്' എന്നു പറഞ്ഞ് വെറുതെ വിട്ടു.

ഭാര്യയും ഭർത്താവും ഒരുപോലെ പ്രവാസ ജീവിതം നയിക്കേണ്ട അവസ്ഥയായിരുന്നു ശ്രീദേവിക്ക്. നാട്ടിൽ മുത്തശ്ശിയോടും മുത്തശ്ശനോടും ഒപ്പം താമസിച്ച് പഠിക്കുകയായിരുന്നു മകനും മകളും. ഇടയ്ക്ക് മകന് ഒരു ചെറിയ ആക്‌സിഡന്റ് പറ്റി. അതുകാരണം നാട്ടിൽ പോകാൻ തയ്യാറെടുത്ത ശ്രീേദവിക്ക് സുൽത്താന്റെ കൊട്ടാരത്തിൽ നിന്നും ഒരു അർജന്റ് കോൾ വന്നു. രാജാവിന്റെ പേഴ്‌സണൽ സെക്രട്ടറിയുടെ മകന്റെ അദ്ധ്യാപികയായിരുന്ന ശ്രീദേവിയെ സുൽത്താന്റെ കുട്ടികൾക്ക് അധികമായി ട്യൂഷൻ എടുക്കുവാനായി ചുമതലപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ആ കോൾ. ത്രിശങ്കുസ്വർഗ്ഗത്തിലായ ദമ്പതികൾ ഒടുവിൽ ഭർത്താവ് ലീവെടുത്ത് നാട്ടിൽപോയി മകനെ ശുശ്രൂഷിക്കുവാൻ തീരുമാനിച്ചു. സുൽത്താന്റെ പാലസുമായിട്ടുള്ള ബന്ധം ശ്രീദേവിക്ക് അളവറ്റ സന്തോഷവും സാമ്പത്തിക ഭദ്രതയും കൈവരിക്കുവാൻ ഇട നൽകി. ഇപ്പോൾ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സാമൂഹ്യ പ്രവർത്തനങ്ങളുമായി കഴിയുന്നു. സുൽത്താന്റെ കുഞ്ഞുങ്ങളെ പഠിപ്പിക്കുവാനുള്ള ഒരു അവസരം പിന്നീട് തന്റെ സാമൂഹ്യ സേവനങ്ങൾക്കുള്ള നിമിത്തമായി ശ്രീദേവി കാണുന്നു. സുൽത്താന്റെ ഭാര്യ വളരെ മതസഹിഷ്ണുതയും ലോക പരിജ്ഞാനവും അവശത അനുഭവിക്കുന്ന ജനതയോട് വളരെയേറെ അനുകമ്പയും ആർദ്രതയും കാണിക്കുന്ന മഹതിയുമായിരുന്നു. ഇപ്പോഴും ആ സുഹൃദ്ബന്ധം പവിത്രമായി സൂക്ഷിക്കുവാൻ കഴിയുന്നത് തന്നെ ഭാഗ്യമായി ശ്രീദേവി കാണുന്നു.