- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനന്തവാടി മഹല്ല് പ്രസിഡണ്ടിന്റെ ചെരുപ്പിൽ പശയൊഴിച്ച സംഭവം: ഖത്തീബിനെതിരെ കേസ്; ചെരുപ്പിനുള്ളിൽ പശ ഒഴിച്ചത് സന്ധ്യാപ്രാർത്ഥനയ്ക്ക് പള്ളിയിൽ വന്നപ്പോൾ; താൻ നിരപരാധിയെന്നും ഗൂഢാലോചനയെന്നും ഖത്തിബ്
കൽപറ്റ: പ്രാർത്ഥന നിർവ്വഹിക്കാൻ പള്ളിയിലെത്തിയ മഹല്ല് പ്രസിഡണ്ടിന്റെ ചെരുപ്പിനകത്ത് പശയൊഴിച്ച സംഭവത്തിൽ പള്ളിയിൽ പ്രാർത്ഥനക്ക് നേതൃത്വം നൽകുന്ന ഖത്തീബിനെതിരെ കേസെടുത്ത് പൊലീസ്. മാനന്തവാടി എരുമത്തെരുവ് ഖിദ്മത്തുൽ ഇസ്ലാം പള്ളിയിലെ ഖത്തീബ് അബ്ദുൾ റഷീദ് ദാരിമിക്കെതിരെയാണ് ഇന്ത്യൻ ശിക്ഷാ നിയമം 324 വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
സന്ധ്യാസമയത്തെ പ്രാർത്ഥന നിർവ്വഹിക്കാനായി പള്ളിയിലെത്തിയ മഹല്ല് പ്രസിഡണ്ട് കണ്ടങ്കൽ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് സൂപ്പർ ഗ്ലൂവിന് സമാനമായ കാഠിന്യമേറിയ പശ ഒഴിച്ചത്. ചെരുപ്പിനകത്ത് പശയൊഴിച്ചത് അറിയാത്ത പ്രസിഡണ്ട് പ്രാർത്ഥന നിർവ്വഹിച്ച് സാധാരണ പോലെ പുറത്തിറങ്ങി ചെരുപ്പിടുകയും ചെയ്തു. സൂപ്പിഹാജിയുടെ കാൽ ചെരുപ്പിനകത്ത് ഒട്ടിപ്പിടിക്കുകയും വേർപ്പെടുത്താൻ കഴിയാതാകുകയും ചെയ്തു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് ചെരുപ്പും കാലും തമ്മിലുള്ള ബന്ധം വേർപ്പെടുത്തിയത്.
കാലിനടിയിലെ തൊലി പൂർണ്ണമായും ചെരുപ്പിനൊപ്പം ഒട്ടിപ്പിടിച്ചിരുന്നു. പ്രമേഹരോഗിയായ സൂപ്പി ഹാജിയുടെ കാൽപാദം പൂർണ്ണമായും ചെരുപ്പിനോട് ചേർന്ന അവസ്ഥയിലായിരുന്നു. ഇത് ഇളക്കിമാറ്റിയാണ് കാൽവേർപ്പെടുത്തിയത്.സംഭവത്തെ തുടർന്ന് മഹല്ല് സെക്രട്ടറി മാനന്തവാടി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. എന്നാൽ അബ്ദുൾ റഷീദ് ദാരിമി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതായി ആരോപിച്ചും, അവരുടെ കുടുംബത്തിന് മേൽ ശാപവാക്കുകൾ ചൊരിഞ്ഞുകൊണ്ടും ഇയ്യാളുടെ പേരിലുള്ള വോയ്‌സ് റെക്കോർഡ് സമൂഹമാധ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.വ്യക്തിവിരോധമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അന്വേഷണറിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ താൻ നിരപരാധിയാണെന്നും, തനിക്കെതിരെ ഗൂഢാലോചന നടത്തിയതായും അബ്ദുൽ റഷീദ് ദാരിമി പറയുന്നു.