- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ പൊന്നുമോളേ..' എന്ന് അലറിക്കരഞ്ഞ് അമ്മ; കണ്ണീരിൽ കുതിർന്ന 'സ്നേഹ സല്യൂട്ട്' നൽകി യാത്രയാക്കി വിമുക്തഭടൻ കൂടിയായ പിതാവ്; ഡോക്ടറായി തിരിച്ചുവരേണ്ട മിടുക്കിയുടെ മരവിച്ച ശരീരം കണ്ട് കണ്ണീരണിഞ്ഞ് നാട്ടുകാരും ബന്ധുക്കളും; മാനസയുടെ സംസ്ക്കാര ചടങ്ങിൾ നെഞ്ചുപൊട്ടുന്ന രംഗങ്ങൾ
കണ്ണൂർ: 'എന്റെ പൊന്നുമോളേ...' എന്ന ആർത്തനാദത്തിൽ കണ്ടു നിന്നവരുടെ നെഞ്ചു പൊട്ടുകയായിരുന്നു. വെള്ളത്തുണിയിൽ പൊതിഞ്ഞ് ഇന്ന് മാനസയുടെ ചലമനറ്റ മൃതദേഹം കണ്ണൂർ നാറാത്തെ വീട്ടിൽ എത്തിച്ചപ്പോഴാണ് അമ്മ സബിത സഹിക്കാൻ കഴിയാതെ പൊന്നുമോളെ വിളിച്ച് അലമുറയിട്ടത്. നാട്ടുകാരുടെ ഹൃദയം കലങ്ങുന്ന കാഴ്ച്ചകളായിരുന്നു നാറാത്തെ വീട്ടിൽ. ദുഃഖം ഉള്ളിലൊതുക്കാനാവാതെ പലരും വിങ്ങിക്കരഞ്ഞു.
കോതമംഗലത്ത് യുവാവ് വെടിവെച്ച് കൊന്ന കണ്ണൂർ നാറാത്തെ മാനസയുടെ മൃതദേഹം രാവിലെ ഏഴരയോടെയാണ് കണ്ണൂർ നാറാത്തെ വീട്ടിലെത്തിച്ചത്. അമ്മയ്ക്കും അടുത്തബന്ധുക്കൾക്കും അവസാന നോക്കിനായി അൽപസമയം വീട്ടിനുള്ളിൽ വെച്ചപ്പോൾ കൂട്ട നിലവിളിക്കായിരുന്നു ഒരു ഗ്രാമം സാക്ഷിയായത്. ഡോക്ടറായി തിരിച്ചുവരേണ്ട മോളുടെ മരവിച്ച ശരീരം കാണാനാവാതെ അമ്മ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. ഈ രംഗം കണ്ടുനിന്നവരുടെയും നെഞ്ചു പിടഞ്ഞു.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മാനസയുടെ ഭൗതിക ശരീരം പോസ്റ്റ്മോർട്ടത്തിന് ശേഷം കോതമംഗലത്തുനിന്നും കണ്ണൂരിലെത്തിയത്. തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് പൊതുദർശനത്തിനടക്കം വെച്ച മൃതദേഹം ഒമ്പതരയോടെ കണ്ണൂർ പയ്യാമ്പലത്തെ പൊതുശ്മാശനത്തിലെത്തിച്ച് സംസ്കരിച്ചു. 'സ്നേഹ' സാല്യൂട്ട് നൽകിയാണ് വിമുക്തഭടൻ കൂടിയായ മാധവൻ മകളെ യാത്രയാക്കിയത്. പിതാവിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും നാട്ടുകാരും.
സഹോദരൻ അശ്വന്ത് സംസ്കാര ചടങ്ങുകൾ നിർവഹിച്ചു. പെങ്ങൾക്ക് സംഭവിച്ച ദുരന്തം അശ്വന്തിനെയും ശരിക്കും ഉലച്ചിട്ടുണ്ട്. പ്രണയപ്പകയിൽ നീറുന്ന ഓർമയായി മാനസ ചിതയിൽ എരിഞ്ഞമരുകയാിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് മാനസക്ക് സംഭവിച്ച ദുരന്ത വാർത്ത കുടുംബാംഗങ്ങളും നാട്ടുകാരുമറിയുന്നത്. സംഭവമറിഞ്ഞയുടൻ മാനസയുടെ മാതാവ് സബീന തളർന്നുവീണിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടറും നഴ്സുമാരുമെത്തി പരിശോധന നടത്തി.
വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മന്ത്രി എം വി ഗോവിന്ദൻ, കെ.വി. സുമേഷ് എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, മേയർ ടി.ഒ. മോഹനൻ, സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജൻ, ബിജെപി ജില്ല പ്രസിഡന്റ് എൻ. ഹരിദാസ് എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.
മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്തു മരിച്ച രഖിലിന്റെയും മൃതദേഹം സംസ്കരിച്ചു. തലശ്ശേരി മേലൂരിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് വച്ചെങ്കിലും അധികം ആൾക്കൂട്ടം ഉണ്ടായിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇവിടെ എത്തിയിരുന്നത്. പിണറായി പന്തക്കപ്പാറ ശ്മശാനത്തിലാണ് സംസ്കരിച്ചത്. രാവിലെ ഒമ്പതരയോടെ പിണറായി പന്തക്കപ്പാറ വാതക ശ്മശാനത്തിലായിരുന്നു അന്ത്യകർമ്മങ്ങൾ നടത്തിയത്.
അതേസമയം ഈ കേസിൽ അവശേഷിക്കുന്നത് കൃത്യം നിർവഹിക്കാൻ രാഖിലിന് എവിടെ നിന്നാണ് തോക്ക് കിട്ടിയത് എന്നായിരുന്നു. ബിഹാറിൽ നിന്നാണ് തോക്ക് ലഭിച്ചതെന്ന കാര്യം ഉറപ്പായിട്ടുണ്ട്. രാഖിൽ തന്റെ കാർ വിറ്റത് തോക്കു വാങ്ങാൻ പണത്തിന് വേണ്ടിയാണെന്നാണ് സൂചനകൾ. തന്റെ കാർ വിറ്റതായി രഖിൽ പറഞ്ഞിരുന്നതായും എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അറിയില്ലെന്നും സുഹൃത്ത് ആദിത്യനും മറ്റുള്ളവരും മൊഴി നൽകിയിട്ടുണ്ട്. തോക്ക് കണ്ണുരിൽ നിന്നു വാങ്ങിയതല്ലെന്നു ഉറപ്പിക്കാൻ അന്വേഷണ സംഘം തിങ്കളാഴ്ച്ച കണ്ണൂർ കലക്ടറേറ്റിലെത്തി തോക്കു ലൈസൻസുള്ളവരുടെ ലിസ്റ്റ് പരിശോധിക്കും ഇതിനായി കലക്ടറുടെ അനുമതി തേടിയിട്ടുണ്ട്.
എന്നാൽ രാഹുൽ ബിഹാറിൽ നിന്നു തന്നെയാണ് തോക്ക് സംഘടിപ്പിച്ചതെന്ന നിഗമനത്തിന് തന്നെയാണ് അന്വേഷണ സംഘം മുൻതൂക്കം നൽകുന്നത്. രാഹുലിന്റെ ബിസിനസ് പങ്കാളി ആദിത്യൻ മറ്റു രണ്ടു സുഹൃത്തുക്കൾ എന്നിവർ നിരീക്ഷണത്തിലാണുള്ളത്. ഇതിൽ ആദിത്യന്റെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്റർനെറ്റ് മുഖേനെ തോക്ക് വാങ്ങാനുള്ള പദ്ധതി നടക്കില്ലെന്ന് കണ്ടപ്പോഴാണ് രഖിൽ മറ്റുവഴികൾ തേടിയത്.
ബിഹാറിലെ മാവോയിസ്റ്റ് പ്രദേശങ്ങളിൽനിന്നു തോക്ക് ലഭിക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ അവിടെ എത്തിയതെന്നാണു പൊലീസ് കരുതുന്നത്. 7.62 എംഎം പിസ്റ്റൾ ഉപയോഗിച്ചാണ് മാനസയെ കൊലപ്പെടുത്തിയത്. ആരിൽ നിന്നാണു പിസ്റ്റൾ വാങ്ങിയത്, ഇതിനായി എത്ര രൂപ ചെല വഴിച്ചു തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇതു ശേഖരിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ബിഹാറിലേക്ക് പോകുന്നത്. കഴിഞ്ഞ ജൂലൈ 12നാണ് രഖിൽ എറണാകുളത്തുനിന്നും ട്രെയിൻ മാർഗം' ബിഹാറിലേക്കു പോയതെന്നാണു കണ്ടെത്തിയിട്ടുള്ളത്. എട്ട് ദിവസത്തെ യാത്രയ്ക്കിടെ ഇയാൾ നാലിടത്തു താമസിച്ചതായും സൂചനയുണ്ട്.
തോക്ക് ഉപയോഗിച്ചു പരിചയമില്ലാത്ത രഖിൽ ഏറെ കൃത്യതയോടെയാണ് മാനസയ്ക്കുനേരേ രണ്ടുതവണ വെടിയുതിർക്കുകയും സ്വയം നിറയൊഴിക്കുകയും ചെയ്തെന്നാണു പൊലീ സിന്റെ കണ്ടെത്തൽ. തോക്ക് കൈവശമെത്തിയശേഷം രാഖിൽ വെടിയുതിർക്കുന്നതിൽ പരിശീലനം നേടിയിരിക്കാനുള്ള സാധ്യതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൃത്യത്തിനാവശ്യമായ പ്രാദേശിക പിന്തുണ ലഭിച്ചോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
മാനസയുമായി അകന്നശേഷവും ശല്യം രൂക്ഷമായതിനെത്തുടർന്നു മാനസയുടെ അച്ഛൻ രാഖിലിനെതിരേ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജൂലൈ ഏഴിന് രാഖിലിനെ കണ്ണൂർ ഡിവൈഎസ്പി പി.പി സദാനന്ദൻ വിളിപ്പിക്കുകയും താക്കീത് നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു ബിഹാർ യാത്ര. ബിസിനസ് ആവശ്യത്തിനായി ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നാണ് രഖിൽ വീട്ടുകാരോടു പറഞ്ഞിരുന്നത്.
പിസ്റ്റളുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എറണാകുളം റൂറൽ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവർ കണ്ണൂരിലെത്തി വീട്ടുകാരിൽനിന്നും സുഹൃത്തുക്കളിൽനിന്നും മൊഴിയെടുക്കും. രാഖിൽ പഠിച്ചത് ബംഗളൂരുവിലാണ്. ഇയാളുടെ യാത്രാവിവരങ്ങളും പരിശോധിച്ചു വരികയാണ്.
മറുനാടന് മലയാളി ബ്യൂറോ