മാനന്തവാടി: ഓരോ മഴപെയ്ത് തോരുമ്പോഴും വീട്ടുമുറ്റത്ത് നിന്നും ഒരു ലോഡിലധികം മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യേണ്ട അവസ്ഥയിലാണ് വയനാട് മാനന്തവാടിയിലെ ഒരു കുടുംബം. മാനന്തവാടി വിമലനഗർ പുളിക്കൽ കൊയ്‌പ്പുറത്ത് വീട്ടിൽ ജയനും കുടുംബവുമാണ് വർഷങ്ങളായി മഴക്കാലത്ത് ഈ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

വീടിന് മുന്നിലൂടെ കടന്നുപോകുന്ന മക്കിക്കൊല്ലി തവിഞ്ഞാൽ റോഡിന് സംരക്ഷണ ഭീത്തി കെട്ടാത്തതും ഓവുചാൽ നിർമ്മിക്കാത്തതുമാണ് ജയന്റെ ഈ ദുരിതത്തിന് കാരണം. മഴ പെയ്യുന്നതോടെ റോഡിൽ നിന്നുള്ള മലിനജലവും മണ്ണുമെല്ലാം ജയന്റെ വീട്ടുമുറ്റത്താണ് വന്നുചേരുന്നത്. ഇതിന് പുറമെ ഓരോ മഴക്കാലത്തും റോഡിന്റെ പാർശ്വങ്ങൾ ജയന്റെ വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞുവീഴുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽ മഴയിലും ഇത് ആവർത്തിച്ചു. വരുന്ന മഴക്കാലത്തിന് മുമ്പെങ്കിലും ഈ പ്രശ്നത്തിനൊരു പരിഹാരം കാണണെന്നാണ് ജയന്റെ ആവശ്യം.

ഈ പ്രശ്നം ചൂണ്ടിക്കാട്ടി പല തവണ പല അധികാര കേന്ദ്രങ്ങളിലും ഈ കുടുംബം പരാതി നൽകിയിരുന്നു. ദളിത് വിഭാഗത്തിൽ പെട്ട ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എസ് സി കമ്മീഷൻ എത്രയും പെട്ടെന്ന് റോഡിന് സംരക്ഷണ ഭിത്തികെട്ടുകയും ഓവുചാൽ നിർമ്മിക്കുകയും ചെയ്തുകൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് മാനന്തവാടി മുനിസിപ്പാലിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും എസ് സി കമ്മീഷന്റെ ഉത്തരവ് ഇതുവരെയും നടപ്പിലായിട്ടില്ല.

ജയനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പുറത്ത് പ്രദേശത്തെ ചില സിപിഐഎം പ്രവർത്തകർ മാനന്തവാടി നഗരസഭയുമായി ഇടപെട്ട് ഈ ഉത്തരവ് നടപ്പിലാക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു ജയൻ പറയുന്നു. എസ് സി കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാനന്തവാടചി നഗരസഭ മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് റോഡിന് സംരക്ഷണ ഭിത്തി കെട്ടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ചില പ്രാദേശിക സിപിഐഎം നേതാക്കൾ ഇടപെട്ട് മതിൽ കെട്ടാനുള്ള ഫണ്ട് ഒന്നര ലക്ഷം രൂപയായി കുറക്കുകയായിരുന്നു. ഒന്നര ലക്ഷം രൂപക്ക് ഇവിടെ മതിൽ നിർമ്മിക്കാൻ സാധിക്കില്ലെന്ന് കണ്ട് കാരാറുകാർ ആരും പ്രവർത്തി ഏറ്റെടുക്കുയും ചെയ്തില്ല.

അതേ സമയം ജയൻ റോഡ് കയ്യേറിയതാണെന്നും കയ്യേറിയ സ്ഥലത്ത് പൊതുഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടത്താനാകില്ലെന്നുമാണ് നഗരസഭയുടെ ഇപ്പോഴത്തെ നിലപാണ്. ജയൻ റോഡ് കയ്യെറിയതാണെന്ന് കാണിച്ച് പരിസരവാസികൾ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ജയന്റെ വീടിന് ഇരു വശങ്ങളിലും റോഡിന് 8 മീറ്റർ വിതിയുണ്ടെന്നും എന്നാൽ വീടിന് മുന്നിൽ ഏഴ് മീറ്റർ മാത്രമേ വീതിയൊള്ളൂ എന്നുമാണ് നഗരസഭ അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം നഗരസഭ അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തിട്ടുള്ളതായി മാനന്തവാടി നഗരസഭ സെക്രട്ടറി എസ് സി കമ്മീഷന് നൽകിയ മറുപടിയിൽ പറയുന്നു.

എങ്കിലും 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശത്തെ പ്രവർത്തികൾക്കായി ഒന്നര ലക്ഷം രൂപ അനുവദിച്ചിരുന്നതായും തുക അപര്യാപ്തമായതിനാൽ ടെന്ററിൽ ആരും ഈ പ്രവർത്തി ഏറ്റെടുത്തില്ലെന്നും മാനന്തവനാടി നഗരസഭ സെക്രട്ടറി എസ് സി കമ്മീഷന് നൽകിയ മറുപടിയിൽ പറയുന്നു.