മഞ്ചേശ്വരം: കേരള -കർണ്ണാടക അതിർത്തിയിലെ മഞ്ചേശ്വരം നിയമസഭാമണ്ഡലം. ഇതും കേരളം തന്നെയോ എന്ന് സംശയിച്ചു നിൽക്കേണ്ട സ്ഥലം. സ്ഥലനാമങ്ങളെല്ലാം കന്നടയിൽ തന്നെ. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്. കുഞ്ഞമ്പു 40 കി.മി. താണ്ടിയാണ് ദിവസവും പ്രചാരണത്തിനെത്തുന്നത്.

രാവിലെ ആറ് മണിക്ക് കാസർഗോഡ് വിദ്യാ നഗറിലെ വീട്ടിൽ നിന്നും ഇറങ്ങിയ കുഞ്ഞമ്പു ഒമ്പത് മണിക്ക് മുമ്പ് തന്നെ പ്രചാരണ കേന്ദ്രത്തിലെത്തുന്നു. മണ്ഡലത്തിലെ കിഴക്കൻ മേഖലയായ പുത്തിഗേ പഞ്ചായത്തിലെ ധർമ്മത്തടുക്കയിൽ നിന്നാണ് തുടക്കം. കുഞ്ഞമ്പു എത്തിയതോടെ ഒരു കൂട്ടം സഹപ്രവർത്തകർ ചുറ്റും കൂടി.. എല്ലാവരോടും കുശലം പറഞ്ഞ ശേഷം സ്ഥാനാർത്ഥിയുടെ ലഘു പ്രസംഗം.

'നിമ്മ അമൂല്യവാദ മതഗളന്നു നീടി വിജയ ഗൊളിസിരി ' കന്നടയിൽ സ്ഥാനാർത്ഥി പ്രസംഗിക്കുകയാണ്. ഇടരംഗകേ മതനീതി വിജയ ഗൊളിസിരി. ' നിങ്ങളുടെ വിലയേറിയ വോട്ടുകൾ ഇടതു പക്ഷത്തിനു നൽകണമെന്ന് ചുരുക്കം. കൂടി നിന്നവർ കയ്യടിച്ചും കരം ഗ്രഹിച്ചും സ്ഥാനാർത്ഥിയെ യാത്രയാക്കുന്നു. തുടർന്ന് അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക്.

ചിട്ടയായ പ്രവർത്തനം കൊണ്ട് മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നത് എൽ.ഡി.എഫ്. സ്ഥാനാർത്ഥി സി.എച്ച് കുഞ്ഞമ്പു തന്നെ. 2006 ൽ ഈ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞമ്പുവിന് 2011 ൽ പരാജയമേറ്റു വാങ്ങേണ്ടി വന്നു. എന്നാൽ മഞ്ചേശ്വരം തിരിച്ചു പിടിക്കാൻ സർവ്വ തന്ത്രവും പയറ്റി മുന്നേറുകയാണ് കുഞ്ഞമ്പു.

പ്രവർത്തന മികവിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് എൻ.ഡി.എ. യിലെ ശക്തനായ കെ. സുരേന്ദ്രനാണ്. ഔദ്യോദിക പ്രചാരണം മെയ് 1 ന് മാത്രമേ ആരംഭിക്കുകയുള്ളൂവെങ്കിലും കുടുംബയോഗങ്ങളിലും ഗൃഹ സമ്പർക്ക പരിപാടികളിലും പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കലിലും ശ്രദ്ധ യൂന്നിയിരിക്കയാണ് സുരേന്ദ്രൻ. മണ്ഡലത്തിൽ തന്നെ താമസമൊരുക്കി വോട്ടു ബാങ്കുകളെ ഉറപ്പിക്കുന്നതിലാണ് സുരേന്ദ്രന്റെ ശ്രദ്ധ. സുരേന്ദ്രനും കന്നടയിൽ വോട്ട് അഭ്യർത്ഥിക്കുന്നു.

'നമ്മ ബി.ജെ. പി. പാർട്ടിയെ ചിന്നെകെ ദയമാടി വോട്ടുകൊടി.'. പാർട്ടി ഭേദമനുസരിച്ച് പ്രസംഗ ശൈലിയിലും മാറ്റം വരുന്നു. രാവിലെ ഒമ്പതിനു തന്നെ വൈവളികയിലായിരുന്നു സുരേന്ദ്രന്റെ ആദ്യ സന്ദർശനം നേരത്തെ തീരുമാനിച്ച കുടുംബയോഗത്തിലേക്ക് സുരേന്ദ്രൻ കടന്നു വന്നപ്പോൾ ഭാരത് മാതാ കീ ജയ് വിളിച്ച്്് പ്രവർത്തകർ കൂടി നിന്നു. പിന്നെ എല്ലാവരേയും നമസ്‌ക്കരിച്ച ശേഷം കുടുംബയോഗത്തിലേക്ക് കടക്കുന്നു. 20 ഓളം നേതാക്കൾ ഒരു ദിവസം കടന്നു ചെല്ലും. പോകുന്ന വഴി തെരുവുകളിലും വോട്ട് അഭ്യർത്ഥിക്കും. ഇതാണ് സുരേന്ദ്രന്റെ ശൈലി.

സിറ്റിങ് എംഎ‍ൽഎ. യായ മുസ്ലിം ലീഗിലെ പി.ബി. അബ്ദുൾ റസാക്കിന്റെ പര്യടനം ഇന്നാരംഭിച്ചത് പത്യാടിയിൽ നിന്നാണ്. നന്നായി കന്നടയും തുളുവും സംസാരിക്കുന്ന അബ്ദുൾ റസാക്ക് എത്തിയതോടെ പ്രവർത്തകരും ഓടിയെത്തി. ആൾക്കൂട്ടത്തിനിടയിൽ സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിക്കുന്നു. 'ഇന്നു വറുവ മുന്തിന ചുണവണകെ യു.ഡി.എഫ്. ആദാ ഏണികേ ചിഹ്നകേ ദയമാടി വോട്ടു കൊടി. 'കൂടി നിന്നവർ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചതോടെ പ്രസംഗവും നീണ്ടു. വാഹനങ്ങളുടെ ബാഹുല്യത്തിനിടയിൽ ദേശത്തെ ജനങ്ങളേക്കാളേറെ ഒപ്പം വന്നവർ കന്നടയിലും തുളുവിലും വോട്ട് അഭ്യർത്ഥിച്ചശേഷം അടുത്ത കേന്ദ്രങ്ങളിലേക്ക് വാഹനങ്ങൾ നീങ്ങുന്നു.

മത സൗഹാർദ്ദത്തിന്ും വികസനത്തിനും ഒരു വോട്ട് എന്നു പറഞ്ഞാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിക്കുന്നത്. മഞ്ചേശ്വരം ഹൊസങ്കടിയിലെ ചെക്ക് പോസ്റ്റിൽ അഞ്ച് വർഷത്തിനിടയിൽ 24 പേർ മരിച്ചു. അതിന് ഉത്തരവാദി യു.ഡി.എഫ് സർക്കാരാണ്. എൽ.ഡി.എഫ് .സർക്കാർ അതിനു വേണ്ടി ഏറ്റെടുത്ത ഭൂമി ഇന്നും അതേ പോലെ കിട്ക്കുന്നു. കപ്പൽ ജോലിക്കാരുടെ നാടായ മഞ്ചേശ്വരത്ത് എൽ.ഡി.എഫ്. കൊണ്ടു വന്ന മാരിടൈം ഇൻസ്റ്റിട്യൂട്ട് കടത്തിക്കൊണ്ടു പോയി. യു.ഡി.എഫിനു നേരെ വികസന വിരുദ്ധത ഉന്നയിച്ച് എൽ.ഡി.എഫ് മുന്നേറുകയാണ്. എന്നാൽ യു.ഡി.എഫിനു മുണ്ട് അവകാശ വാദം.

മഞ്ചേശ്വരം താലൂക്ക് യാഥാർത്ഥ്യമാക്കി. മത്സ്യ ബന്ധന തുറമുഖം കൊണ്ടു വന്നു. 219 കോടിയുടെ നന്ദാരപ്പടവ് മലയോര ഹൈവേ പൂർത്തിയാവുന്നതോടെ ഈ മണ്ഡലത്തിന്റെ മുഖഛായ മാറും. പന്ത്രണ്ടിൽപരം സ്ഥാപനങ്ങൾ വരാൻ പോകുന്നു. മഞ്ചേശ്വരത്തെ മത്സരം യു.ഡി.എഫും ബിജെപി.യും തമ്മിലാണെന്നും ഇവിടെ അത്താഴം മുടക്കുന്ന നീർക്കോലിയുടെ റോൾ മാത്രമാണ് എൽ.ഡി.എഫിനുള്ളതെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ആരോപിക്കുന്നു.

2006 ലെ എൽ.ഡി. എഫ് വിജയം 2016 ലും ആവർത്തിക്കുമെന്ന് കുഞ്ഞമ്പു പറയുന്നു. 55,000 വോട്ട് എൽ.ഡി.എഫ് നേടിയെടുക്കും. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിലും 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിലും ഒന്നാം സ്ഥാനത്ത് യു.ഡി.എഫാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പി.കരുണാകരൻ 29,433 വോട്ടുകളും യു.ഡി.എഫിന് 53,000 വോട്ടുകളും ലഭിച്ചു. 48,000 വോട്ടുകളാണ് ബിജെപി.ക്ക് ലഭിച്ചത്. എൽ.ഡി.എഫിന് യു.ഡി.എഫിനേക്കാൾ 20,000 വോട്ട് പിറകിലാണ്. ബിജെപി. 6,000 വോട്ടിന് . ഈ കണക്ക് വച്ചു കൊണ്ടാണ് യു.ഡി.എഫിന്റെ പ്രവർത്തനം. എന്നാൽ ഇത്തവണ എല്ലാം അട്ടിമറിയും. എൽ.ഡി.എഫ് തന്നെ മഞ്ചേശ്വരത്ത് വിജയക്കൊടി നാട്ടും. ആത്മ വിശ്വാസത്തിലാണ് എൽ.ഡി.എഫ്.