കോഴിക്കോട്: മഞ്ചേശ്വരത്ത് എൽഡിഎഫ് പിന്തുണ തേടുന്നതിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത. മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ടർമാർ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിച്ചപ്പോൾ ആരുടെയും പിന്തുണ വേണ്ടെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്.

എൽഡിഎഫുകാർ യുഡിഎഫിന് വോട്ടുചെയ്യണമെന്ന് മുല്ലപ്പള്ളി

സിപിഎം മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിയെ ആണ് നിർത്തിയിട്ടുള്ളത്. ബിജെപിയെ പരാജയപ്പെടുത്താൻ മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിക്ക് കഴിയില്ല. അതിനാൽ മാർക്സിസ്റ്റ്-കമ്യൂണിസ്റ്റ് പ്രവർത്തകർ ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫിന് വോട്ടുചെയ്യണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

തലശ്ശേരിയിലും ഗുരുവായൂരും ദേവികുളത്തും ബിജെപി-എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക തള്ളിപ്പോയത് യാദൃച്ഛികമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അത് യാദൃച്ഛികമായി തള്ളിപ്പോയതാണോ ?. അത് വിശ്വസിക്കേണ്ട മൗഢ്യം ഈ നാട്ടിലെ ജനങ്ങൾക്കില്ല. മനപ്പൂർവം സിപിഎമ്മിനെ സഹായിക്കാൻ വേണ്ടിയാണ് അത് ഇൻവാലിഡ് ആക്കിയതെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടി സ്വതന്ത്രനായി മൽസരിക്കുന്ന സിഒടി നസീറിന് പിന്തുണ നൽകുമെന്ന് ബിജെപി നേതൃത്വം പറഞ്ഞു. അതിന് ശേഷം ഇന്നുരാവിലെ ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞത് തലശ്ശേരിയിൽ ബിജെപിക്കാർ മനഃസാക്ഷിക്ക് അനുസരിച്ച് വോട്ടുചെയ്യുമെന്ന്. അതിന്റെ അർത്ഥം ബിജെപി സിപിഎമ്മിനെ സഹായിക്കാൻ തീരുമാനിച്ചു എന്നാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബിജെപിയുടേയും എസ്ഡിപിഐയുടേയും ഒറ്റ വോട്ടു പോലും കോൺഗ്രസിന് വേണ്ട. തലശ്ശേരിയിൽ എന്നല്ല, ഒരിടത്തും വേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വർഗീയശക്തികളുമായി ബന്ധമില്ലെന്ന് പറയുകയും അവരെ വാരിപ്പുണരുകയും ചെയ്യാൻ ഞങ്ങൾ സിപിഎമ്മുകാരല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റ് നേടുമെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു.

ബോംബ് പൊട്ടും ബോംബ് പൊട്ടും എന്ന് പറഞ്ഞിട്ട് എന്തേ പൊട്ടാത്തേ... മുഖ്യമന്ത്രി നടത്തിയ കള്ളനാടകമാണ് ബോബ് പൊട്ടൽ എന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ജനങ്ങൾ ബിജെപിയെ പൂജ്യം സ്ഥാനം നൽകിയാകും ബഹുമാനിക്കുക എന്നും മുല്ലപ്പള്ളി പരിഹസിച്ചു.

ആരുടെയും പിന്തുണ വേണ്ടെന്ന് ഉമ്മൻ ചാണ്ടി

കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഉമ്മൻ ചാണ്ടി രംഗത്തെത്തി. ബിജെപിയെ തോൽപ്പിക്കാൻ യു ഡി എഫിന് കഴിവുണ്ട്. ആരുടേയും പിന്തുണ വേണ്ടെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണ്. ഇത്തവണയും അത് തന്നെ നടക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി