- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി മന്ദിരാ ബേദി; ബോളിബുഡ് സംവിധായകൻ രാജ് കൗശലിന്റെ അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന്; കുടുംബത്തെ ആശ്വസിപ്പിച്ചും രാജ് കൗശലിന് ആദരാഞ്ജലികൾ നേർന്നും പ്രമുഖർ
മുംബൈ: കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് സംവിധായകൻ രാജ് കൗശലിന് ആദരാഞ്ജലികളുമായി ബോളിവുഡ് സിനിമാ ലോകം. അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിച്ചും നിരവധി പേർ രംഗത്തെത്തി.ടിവി അവതാരകയും നടിയുമായ മന്ദിര ബേദിയുടെ ഭർത്താവ് കൂടിയാണ് രാജ്.
ബോളിവുഡിൽ നിന്നുള്ള നിരവധി പേരാണ് മന്ദിരയെ ആശ്വസിപ്പിക്കാൻ അവരുടെ വീട്ടിലേയ്ക്ക് എത്തിയത്.കുടുംബ സുഹൃത്തും നടനുമായ രോഹിത് റോയിയെ കെട്ടിപ്പിടിച്ച് കരയുന്ന മന്ദിരയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേഹ ധൂപിയ, മനോജ് ബാജ്പയി, ഒനിർ, ദിവ്യ ദത്ത, അർഷാദ് വാഴ്‌സി, ടിസ്‌ക ചോപ്ര എന്നു തുടങ്ങി നിരവധി താരങ്ങൾ കൗശലിന്റെ വിയോഗത്തിലെ ദുഃഖം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
കഴിഞ്ഞയിടെ മന്ദിരയ്ക്കും രാജ് കൗശലിനും ഒപ്പം ഒരു പാർട്ടിയിൽ പങ്കെടുത്തതിന്റെ ചിത്രം പങ്കുവച്ച് നേഹ ധൂപിയ കുറിച്ചത് ഇങ്ങനെ: 'രാജ്, നമ്മൾ ഈ ചിത്രം എടുത്തത് കൂടുതൽ കൂടുതൽ ഓർമകൾ സൃഷ്ടിക്കാനാണ്. ഇനി ഒരിക്കലും നീ ഞങ്ങളുടെ കൂടെ ഉണ്ടാകില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. മന്ദിര, എന്റെ ശക്തയായ പെൺകുട്ടി, എനിക്ക് വാക്കുകൾ കിട്ടുന്നില്ല. വീരിനും താരയ്ക്കും ഒപ്പമാണ് എന്റെ മനസ്. എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല, സമാധാനത്തിൽ വിശ്രമിക്കൂ രാജ്.
ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെ മുംബൈയിലെ വസതിയിൽ വച്ചാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോർട്ട്. മന്ദിരക്കും രാജിനും വീർ, താര എന്നീ രണ്ടു മക്കളുമുണ്ട്. തൊണ്ണൂറുകളുടെ മധ്യം മുതൽ 2000 അവസാനം വരെ ബോളിവുഡിൽ സജീവമായിരുന്നു.
ആന്റണി കോൻ ഹെ, ഷാദി കാ ലഡോ, പ്യാർ മേ കബി കബി എന്നീ സിനികൾ സംവിധാനം ചെയ്തിട്ടുണ്ട്. ഏറെ നിരൂപ പ്രശംസ നേടിയ മൈ ബ്രദർ നിഖിൽ എന്ന ചിത്രം നിർമ്മിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഞായറാഴ്ച പോലും മന്ദിരയും രാജും കൂട്ടുകാർക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. 1999ലെ വാലന്റെയിൻസ് ദിനത്തിലാണ് മന്ദിര ബേദിയെ രാജ് കൗശൽ വിവാഹം കഴിച്ചത്.
മറുനാടന് മലയാളി ബ്യൂറോ