- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവസാന ലാപ്പിൽ ബിജെപിയെ തളയ്ക്കാൻ ഒപ്പമോടും; മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എ.കെ.എം.അഷ്റഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വം; ബിജെപിയെ തോൽപ്പിക്കാൻ ലീഗിനേ കഴിയൂ എന്ന് വിലയിരുത്തൽ; മണ്ഡലത്തിൽ യുഡിഎഫിനെ വിജയിപ്പിക്കാൻ രംഗത്തിറങ്ങാനും ആഹ്വാനം
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ് മഞ്ചേശ്വരത്തെ ഫലം. സർവേകളിലെ പ്രവചനങ്ങൾ വന്നതോടെ, പൊരിഞ്ഞ മത്സരമാണ് മണ്ഡലത്തിൽ നടക്കുന്നത്. കെ.സുരേന്ദ്രന് അനുകൂലമായ ചില സർവേകൾ കൂടി പുറത്തുവന്നതോടെ ഇതുവരെ പിന്തുണ പ്രഖ്യാപിക്കാതിരുന്ന ചില ചെറുകക്ഷികൾ യുഡിഎഫ് പക്ഷത്തേക്ക് ചായുന്ന കാഴ്ചയും ഈ അവസാന ലാപ്പിൽ കാണാം.
യുഡിഎഫ് സ്ഥാനാർത്ഥിയായ ലീഗിന്റെ എ.കെ.എം അഷ്റഫിനെ പിന്തുണയ്ക്കുമെന്ന് എസ്.ഡി.പി.ഐ ജില്ലാ നേതൃത്വം പ്രഖ്യാപിച്ചതാണ് ഈ പ്രകടമായ മാറ്റം. ബിജെപിയെ തോൽപ്പിക്കാൻ മുസ്ലിം ലീഗിനേ കഴിയൂ എന്ന തിരിച്ചറിവിലാണ് മുസ്ളീം ലീഗ് സെക്രട്ടറി കൂടിയായ എ.കെ.എം അഷ്റഫിനെ പിന്തുണയ്ക്കുന്നതെന്ന് എസ്.ഡി.പി.ഐ അറിയിച്ചു. മണ്ഡലത്തിൽ യുഡിഎഫിനെ വിജയിപ്പിക്കാൻ പ്രവർത്തകർ രംഗത്തിറങ്ങാനും എസ്.ഡി.പി.ഐ ആഹ്വാനം ചെയ്തു.നേരത്തെ എസ്ഡിപിഐ നേതാക്കളെ അപഹസിച്ചതും പരിഹസിച്ചതും പ്രതികൂലമായി മാറി എന്ന് കരുതിയിരിക്കെയാണ് നിലപാട് മാറ്റം.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെക്കാളും വെറും 4000 വോട്ടിനാണ് എൽഡിഎഫ് പിന്നിൽ നിൽക്കുന്നത്്. നിലവിലെ സർവേകൾ പ്രകാരം വോട്ട് മൂന്നു മുന്നണികളും തമ്മിൽ ഒന്നു മുതൽ 2 ശതമാനം മാത്രമാണ് വോട്ടിങ് വ്യത്യാസം രേഖപ്പെടുത്തുന്നത്. അതേ സമയം മഞ്ചേശ്വരത്ത് പ്രബല വിഭാഗമായ മംഗലാപുരം രൂപതയുടെ കീഴിലുള്ള ക്രിസ്ത്യൻ വിഭാഗം എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതും യുഡിഎഫിനും എൻ ഡിഎയ്ക്കും ഒരുപോലെ തിരിച്ചടിയായിട്ടുണ്ട്. 7000 മുതൽ എട്ടായിരം വോട്ട് വരെ ഈ വിഭാഗത്തിന് മണ്ഡലത്തിൽ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നേരത്തെ ഈ വിഭാഗത്തിലെ വോട്ടുകൾ നേടിയിരുന്നത് യുഡിഎഫായിരുന്നു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനായി പാർട്ടി കെ.സുരേന്ദ്രനെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ ലീഗും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം.
2016ൽ വിജയിച്ച ലീഗ് നേതാവ് പി.ബി അബ്ദുൾ റസാക്ക് മരണമടഞ്ഞതിനെ തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിന്റെ എം.സി ഖമറുദ്ദീൻ 7923 വോട്ടിന് ബിജെപിയിലെ രവീശ തന്ത്രി കുണ്ടാറിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ പ്രതിയായതോടെ ഖമറുദ്ദീന് പകരം ഇത്തവണ എ.കെ.എം അഷറഫിനെയാണ് ലീഗ് രംഗത്തിറക്കിയത്. 2011ലും 2016ലും 2019ലെ ഉപതിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ സിപിഎമ്മിന് മൂന്നാം സ്ഥാനമേ ലഭിച്ചിരുന്നുള്ളു. 2019ൽ എം.ശങ്കര റെയ്ക്ക് 23 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ