പറവൂർ: വൈറ്റ് കോളർ ജോലി മാത്രമേ ചെയ്യൂ എന്ന് വാശിപിടിക്കുന്നവരാണ് ഇന്നത്തെ തലമുറ. എന്നാൽ ഈ ന്യൂ ജെൻ ഫ്രീക്കന്മാക്കും ഫ്രീക്കത്തികൾക്കും മാതൃകയായിരുന്നു മനീഷ എന്ന പെൺകുട്ടി. തുടക്കത്തിൽ നാട്ടികയിലെ വർക്ക് ഷോപ്പിൽ ജോലി ചെയ്തു വീടു പുലർത്തി. പിന്നീട് അച്ഛനില്ലാത്ത കുടുംബത്തെ താങ്ങി നിർത്താനും വീടും പഠനവും ഒരുമിച്ച് കൊണ്ടു പോകാനും മീൻ വിൽപ്പനയിലേക്ക് കളം മാറ്റി ചവിട്ടി. ഒടുവിൽ തൊഴിലിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെ ദാരുണാന്ത്യം. രണ്ട് സഹോദരിമാരും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു റോഡിൽ പൊലിഞ്ഞു പോയ മനീഷ.

പറവൂരിലെ ആലുംമാവ് ജംക്ഷനിൽ ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിലാണ് മനീഷ എന്ന 24കാരി മരണമടഞ്ഞത്. മനീഷ വെറുമൊരു പെണ്ണു മാത്രമായിരുന്നില്ല. ഒരു കുടുംബത്തിന്റെ വിശപ്പടക്കാനും പഠിക്കാനും വേണ്ടി സ്റ്റാറ്റസ് നോക്കുന്ന മലയാളികൾക്കിടയിൽ നിന്ന് ജീവിതത്തിലേക്ക് സധൈര്യം ഇറങ്ങി ചെന്നവളായിരുന്നു. വലപ്പാട് കോതകുളം ബീച്ച് പതിശേരി പരേതനായ ജയസേനന്റെ മകൾ മനീഷ എന്ന 24കാരിയാണ് പ്രതീക്ഷകളെല്ലാം ബാക്കിവെച്ച് യാത്രയായത്.

സിഐടിയു തൊഴിലാളിയും പരിചയക്കാരനുമായ അഭിമന്യുവിനൊപ്പം സ്‌കൂട്ടറിൽ വരുമ്പോഴാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ദേശിയ പാതയിൽ മുനമ്പം കവലയ്ക്കും ആലുമ്മാവിനുമിടയിൽ അപകടം സംഭവിച്ചത്. അഭിമന്യു(50)വിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനീഷ ഓടിച്ചിരുന്ന സ്‌കൂട്ടറിൽ ടോറസ് ലോറി തട്ടി വണ്ടിക്കടിയിലേക്ക് വീഴുകയായിരുന്നു. തലയിലൂടെ ലോറി കയറി ഇറങ്ങി. അഭിമന്യു എതിർവശത്തേക്ക് വീണു. മനീഷ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അമ്മ മണിയുടെയും സഹോദരിമാരായ അനീഷയ്ക്കും മനീഷയ്ക്കും താങ്ങും തണലുമായിരുന്നു മനീഷ.

ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് ഈ യുവതിയുടെ ജീവനെടുത്തത്. അമ്മയേയും സഹോദരിമാരേയും സമാധാനിപ്പിക്കാൻ ആർക്കും വാക്കുകളില്ലാത്ത അവസ്ഥ. അത്രയേറെ പാടുപെട്ടായിരുന്നു മനീഷ കുടുംബത്തിന് വേണ്ടി ജീവിതം മാറ്റി വച്ചത്. ബിരുദത്തിന് ശേഷം പഠനം തുടരാത്തതും കുടുംബത്തെ നെഞ്ചോട് ചേർത്ത് മുന്നോട്ട് കൊണ്ടു പോകാനായിരുന്നു. ബിഎ ബിരുദമുള്ള മനീഷയും എൽഎൽബി വിദ്യാർത്ഥിയായ വാടാനപ്പള്ളി മേപ്പറമ്പിൽ കൊച്ചയ്യപ്പന്റെ മകൾ പ്രിയയും ചേർന്നാണ് മീൻകച്ചവടം നടത്തിപ്പോന്നത്. എൽഎൽബി വിദ്യാർത്ഥിനിയായ പ്രിയ ബാംഗ്ലൂരിൽ പഠിക്കുകയാണ്. പ്രിയ ബാംഗ്ലൂരിലേക്ക് പോയപ്പോൾ മനീഷ തനിച്ച് മീൻ കച്ചവടം നടത്തി വരികയായിരുന്നു. നാടും നാട്ടുകാരും ഈ പെൺകുട്ടിക്ക് എല്ലാ പിന്തുണയും നൽകി.

പഠിക്കാൻ പണമില്ലാതായതോടെയാണ് മനീഷ മീൻ കച്ചവടത്തിലേക്ക് തിരിഞ്ഞത്. ക്രമേണ കുടുംബത്തിന്റെ ഉത്തരവാദിത്തവും മനീഷ ഏറ്റെടുത്തു. അച്ഛൻ മരിച്ചതോടെ ജോലിക്കിറങ്ങിയ മനീഷയുടെ വരുമാനവും കരുത്തുമായിരുന്നു അമ്മയുടെ പ്രതീക്ഷ. ചേറ്റുവ ഹാർബറിൽനിന്ന് മൽസ്യം വാങ്ങി ആദ്യം മണലൂരിലായിരുന്നു ഇവർ വിൽപന നടത്തിയിരുന്നത്. തുടർന്ന് അയ്യന്തോളിലേക്ക് മാറി. രണ്ട് വർഷമായി ഇരുവരുടെയും ഉപജീവനമാർഗമായിരുന്നു ഇത്. സാധാരണയായി പെൺകുട്ടികൾ കടന്നുവരാത്ത മേഖലയാണിതെങ്കിലും ഇരുവർക്കും ഈ തൊഴിൽ അഭിമാനമായിരുന്നു ഇവർക്ക്.

മീൻ വാങ്ങാൻ സ്ഥിരമായി പറവൂർ, അങ്കമാലി ഭാഗങ്ങളിൽ എത്താറുണ്ട്. ഇന്നലെ ബന്ധുവും സഹായിയുമായ ചേറ്റുവ ഹാർബറിലെ തൊഴിലാളി അഭിമന്യുവുമൊത്ത് സ്‌കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം. പഠിക്കാനായി ഇരുവരും വിവിധ തൊഴിൽ മേഖല തേടിയെങ്കിലും സ്വന്തം നാട്ടിലെ കടലും മീനും ജീവിതോപാധിയാക്കുകയായിരുന്നു. ആദ്യം തൃശൂരിൽ ഫ്ളാറ്റുകളിലാണ് മീൻ നൽകിയത്. വീടുകളിൽ നോട്ടീസ് വിതരണം ചെയ്തു. ഫോൺ വഴി ഓർഡറെടുത്ത് മീൻ വൃത്തിയാക്കി നൽകും. തുടർന്ന് ഇരുവരും മണലൂരിൽ വിഷ്ണുമായ ഫിഷ്സ്റ്റാൾ തുടങ്ങി.

ഇതിനിടെ പ്രിയ വിദൂരവിദ്യാഭ്യാസപദ്ധതി വഴി ബംഗളൂരു ആർഎംഎൽ കോളേജിൽ എൽഎൽബിക്ക് ചേർന്നു. ഒരു ലക്ഷത്തോളം രൂപ പഠനച്ചെലവുണ്ട്. ഈ പണം സ്വന്തമായി കണ്ടെത്താനാണ് മീൻ കച്ചവടത്തിനിറങ്ങിയതെന്ന് പ്രിയ പറഞ്ഞു. ഇടയ്ക്ക് ബംഗളൂരുവിൽ ക്ളാസിന് പോവും. ഈ സമയം മനീഷ കച്ചവടം തുടരും. ഇപ്പോൾ രണ്ടാംവർഷ പരീക്ഷകഴിഞ്ഞു. വീണ്ടും മീൻ കച്ചവടത്തിൽ സജീവമായി. അടുക്കളയിൽ ഒതുങ്ങിയാൽ ഒന്നും നേടാനാവില്ലെന്ന തിരിച്ചറിവിലാണ് പുറത്തിറങ്ങിയത്. ആരും മോശമായി പറഞ്ഞില്ല. കൂട്ടുകാരെല്ലാം പ്രോത്സാഹിപ്പിച്ചതായും പ്രിയ പറഞ്ഞു.

പ്രിയയുടെ അച്ഛൻ കൊച്ചയ്യപ്പൻ 40 വർഷമായി അയ്യന്തോൾ കാഞ്ഞാണി റോഡിൽ വണ്ടിയിൽ മീൻ കച്ചവടം നടത്തിയിരുന്നു.ചേറ്റുവയിൽ നിന്ന് ഓട്ടോയിൽ മീൻ എത്തിച്ചാണ് കച്ചവടം. അച്ഛന്റെ കൈയൊടിഞ്ഞതോടെ വണ്ടി ഉന്താനാവാതായി. ഇതോടെയാണ് പ്രിയയും മനീഷയും ഒരാഴ്ചയായി ഇവിടത്തെ കച്ചവടം ഏറ്റെടുത്തത്.