മഞ്ചേശ്വരം: കേരളത്തിന്റെ വടക്കേ അറ്റത്തു നിലകൊള്ളുന്ന മഞ്ചേശ്വരം മണ്ഡലത്തിന് സവിശേഷതകളേറെ. തൊണ്ണൂറ് ശതമാനവും ഭാഷാന്യൂനപക്ഷങ്ങൾ. തുളുവും കന്നടയും കൊങ്കിണിയും മറാട്ടിയും സംസാരിക്കുന്നവർ. മലയാളവും കന്നടയും ചേർന്ന ബേരി എന്ന ഒരു സങ്കരഭാഷയും ഇവിടുത്തെ പ്രത്യേകതയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിലെ ലഹരി ജനങ്ങളിലേക്ക് പകരാത്തതിന്റെ കാര്യങ്ങൾ അന്വേഷിച്ച് എത്തിയത് ഹൊസ്സങ്കടിയിൽ. സാമാന്യം ഭേദപ്പെട്ട ഒരു കഞ്ഞിപ്പുരയിൽ നാലഞ്ച് പേർ ആഹാരം കഴിക്കുന്നു. അപരിചിതനായ എന്റെ വരവ് കണ്ട് കഞ്ഞിപ്പുര ഉടമ ഇരിക്കാൻ പറഞ്ഞു. കഞ്ഞിയും മീൻ വറുത്തതും പിന്നെ കർണ്ണാടക സ്‌പെഷൽ കറികളും ഓഡർ ചെയ്തു. അതോടെ കഞ്ഞികുടിച്ചു കൊണ്ടിരിക്കുന്ന വയനാടുകാരൻ കുശലം പറയാൻ തുടങ്ങി.

അതുവരെ ആരും രാഷ്ട്രീയ വർത്തമാനം ആരംഭിച്ചിട്ടില്ല. ആർക്കുംതാത്പര്യമില്ലെന്നത് വസ്തുത. വയനാട്ടിലെ മന്ത്രി ജയലക്ഷ്മിയുടെ നാട്ടുകാരൻ മഞ്ചേശ്വരത്തെക്കുറിച്ച് പറയുകയാണ്. ഞാൻ ഇവിടെവന്നിട്ട് പത്ത് വർഷമായി. അടുത്തുള്ള ജൂവലറി കടയുടെ കാര്യസ്ഥൻ. ഇവിടെ രാഷ്ട്രീയം പേരിനു മാത്രം. പൊതുവെ സമാധാന പ്രിയർ.

അയാൾ കഥ പറയുകയാണ്. മറ്റൊരു പ്രശ്‌നവും ഇവിടെയില്ല. കഞ്ഞിപ്പുര ഉടമയും വർത്തമാനത്തിൽ ചേരുകയാണ്. സമയം വെകീട്ട് മൂന്ന് കഴിഞ്ഞതോടെ ഇനി ആരും ഭക്ഷണത്തിന് വരുകയുമില്ല.

വിറ്റൽ റായ് എന്ന കഞ്ഞിപ്പുര ഉടമ, രാഷ്ട്രീയം എന്തോ ഒരു കുറ്റമാണെന്ന തോന്നൽ. നമ്മക്ക് രാഷ്ട്രീയമില്ല. മലയാളിയായ എനിക്കു വേണ്ടി തുളുവിനെ മലയാളവൽക്കരിച്ച് അയാൾ സംസാരിക്കുകയാണ്. ഇതു പോലെ ജീവിച്ചാൽ മതി. ആര് ജയിച്ചാലെന്ത്? അയാളുടെ അരാഷ്ട്രീയ വാദം തലപൊക്കുകയാണ്. തികഞ്ഞ ദൈവ വിശ്വാസിയാണ് വിറ്റൽ റായ്. വിറ്റൽ എന്ന പദത്തിനർത്ഥം വിഷ്ണുവെന്നാണ്. വിഷ്ണു ലോകത്തെ മുഴുവൻ സംരക്ഷിക്കും. പിന്നെന്തിന് രാഷ്ട്രീയം. വിറ്റൽ റായ് യുടെ പോളിസി ഇങ്ങനെയാണ്.

ഹൊസങ്കടിയിൽ നിന്ന് ഉപ്പളക്കു പോകുന്ന വഴിയും ചിലരെ കണ്ടു. അവർക്കെല്ലാം ഒരു വേദന നിഴലിക്കുന്നുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിക്കുന്നത് മണ്ഡലത്തിന് പുറത്തുള്ളവർ. ഇത് കാലാകാലങ്ങളായി തുടരുന്നു. യു.ഡി.എഫും എൽ.ഡി.എഫും. ബിജെപി.യും ഇക്കാര്യത്തിൽ ഒന്നാണ്. ഒരു ജില്ലയോളം വലിപ്പമുള്ള പ്രദേശമാണ് മഞ്ചേശ്വരം. ഒരു നിയമസഭാ മണ്ഡലം ഒരു താലൂക്കായി മാറിയതും അപൂർവ്വം. പശ്ചിമ ഘട്ടം മുതൽ അറബിക്കടലോരം വരെ വ്യാപിച്ചു കിടക്കുകയാണ് ഈ മണ്ഡലം. എന്നാൽ തങ്ങളുടെ ഇടയിൽ നിന്ന് വന്നവരാരേയും രാഷ്ട്രീയ പാർട്ടികൾ പരിഗണിക്കുന്നില്ല.

സിപിഎമ്മിലെ എം. റാമണ്ണറായിയും കോൺഗ്രസ്സിലെ ഐ.രാമറായിയും കാസർഗോഡ് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിൽ എത്തിയിരുന്നു. പിന്നീട് കേരളാ നിയമസഭയിൽ സിപി.ഐ. യിലെ കെ.സുബ്ബറാവു തെരഞ്ഞെടുക്കപ്പെടുകയും മന്ത്രിയാവുകയും ചെയ്തു. എന്നാൽ ഇപ്പോൾ തുടർച്ചയായി ഒരു മുന്നണിയും മഞ്ചേശ്വരക്കാരെ പരിഗണിക്കാറില്ല. കേരള കർണ്ണാടക അതിർത്തിയായ തലപ്പാടി മുതൽ ഹൊസങ്കടിവരെ കാര്യമായ പ്രചാരണ ബോർഡുകളോ പോസറ്ററുകളോ ഇല്ലാത്തതിനു പിന്നിലും ഈ അവഗണനയാണോ എന്ന് സംശയിക്കുന്നു.

രാമറായിയുടെ മകൻ ബി. സുബ്ബയ്യ ഷെട്ടി. ഡി.സി.സി. ജനറൽ സെക്രട്ടറിയാണ്. ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായി സുബ്ബയ്യ ഷെട്ടിയെ മഞ്ചേശ്വരക്കാർ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ മുസ്ലിം ലീഗിലെ പി.ബി. അബ്ദുൾ റസാക്ക് തന്നെ വീണ്ടും മത്സരിക്കുകയാണ്. മഞ്ചേശ്വരക്കാരുടെ നോവും അസ്വസ്ഥതയും ഒന്നും മുന്നണികൾ കണക്കാക്കുന്നില്ല.

മഞ്ചേശ്വരത്തെ ഭാഷാ വൈവിധ്യവും സംസ്‌ക്കാരവും അംഗീകരിക്കപ്പെടണമെന്ന തോന്നൽ ഇവിടെ എത്തുന്ന ആർക്കും ഉണ്ടാവും. സ്ഥലനാമങ്ങൾ തന്നെ അതിന് ഉദാഹരണം. എന്മകജെ, പുത്തിഗെ, വോർക്കാടി, മീഞ്ച, മംഗൾ പാടി, പൈവളിക, കുമ്പളെ. തുളു അക്കാദമി സ്ഥാപിച്ചും വിദ്യാലയങ്ങളിൽ കന്നഡ പഠിപ്പിച്ചും ഭാഷാ ന്യൂനപക്ഷത്തെ സ്‌നേഹിച്ചതുകൊണ്ടു മാത്രം കാര്യമില്ല. അവരുടെ പ്രതിനിധിയുടെ ശബ്ദം നിയമസഭയിലും മുഴങ്ങണം. ഒരു ശരാശരി മഞ്ചേശ്വരക്കാരന്റെ ആഗ്രഹം ഇതാണ്.