തിരുവല്ല: കഴിഞ്ഞ രണ്ട് ദിവസമായി തിരുവല്ലയിൽ നടന്ന സഭാ പ്രതിനിധി മണ്ഡലം അവസാനിച്ചപ്പോൾ ഇനി കോടതിയിൽ കാണാമെന്ന വെല്ലുവിളി മുഴക്കിയാണ് മണ്ഡലാംഗങ്ങൾ മടങ്ങിയത്. സമ്മേളനത്തിന്റെ അവസാന ദിവസം നടന്ന മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി തെരഞ്ഞെടുപ്പിലെ തർക്കമാണ് സ്ഥിതി ഗുരുതരമാക്കിയത്. ഇതോടെ ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിലേക്ക് നീങ്ങി.

കഴിഞ്ഞദിവസം നടന്ന സഭാ പ്രതിനിധി മണ്ഡലത്തിന്റെ അവസാന ദിവസമാണ് തെരഞ്ഞെടുപ്പ് നടന്നത്. ട്രസ്റ്റി തെരഞ്ഞെടുപ്പിൽ വോട്ടെണ്ണിയപ്പോൾ പി.പി. അച്ചൻകുഞ്ഞിന് 326 വോട്ടും രാജൻ ജേക്കബിന് 325 വോട്ടുമാണു ലഭിച്ചത്. ഒരു വോട്ടിന്റെ വ്യത്യാസത്തിൽ തോൽവി അംഗീകരിക്കാൻ കഴിയാതിരുന്ന രാജൻ ജേക്കബ് റീക്കൗണ്ടിങ് ആവശ്യപ്പെട്ടു.

തർക്കമുണ്ടായതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ വീണ്ടും വോട്ടെണ്ണൽ നടത്തിയെങ്കിലും ഫലം മറിച്ചായിരുന്നില്ല. എന്നാൽ വീണ്ടും എണ്ണിയപ്പോൾ ബാലറ്റിന് പുറത്ത് രേഖപ്പെടുത്തിയ വോട്ടുകൾ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ ഏഴ് വോട്ടുകൾ അച്ചൻകുഞ്ഞിനും 2 വോട്ടുകൾ രാജൻ ജേക്കബിനുമായിരുന്നു ലഭിച്ചിരുന്നത്.

ഈ വോട്ടുകൾ ഒഴിവാക്കിയുള്ള വോട്ടുകൾ എണ്ണിയാൽ മതിയെന്നാണു രാജൻ ജേക്കബിന്റെ വാദം. ആ വോട്ടുകൾ മാറ്റിയാൽ ഫലം മറിച്ചാകും. ഒരു വോട്ടിന് ജയിച്ചതായി പ്രഖ്യാപിച്ച അച്ചൻകുഞ്ഞിന് ഈ വോട്ടുകൾ നിർണായകമാണ്. നാല് വോട്ടിനു രാജൻ ജേക്കബ് വിജയിക്കുകയും ചെയ്യും. എന്നാൽ മുൻപുള്ള കോടതി വിധി പ്രകാരം ഇപ്രകാരമുള്ള വോട്ട് സാധുവാക്കാമെന്നാണ് അച്ചൻകുഞ്ഞ് പക്ഷത്തിന്റെ വാദം.

എന്നാൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള വോട്ടെണ്ണൽ പ്രക്രിയ ജനാധിപത്യപരമല്ലെന്നും ഇതിൽ മാറ്റമുണ്ടാകണമെന്നും പ്രതിനിധികൾ ആവശ്യപ്പെടുന്നു. സ്ഥാനാർത്ഥിക്കോ സ്ഥാനാർത്ഥിയുടെ ഏജന്റിനോ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമില്ല. ഇത്തരത്തിൽ നടക്കുന്ന വോട്ടെണ്ണൽ സഭയിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിലെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നുവെന്നും ആക്ഷേപമുണ്ട്.

എന്നാൽ തെരഞ്ഞെടുപ്പ് വിജയത്തിനായി എന്ത് വൃത്തികേടുകളും ചെയ്യുന്നവരും സഭയിലുണ്ടെന്നും പ്രതിനിധികളുടെ ഇടയിൽ സംസാരമുണ്ട്. കോളേജ് പ്രിൻസിപ്പലായിരുന്ന റോയ്‌സ് മല്ലശ്ശേരി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തിന് വില്ലനായത് എതിർ സ്ഥാനാർത്ഥികളുടെ ഊമകത്തുകളായിരുന്നു. ഇപ്രകാരമാണ് തെരഞ്ഞെടുപ്പ് മുന്നോട്ട് പോകുന്നതെങ്കിൽ ഇനി മത്സരിക്കാൻ ആരും മുന്നോട്ട് വരില്ലെന്നും പ്രതിനിധികൾ പറയുന്നു.

തെരഞ്ഞെടുപ്പിൽ അന്തിമതീരുമാനം ആകാത്തതിനാൽ തുടർ നടപടിക്കായി സഭാ ലീഗൽ അഫെയർ കമ്മിറ്റിയുടെ വിധിക്കായി വിട്ടുകൊടുത്തിരിക്കുകയാണ്. സഭാ മണ്ഡലം തീരുമാനങ്ങൾ അംഗീകരിക്കാനായി സഭാ സിനഡും കഴിഞ്ഞ ദിവസം രാത്രിയോടെ അടിയന്തിരമായി ചേർന്നിരുന്നു.

സഭാ ആസ്ഥാനമായ തിരുവല്ലയിൽ സഭയുടെ മണ്ഡല പ്രതിനിധി സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ വിവാദങ്ങളോടെയായിരുന്നു തുടക്കം. സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധം അറിയിക്കണമെന്ന ആവശ്യവുമായി അവതരിപ്പിച്ച പ്രമേയം ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഇടപെട്ട് തടഞ്ഞിരുന്നു. ഇത് മറുനാടൻ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അടുത്ത ദിവസം സഭ നേരിട്ട് ഇടപെട്ട് പ്രമേയം അവതരിപ്പിക്കുകയായിരുന്നു.