മാനന്തവാടിയിൽ 'ദൃശ്യം' മോഡലിൽ കൊലപ്പെടുത്തി പണിനടക്കുന്ന വീട്ടിനുള്ളിൽ കുഴിച്ചുമൂടിയത് തമിഴ്‌നാട് സ്വദേശിയെയെന്ന് കണ്ടെത്തി. ഉസലാംപെട്ടി സ്വദേശിയായ ആശൈ കണ്ണനെ (48) കൊന്നുകുഴിച്ചുമൂടുകയായിരുന്നു എന്നാണ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

എടവക പയിങ്ങാട്ടിരിയിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടത്. വീട്ടിൽ മദ്യലഹരിയിൽ എത്തി സ്ഥിരം പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ഭാര്യയെ മർദ്ദിക്കുകയും ചെയ്തിരുന്ന കണ്ണനെ മക്കൾതന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ ജോർജ്കുട്ടിയെന്ന കഥാപാത്രം നിർമ്മാണത്തിലിരിക്കുന്ന പൊലീസ് സ്റ്റേഷനുള്ളിൽ മൃതദേഹം കുഴിച്ചിട്ട കഥയോട് യോജിച്ചുപോകുന്ന രീതിയിലാണ് മാനന്തവാടിയിലും സംഭവം നടന്നത്. സമാന രീതിയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് മനുഷ്യശരീരം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. എടവക പൈങ്ങാട്ടിരി നല്ലൂർനാട് വില്ലേജ് ഓഫീസിന് എതിർവശത്ത് പണി നടക്കുന്ന വീട്ടിനുള്ളിൽ ചാക്കിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടത്.

കൊല്ലപ്പെട്ടയാൾ ആരാണെന്ന് തിരിച്ചറിയാൻ പോലും വിഷമിക്കും വിധമാണ് മൃതദേഹം കണ്ടത്. ഏകദേശം ഒരുമാസത്തെ പഴക്കവും ഉണ്ടായിരുന്നു. ചില സംശയങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് തമിഴ്‌നാട് സ്വദേശി ആശൈ കണ്ണന്റേതാണെന്ന രീതിയിൽ അന്വേഷണം നടന്നത്. ഇതോടെ ആശൈ കണ്ണന്റെ ഭാര്യ മണിമേഖലയും മകൻ ജയപാണ്ടിയും (വിഷ്ണു) ഇവിടെയെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹത്തിൽ കാണപ്പെട്ട വസ്ത്രങ്ങളിൽ നിന്നാണ് മരിച്ചത് കണ്ണനാണെന്ന നിഗമനത്തിൽ എത്തിയത്. കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മാനന്തവാടി തഹസിൽദാർ എൻ.ഐ ഷാജുവിന്റെ നേതൃത്വത്തിലാണ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ അസോ. പ്രൊഫസർ ഡോ. സുജിത്ത് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകളോളം പ്രാഥമിക പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റി.

മാനന്തവാടി പട്ടികവർഗ വികസന ഓഫിസിലെ ക്ലർക്ക് ജഗദീഷിന്റെ നിർമ്മാണത്തിലിരുന്ന വീട്ടിലാണ് ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ പിറകുവശത്തെ മുറിയിൽ ചാക്കിൽ കയറുകൊണ്ട് കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു ജഡം. അസഹ്യമായ ദുർഗന്ധം വന്നതോടെയാണ് മൃതദേഹം ഉണ്ടെന്ന സംശയമുണ്ടായതും പരിശോധന നടക്കുന്നതും. ഒരു പുരുഷന്റേതാണ് ജഡമെന്നും കൊല്ലപ്പെട്ടതാണെന്നും കൊലപാതകത്തിൽ ഒന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും ആയിരുന്നു പൊലീസിന്റെ പ്രാഥമിക സ്ഥിരീകരണം.

ഒരു മാസം മുമ്പ് ഈ മുറിയിലെ മണ്ണ് ഇളകിയ നിലയിൽ കണ്ടിരുന്നെങ്കിലും തൊഴിലാളികൾ അത് കാര്യമാക്കിയില്ല. ബുധനാഴ്ച വീടുപണിക്കെത്തിയ മണി എന്ന തൊഴിലാളി തറ നിരപ്പിൽ നിന്ന് മണ്ണ് താഴ്ന്ന നിലയിൽ കണ്ടതിനെ തുടർന്ന് കരാറുകാരനെ അറിയിക്കുകയും തുടർന്ന് മണ്ണ് മാറ്റി നോക്കുകയുമായിരുന്നു. ചാക്കിൽ കെട്ടി മണ്ണിനടിയിൽ താഴ്‌ത്തിയ മൃതദേഹത്തിനു മുകളിൽ ചെങ്കല്ല് കയറ്റി വച്ചിട്ടുണ്ടായിരുന്നു.

മാനന്തവാടി സിഐ പി.കെ. മണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും തൊഴിലാളികളിൽ നിന്ന് മൊഴി ശേഖരിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് മരിച്ചത് ആശൈ കണ്ണൻ എന്ന തമിഴ്‌നാട് സ്വദേശിയാണെന്ന നിലയിൽ അന്വേഷണം പുരോഗമിച്ചതും ഇയാളുടെ ഭാര്യയെയും മകനെയും വരുത്തി അക്കാര്യം സ്ഥിരീകരിച്ചതും.

മൃതദേഹം കുഴിച്ചു മൂടിയതിൽ ഒന്നിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് പൊലീസ് വിലയിരുത്തൽ. മറ്റെവിടെനിന്നെങ്കിലും കൃത്യം നടത്തിയ ശേഷം മൃതദേഹം ഇവിടെ കുഴിച്ചിട്ടതാണെന്നാണ് പൊലീസ് കരുതുന്നത്. വിദഗ്ധമായി തെളിവു നശിപ്പിച്ച് പൊലീസിനെ കബളിപ്പിക്കാനുള്ള ശ്രമമാണ് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മൃതദേഹം കുഴിച്ചു മൂടിയതിലൂടെ കൃത്യം നടത്തിയവർ ചെയ്തതെന്നു കരുതുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സംഭവവുമായി ബന്ധപ്പെട്ട് ആശൈ കണ്ണന്റെ മക്കൾ പൊലീസ് കസ്റ്റഡിയിലുള്ളതായാണ് സൂചന. മക്കൾ സുഹൃത്തുക്കളുടെ സഹായത്തോടെ കൃത്യം നടത്തിയെന്നാണ് പൊലീസ് അനുമാനം. എന്നാൽ അന്വേഷണണത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. മദ്യലഹരിയിൽ വീട്ടിലെത്താറാറുള്ള ആശൈ കണ്ണൻ ഭാര്യയെ മർദിക്കുന്നതും വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നതും പതിവായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.