- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹോട്ടലിലെ അനുഭവം വളരെ മികച്ചത് എന്ന രാഖിലിന്റെ റിവ്യൂ കണ്ടപ്പോൾ തന്നെ പൊലീസിനെ അറിയിച്ചെന്ന് കലൂർ സിദ്ര പ്രിസ്റ്റീൻ ഹോട്ടൽ ആൻഡ് പോർട്ടിക്കോ ഹാൾസ്; രാഖിലും മാനസയും എത്തിയോ എന്ന് പുറത്തു പറയില്ലെന്ന് മാനേജർ; ആ ചിത്രത്തിൽ ദുരൂഹത തുടരുമ്പോൾ
കൊച്ചി: ദന്തൽ വിദ്യാർത്ഥിനിയെ വെടിവച്ചു കൊന്ന രാഖിൽ രഘൂത്തമൻ ഗൂഗിൾ റിവ്യൂവിൽ മാനസയുമൊന്നിച്ചുള്ള ചിത്രം സഹിതം ഹോട്ടലിലെ അനുഭവം വളരെ മികച്ചത് എന്ന് പോസ്റ്റ് ചെയ്ത സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത് പറയാൻ കഴിയില്ലെന്ന് ഹോട്ടൽ അധികൃതർ. ഇരുവരും ഇവിടെ താമസിച്ചിട്ടുണ്ടോ എന്ന വിവരങ്ങളാണ് അറിയേണ്ടത്.
പൊലീസ് ഇക്കാര്യം അന്വേഷിച്ച് ഹോട്ടലിൽ എത്തിയിട്ടില്ല എന്നും കലൂർ സിദ്ര പ്രിസ്റ്റീൻ ഹോട്ടൽ ആൻഡ് പോർട്ടിക്കോ ഹാൾസ് അധികൃതർ വ്യക്തമാക്കി. രാഖിൽ ഇട്ടത് വ്യാജ ഫോട്ടോയാണെന്ന സംശയം ശക്തമാണ്. മാധ്യമങ്ങളിൽ വാർത്ത വന്നതിന്റെ അടിസ്ഥാനത്തിൽ ഗൂഗിൾ റിവ്യൂ പരിശോധിച്ചപ്പോൾ രാഖിലിന്റെ റിവ്യൂ ശ്രദ്ധയിൽപെട്ടെന്നും ഉടൻ തന്നെ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. കോതമംഗലം പൊലീസാണ് കേസ് അന്വേഷിക്കുന്നത് എന്നതിനാൽ പൊലീസ് മറ്റു കാര്യങ്ങൾ ഒന്നും തന്നെ ചോദിച്ചിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് എത്തിയാൽ വിശദാംശങ്ങളെല്ലാം നൽകും എന്നും ഹോട്ടൽ അധികൃതർ മറുനാടനോട് പറഞ്ഞു. രാഖിൽ റിവ്യൂവിൽ പറഞ്ഞിരിക്കുന്ന നിധീഷ് എന്ന ജീവനക്കാരൻ ഹോട്ടൽ സ്റ്റാഫാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം റിവ്യൂ പോസ്റ്റ് ചെയ്തിരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗം തന്നെയാണെന്നാണ് സൂചന.
റിവ്യൂ ഇട്ടതിന് പിന്നിൽ മാനസയെ സമൂഹത്തിന് മുന്നിൽ നാണം കെടുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു എന്ന് വ്യക്തം. ഇവർ ഇവിടെ താമസിച്ചു എന്ന് ഇതുവരെ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. അക്കാര്യങ്ങൾ പൊലീസാണ് അന്വേഷിക്കേണ്ടത്. എന്നാൽ പൊലീസ് ഇതുവരെ ഇക്കാര്യത്തിൽ അന്വേഷണം നടത്തിയിട്ടില്ല.
രാഖിലും അടുത്ത സുഹൃത്തും ചേർന്നാവണം ഇത്തരത്തിൽ ഗൂഗിൾ റിവ്യൂ പോസ്റ്റ് ചെയ്തതെന്നാണ് ഉയർന്നു വരുന്ന സംശയം. കലൂരിലെ സിദ്ര പ്രിസ്റ്റീൻ ഹോട്ടൽ & പോർട്ടിക്കോ ഹാൾസ് എന്ന പഞ്ച നക്ഷത്ര ഹോട്ടലിന്റെ ഗൂഗിൾ റിവ്യൂവിൽ മൂന്നാഴ്ച മുൻപ് രാഖിൽ രഘൂത്തമൻ എന്ന പേരിലാണ് റിവ്യൂ എഴുതിയിരിക്കുന്നത്.
ഹോട്ടലിൽ നിന്നും വളരെ നല്ല അനുഭവമാണ് ഉണ്ടായതെന്നും സ്റ്റാഫുകളുടെ സർവ്വീസും മികച്ചതാണെന്നും എഴുതിയിരിക്കുന്നു. ഒപ്പം തന്നെ ഹോട്ടലിലെ റിസപ്ഷനിലെ നിധീഷ് എന്നയാളുടെ പെരുമാറ്റവും ഹൃദ്യമായിരുന്നു എന്നും കുറിപ്പിൽ പറയുന്നുണ്ട്. കൊലപാതകത്തിന് തൊട്ടു പിന്നാലെ ഈ റിവ്യുവിന്റെ സ്ക്രീൻ ഷോട്ടുകൾ പുറത്ത് വന്നതോടെയാണ് സംഭവം ചർച്ചയാകുന്നത്. അതിനാൽ തന്നെ ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം രാഖിലിന് ലഭിച്ചിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നു.
മാനസയെ കൊലചെയ്യാൻ തീരുമാനിക്കുന്നതിന് മുൻപ് തന്നെ ഇരുവരും ചേർന്ന് നിൽക്കുന്ന ഫോട്ടോ റിവ്യൂവിൽ ഇട്ടതായാണ് ലഭിക്കുന്ന സൂചനകൾ. ഇക്കാര്യം രാഖിൽ തന്റെ ഏതെങ്കിലും സുഹൃത്തിനെ അറിയിച്ചിരിക്കാം. എന്തെങ്കിലും പ്രശ്നമുണ്ടാകുകയാണെങ്കിൽ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കണമെന്ന് ചട്ടം കെട്ടിയിട്ടുമുണ്ടാവാം. അങ്ങനെയായിരിക്കാം ഈ ഗൂഗിൾ റിവ്യൂവിന്റെ സ്ക്രീൻ ഷോട്ടുകൾ പുറത്ത് വന്നതെന്നാണ് അനുമാനം.
കാരണം ആയിരത്തിലധികം റിവ്യൂകളുള്ള ഹോട്ടലിന്റെ ഈ റിവ്യൂ മാത്രം കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. അതിനാൽ തന്നെ ഇതിന് പിന്നിൽ രാഖിലിന്റെ സുഹൃത്തുക്കളുടെ സഹായം ലഭ്യമായിട്ടുണ്ട് എന്ന് തന്നെ ഉറപ്പിക്കാം. ഇക്കാര്യങ്ങൾ പൊലീസാണ് അന്വേഷിച്ച് കണ്ടെത്തേണ്ടത്. ഈ സുഹൃത്തിനെ കണ്ടെത്തിയാൽ തോക്ക് വന്ന വഴി മനസ്സിലാക്കാനും കഴിയും.
കോതമംഗലം ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി.വി. മാനസ(24)യെ കണ്ണൂർ മേലൂർ പാലയാട് സ്വദേശിയായ രാഖിൽ രഘൂത്തമൻ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളും സ്വയം വെടിവച്ച് മരിച്ചു. മാനസ ഏതാനും സഹപാഠികൾക്കൊപ്പം വാടകയ്ക്കു താമസിച്ച വീട്ടിൽ രാഖിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു.
ഉച്ചതിരിഞ്ഞ് വീട്ടിൽ എത്തിയ ഇയാളുമായി മാനസ വാക്കുതർക്കത്തിൽ ഏർപ്പെടുകയും മാനസയുമായി ഒരു മുറിയിലേക്ക് കയറിയതോടെ വീട്ടുടമസ്ഥയെ വിവരമറിയിക്കാൻ സഹപാഠികൾ ശ്രമിച്ചു. ഇതിനിടെയാണ് വെടിവച്ചത്. വെടിശബ്ദം കേട്ട് മുകൾനിലയിൽ വീട്ടുടമസ്ഥയും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന മകനും എത്തിയപ്പോൾ ചോരയിൽക്കുളിച്ചു കിടക്കുന്ന നിലയിൽ മാനസയേയും രഖിലിനേയും കണ്ടെത്തുകയായിരുന്നു.