തിരുവനന്തപുരം: പ്രണയ പകയിൽ രണ്ട് ജീവിതങ്ങൾ ഒറ്റ ദിവസം അവസാനിച്ചതിന്റെ ഞെട്ടലിലാണ് കേരളം. ബിഡിഎസ് ഹൗസ് സർജൻസി വിദ്യാർത്ഥിനി മാനസ തന്നെ തള്ളിപ്പറഞ്ഞത് രാഖിലിന് താങ്ങാൻ കഴിയുമായിരുന്നില്ല. താൻ പറഞ്ഞതെല്ലാം നുണയെന്ന് പെൺകുട്ടി മനസ്സിലാക്കിയതിന്റെ ജാള്യം വേറെ. എങ്ങനെയെങ്കിലും മാനസയുടെ മനസിൽ വീണ്ടും ഇടം പിടിക്കണമെന്ന മോഹത്തിൽ വേവലാതി പൂണ്ടുനടക്കുകയായിരുന്നു രാഖിൽ. പ്ലൈവുഡ് വ്യാപാരി എന്ന വ്യാജേന കോതമംഗലം നെല്ലിക്കുഴിയിൽ മാനസ താമസിക്കുന്ന വീടിന് 50 മീറ്റർ അകലെ മുറിയെടുക്കാൻ കാരണവും എങ്ങനെയെങ്കിലും ഒന്നിക്കണമെന്ന അരക്ഷിതമായ കാമുക മനസ്സായിരുന്നു.

പ്രണയനിയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന താൽപര്യത്തിൽ നെല്ലിക്കുഴിയിൽ മുറിയെടുക്കാൻ രാഖിൽ സഹായം ചോദിച്ചിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി. വാടകയ്ക്ക് മുറിയെടുത്ത് നൽകിയത് സുഹൃത്തായ ഹൻസീബാണ്. മാനസയുമായി തനിക്ക് ഏറെ നാളത്തെ ബന്ധമുണ്ടെന്നാണ് ഹൻസീബിനോട് രാഖിൽ പറഞ്ഞത്. എന്നാൽ, ഇൻസ്റ്റാഗ്രാം വഴി എട്ടുമാസത്തെ പരിചയം മാത്രമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. തനിക്ക് മാനസയെ വിട്ടുപിരിയാൻ പറ്റില്ലെന്നും നേരിട്ട് കണ്ട് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നമെന്നും രാഖിൽ വിശ്വസിച്ചിരുന്നു. എന്നാൽ കണ്ടയുടൻ നീ എന്തിനാണ് ഇവിടെ വന്നതെന്ന് മാനസ ദേഷ്യപ്പെട്ടതോടെ രാഖിലിന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. എന്നിരുന്നാലും തന്നെ മാനസ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് തന്റെ സഹായം ചോദിച്ചതെന്ന് ഹൻസീബ് പറയുന്നു്. ഇന്ദിര ഗാന്ധി കോളേജിനടുത്ത് മുറി വേണമെന്നായിരുന്നു ആവശ്യം. മുറിയെടുത്ത ശേഷവും രാഖിൽ തന്നോട് സംസാരിച്ചിരുന്നതായും ഹൻസീബ് പറഞ്ഞു.

അതേസമയം, രാഖിലിന്റെ അയൽവാസിയും മുൻ പഞ്ചായത്ത് മെമ്പറുമായ സുരേന്ദ്രന്റെ അഭിപ്രായപ്രകാരം രാഖിൽ ഒരു ഇൻട്രോവേർട്ടായിരുന്നു. ഉള്ളിലുള്ളത് പ്രകാശിപ്പിക്കാൻ പെട്ടെന്ന് കഴിയാത്ത ഉൾവലിഞ്ഞ പ്രകൃതം. ദീർഘകാലമായി രാഖിലിന്റെ കുടുംബത്തെ അറിയാമെങ്കിലും അമ്മവീട്ടിൽ നിന്നു വളർന്ന രാഖിലിനെ നാട്ടുകാർക്ക് പരിചയമുണ്ടായിരുന്നില്ല. അപൂർവ്വമായി മാത്രം വീട്ടിലെത്തിയിരുന്ന രാഖിലിന് മേലൂരിൽ സുഹൃത്തുകളില്ലായിരുന്നെന്നും സുരേന്ദ്രൻ പറയുന്നു. മാതാപിതാക്കളോടുപോലും അകലം പാലിക്കുന്ന രീതിയായിരുന്നു എന്നും അയൽവാസി പറഞ്ഞു.

'രാഖിലിന്റെ കുടുംബം 23 വർഷത്തോളമായി എന്റെ അയൽവാസികളാണെങ്കിലും യുവാവ് ഈ വീട്ടിലല്ല താമസിച്ചിരുന്നത്. രാഖിലിന്റെ മാതാപിതാക്കളുടെ വീടായ കണ്ണൂർ പള്ളിയാമലയിലെ വീട്ടിലാണ് യുവാവ് മിക്കവാറും താമസിച്ചിരുന്നത്. അടുത്ത കാലത്താണ് പഴയ ചെറിയ വീട് പുതുക്കി പണിതത് .അക്കാലത്ത് യുവാവിന്റെ അച്ഛൻ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. പിന്നീട് അമ്മയും സഹോദരനും വന്ന് താമസിക്കുകയായിരുന്നു. ഇതിനുശേഷം വളരെ അപൂർവ്വമായിട്ടാണ് രാഖിൽ മാതാക്കളുടെ കൂടെ താമസിച്ചിട്ടുള്ളത്. അതിനാൽ തന്നെ രാഖിലിനെ നാട്ടുകാർക്കൊന്നും അറിയില്ല. മേലൂർ പ്രദേശത്തെ മറ്റ് ചെറുപ്പക്കാരുമായി രഖിലിന് സൗഹൃദമുണ്ടായിരുന്നില്ല. ചെറുപ്പം മുതൽ പഠിച്ചതും വളർന്നതും അവിടെയായിരുന്നതിനാൽ തന്നെ പള്ളിയാമലയിലാണ് രാഖിലിന് സുഹൃത്തുക്കളും ബന്ധങ്ങളുമുള്ളത്. രാഖിലിന്റെ ഇളയ സഹോദരൻ മറ്റുള്ളവരുമായി ഇടപെടുന്ന സ്വഭാവമായിരുന്നെങ്കിലും രാഖിലിന്റേത് ഉൾവലിഞ്ഞ സ്വഭാവമായിരുന്നു. കാഴ്ചയ്ക്കും പെരുമാറ്റത്തിലും വളരെ സൗമ്യനാണെങ്കിലും യുവാവിന്റെ രീതികളെക്കുറിച്ച് നാട്ടുകാർക്ക് സംശയമുണ്ടായിരുന്നു.

ഇതിനിടെ രാഖിൽ ഏതോ ഒരു പെൺകുട്ടിയുമായിട്ട് സ്നേഹബന്ധത്തിലായിരുന്നു എന്നും വിവാഹത്തിലേക്ക് അടുക്കുന്നെന്നും വീട്ടുകാരിൽ നിന്ന് സമീപകാലത്ത് അറിഞ്ഞിരുന്നു. പിന്നീട് ആ ബന്ധത്തിൽ എന്തെല്ലാമോ പ്രശ്നമുണ്ടായി പിരിഞ്ഞെന്നായിരുന്നു കേട്ടത്. രാഖിൽ ആ കുട്ടിയോട് പറഞ്ഞത് മുഴുവൻ കള്ളമായിരുന്നെന്ന് തിരിച്ചറിഞ്ഞതോടെ പെൺകുട്ടി തന്നെ ബന്ധം ഒഴിവാക്കുകയായിരുന്നു എന്നതാണ് വസ്തുത. പെൺകുട്ടിയോട് രാഖിൽ പറഞ്ഞത് ഇവിടെ വലിയ ബിസിനസ്സുണ്ടെന്നും മറ്റുമായിരുന്നു. ഇല്ലാത്തത് പറഞ്ഞു വിശ്വസിപ്പിക്കാൻ മിടുക്കനായിരുന്നു. നാട്ടിലും വളരെ മാന്യനായി എക്സിക്യൂട്ടീവ് ലുക്കിലായിരുന്നു രാഖിൽ നടന്നിരുന്നത്. എന്നാൽ എന്തായിരുന്നു രഖിലിന്റെ തൊഴിലെന്ന് ആർക്കുമറിയില്ലായിരുന്നു. ഒരിക്കൽ ചോദിച്ചപ്പോൾ ബംഗളുരുവിൽ എംബിഎ പഠിക്കുകയാണെന്നും അത് പൂർത്തിയാതിന് ശേഷം വിദേശത്തേക്ക് പോകാനിരിക്കുകയാണെന്നും പറഞ്ഞു. പിന്നീട് അത് ശരിയായില്ലെന്നും നാട്ടിൽതന്നെ ഇന്റീരിയർ ഡിസൈനിങ് ചെയ്യുകയാണെന്നും പറഞ്ഞു. അപൂർവ്വമായിട്ട് വീട്ടിലേക്ക് വരുമ്പോൾ പോലും ഏതെങ്കിലും കാറിലാണ് വന്നിരുന്നത്. വന്നാൽ തന്നെ ഒന്നുരണ്ട് ദിവസം നിന്ന് പോകുന്നതായിരുന്നു രീതി. ഇടക്കാലത്ത് രാഖിൽ വന്നുപോയപ്പോൾ ബന്ധുക്കളിൽ ചിലർതന്നെ യുവാവിന്റെ ചെയ്തികളിൽ സംശയം പ്രകടിപ്പിച്ചിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.

കോതമംഗലത്ത് ഹൗസ് സർജൻസി വിദ്യാർത്ഥിനി കണ്ണൂർ സ്വദേശിനിയായ മാനസയെ നെല്ലിക്കുഴിയിലെ താമസ സ്ഥലത്ത് എത്തി തലശേരി സ്വദേശിയായ രാഖിൽ ഇന്നലെയാണ് വെടിവച്ച് കൊന്നത്.

മാനസയെ വെടിവച്ച രാഖിൽ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. കോതമംഗലം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരുന്ന ഇവരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനയക്കും. ഫോറൻസിക് വിദഗ്ദ്ധ ലക്ഷമിയും കോതമംഗലം പൊലീസ് ഇൻസ്പെക്ടർ വിപിനും ഇപ്പോൾ നടന്നുവരുന്ന ഇൻക്വസ്റ്റ് നടപടികൾക്ക് നേതത്വം നൽകി. മാനസയുടെയും, രാഖിലിന്റെയും ബന്ധുക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് എവിടെ നിന്ന് ലഭിച്ചുവെന്നതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.