- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻഫിയക്ക് മോഡലിംഗും ഇഷ്ടമേഖല; വീട്ടിൽ നിന്നും പോയത് ഇടപ്പള്ളിയിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന്; പുലർച്ചെ നാലു മണിക്ക് വീട്ടുകാർ കേൾക്കുന്നത് മൻഫിയയുടെ മരണവാർത്ത; നൈറ്റ് ഡ്രൈവിൽ യുവതിക്കൊപ്പം ഉണ്ടായിരുന്നവർ മദ്യലഹരിയിലും; കാർ അപകടത്തിൽ പെട്ടശേഷം സുഹൃത്ത് മുങ്ങിയതെന്തിന്?
കൊച്ചി: ഇടപ്പള്ളിയിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷമുണ്ടെന്നു പറഞ്ഞാണ് തിങ്കളാഴ്ച വൈകീട്ട് മൻഫിയ (സുഹാന-21) വീട്ടിൽനിന്നും ഇറങ്ങിയത്. എത്താൻ വൈകുമെന്നും അറിയിച്ചിരുന്നു. പുലർച്ചെ ഒന്നരയോടെ വീട്ടുകാരമായി മൻഫിയ സംസാരിച്ചിരുന്നു. ഉടൻ മടങ്ങിയെത്തുമെന്നും അറിയിച്ചു. എന്നാൽ പുലർച്ചെ നാലുമണിക്ക് മൻഫിയയുടെ മരണ വാർത്തയാണ് വീട്ടുകാരറിഞ്ഞത്. അപകടത്തിനിടയിൽ സംഭവിച്ചത് എന്താണെന്ന് ഒരു എത്തുംപിടിയും വീട്ടുകാർക്കില്ല.
നഴ്‌സിങ് വിദ്യാർത്ഥിയായ മൻഫിയ മോഡലിങ്ങും ചെയ്യുന്നുണ്ടായിരുന്നു. മോഡലിങ് രംഗത്ത് കടുതൽ വളരണമെന്ന് അവൾ അഗ്രഹിച്ചിരുന്നു. അമിത വേഗത്തിൽ പാഞ്ഞ കാർ മെട്രോ പില്ലറിലിടിച്ചായിരുന്നു മ്ൻഫിയയുടെ മരണം. പാലക്കാട് സ്വദേശി കരിംപ്പെട്ട വീട്ടിൽ സൽമാനുൽ ഫാരിസ് (26), വരാപ്പുഴ സ്വദേശി പള്ളിയേക്കൽ വീട്ടിൽ ജിബിൻ ജോൺസൺ (28) എന്നിവർക്ക് പരിക്കേറ്റു.
ജിബിനും സുഹൃത്തായ മൻഫിയയും കൂടി മൻഫിയയുടെ വീട്ടിൽനിന്ന് ബൈക്കിൽ സൽമാനുൽ വാടകയ്ക്ക് താമസിക്കുന്ന കളമശ്ശേരി എച്ച്.എം ടി. കവലയ്ക്ക് സമീപത്തെ ഫ്ളാറ്റിലേക്ക് എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൂവരും ഭക്ഷണം കഴിച്ച ശേഷം നൈറ്റ് ഡ്രൈവിന് ഇറങ്ങി. കാറിൽ പാലാരിവട്ടം വരെ പോയി മടങ്ങുമ്പോൾ നിയന്ത്രണം വിട്ട കാർ പത്തടിപ്പാലത്തിനും കളമശ്ശേരി നഗരസഭയ്ക്കും ഇടയിൽ മെട്രോ തൂണിൽ ഇടിച്ചു കയറുകയായിരുന്നു. സൽമാനുലാണ് കാർ ഓടിച്ചിരുന്നത്. മുൻ സീറ്റിലായിരുന്നു മൻഫിയ. യുവതിക്കൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളും മദ്യപിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. കാറോടിച്ചിരുന്ന സൽമാനുൽ ഫാരിസിനെ പിന്നീട് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ കളമശ്ശേരി പത്തടിപ്പാലത്തിനു സമീപമായിരുന്നു അപകടം. ഇതു വഴി പോയ ഒരു കാർ യാത്രക്കാരൻ അപകടത്തിൽ പെട്ട മൻഫിയയെയും സൽമാനുലിനെയും ഇടപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചു. എന്നാൽ മൻഫിയ മരിച്ചിരുന്നു. കാറിൽ മൻഫിയയ്ക്കും സൽമാനുലിനും ഒപ്പമുണ്ടായിരുന്ന ജിബിൻ ആശുപത്രിയിൽ പോയില്ല. മദ്യലഹരിയിലായിരുന്ന ഇയാൾ അപകട സ്ഥലത്തിന് സമീപം കിടന്നുറങ്ങിയ ശേഷം വരാപ്പുഴയിലെ വീട്ടിലേക്കു പോയെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു.
അപകടത്തിൽ പരിക്കേറ്റ ജിബിൻ മുങ്ങിയതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. പരിക്കേറ്റ ജിബിൻ ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിലേക്ക് പോയത് അസ്വാഭാവികമാണ്. അതിനാൽത്തന്നെ ജിബിൻ പറയുന്ന മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. നവംബർ ഒന്നിന് പുലർച്ചെ ദേശീയപാതയിൽ കാർ മീഡിയനിലിടിച്ചുണ്ടായ അപകടത്തിൽ മുൻ മിസ് കേരള ജേതാക്കളടക്കം മൂന്നുപേരാണ് മരിച്ചത്. ഈ അപകടം സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്. ഇതിൽ അന്വേഷണം പൂർത്തിയാകും മുമ്പാണ് മറ്റൊരു അപകട മരണം നഗര മധ്യത്തിലുണ്ടാകുന്നത്. മാതാവ്: നബീസ. സഹോദരൻ: മൻഷാദ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം പേങ്ങാട്ടുശേരി ജുമാ മസ്ജിദിൽ മൃതദേഹം ഖബറടക്കി.
മറുനാടന് മലയാളി ബ്യൂറോ