- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
60 ദിവസം പ്രായമുള്ളപ്പോൾ വനത്തിൽ നിന്നും കളഞ്ഞുകിട്ടിയ കടുവകുട്ടി വാച്ചർമാരുടെ പൊന്നോമനയായി വളർന്നത് 8 മാസം; പ്രത്യേക പരിചരണത്തിൽ മംഗള പെരിയാറിന്റെ കരുത്തായപ്പോൾ കണ്ണീരോടെ പിരിയാൻ വനംവകുപ്പ് ജീവനക്കാർ; കാട്ടിലേയ്ക്ക് തുറന്നുവിടുംമുമ്പ് മംഗളയ്ക്ക് പ്രത്യേക പരിശീലനം
ഇടുക്കി: ഫോറസ്റ്റ് വാച്ചർമാരുടെ വാൽസല്യത്തിൽ നിന്നും വനത്തിന്റെ വന്യതയിലേയ്ക്ക് മംഗളയെത്തി. വേട്ടയാടൽ പരിശീലനത്തിനായാണ് രാജ്യാന്തര കടുവ ദിനമായ ഇന്നലെ മംഗളയെ കാട്ടിലേയ്ക്കിറക്കിയത്. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഒരു കടുവക്കുട്ടിക്ക് ഇത്തരത്തിൽ പരിശീലനം നൽകുന്നത്.
2020 നവംബർ 21നാണു മംഗളാദേവി വനമേഖലയിൽ നിന്ന് 60 ദിവസം പ്രായമായ കടുവക്കുട്ടിയെ ഫോറസ്റ്റ് വാച്ചർമാർ കണ്ടെടുത്തത്. അന്ന് 2.8 കിലോയായിരുന്നു ഭാരം. മംഗളയെന്ന് പേരുമിട്ടു. കൈകാലുകൾ തളർന്ന് അവശനിലയിലായ കടുവക്കുട്ടിയെ തള്ളക്കടുവ ഉപേക്ഷിച്ചതാകാമെന്നാണ് കണ്ടെത്തൽ. തള്ളക്കടുവയ്ക്കു വേണ്ടി വനത്തിൽ ക്യാമറ സ്ഥാപിച്ചു തിരച്ചിൽ നടത്തിയിട്ടും സൂചനയൊന്നും ലഭിച്ചില്ല. തുടർന്നാണ് കടുവക്കുട്ടിയുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുത്തത്.
ദിവസവും പാലിനുപുറമെ ഒന്നര കിലോ ഇറച്ചിയും മൂന്ന് ഡോക്ടർമാരുടെ നേതൃത്വത്തിലെ പരിചരണവും ലഭിച്ചതോടെ കാലുകൾക്കും കണ്ണിനുമുണ്ടായിരുന്ന പ്രശ്നങ്ങൾ മാറി മംഗള പെരിയാറിന്റെ കരുത്തായി. ഇന്ന് പത്ത് മാസം പ്രായവും 40 കിലോഗ്രാമിലേറെ ഭാരവുമുണ്ട് മംഗളയ്ക്ക്.
പരിചാരകരായ വാച്ചർമാരിൽനിന്ന് ക്രമേണ അകറ്റി സ്വന്തമായി കാട്ടിനുള്ളിൽനിന്ന് ആഹാരം തേടാൻ പ്രാപ്തമാക്കി തുറന്നുവിടാനുള്ള ഒരുക്കത്തിലാണ് വനപാലകർ. ഇതിനായാണ് ഇരുമ്പുകൂട്ടിലാക്കി, കൊക്കരക്കണ്ടതിനു സമീപം പ്രത്യേകം ഒരുക്കിയ 'വനപരിശീലന' കേന്ദ്രത്തിൽ കൊണ്ടുവന്ന് മംഗളയെ തുറന്നുവിട്ടിരിക്കുന്നത്. മാസങ്ങൾ നീണ്ട ഓൺലൈൻ ക്ലാസുകൾക്ക് ശേഷമാണ് മംഗള ഇന്നലെ പ്രാക്ടിക്കൽ ക്ലാസിന് വേണ്ടി കാട്ടിലേക്കിറങ്ങിയത്. വനംവകുപ്പ് നൽകുന്ന ഭക്ഷണമൊക്കെ കഴിച്ച് സുഖിച്ചായിരുന്നു ഇതുവരെ ജീവിതം. വാച്ചർമാരുടെയും സന്ദർശകരുടെയും പൊന്നോമനയായി വളർന്ന മംഗളയ്ക്ക് ഇരപിടിക്കാനറിയില്ല. മനുഷ്യർ നൽകുന്ന ഭക്ഷണം കഴിച്ച് ശീലിച്ച ഈ കടുവകുട്ടിയെ തിരികെ കാട്ടിലേയ്ക്ക് വിടണമെങ്കിൽ ഇരപിടിക്കാനും ശത്രുക്കളെ എതിരിടാനും പഠിപ്പിക്കേണ്ടതുണ്ട്. അതിനുള്ള പരിശീലനമാണ് ഇന്നലെ മുതൽ ആരംഭിച്ചത്.
കാടുമായി ഇണങ്ങാൻ റീവൈൽഡിങ് എന്ന പരിശീലന രീതിയാണ് അവലംബിക്കുന്നത്. 25 മീറ്റർ നീളവും 25 മീറ്റർ വീതിയുമുള്ള കൂട്ടിൽ ഇട്ടാണ് മംഗളയെ ഇരപിടിക്കാനുള്ള പരിശീലനത്തിനായി കാട്ടിലേക്ക് ഇറക്കിയത്. ജീവനുള്ള ഇരയെ കൂട്ടിലേക്ക് തുറന്നുവിട്ടാണ് പരിശീലനം. കാട്ടിൽ വലിയ മരങ്ങളും ശുദ്ധജല സ്രോതസ്സുമുള്ള സ്ഥലത്താണ് കൂട്. കടുവക്കുട്ടിയെ മറ്റു മൃഗങ്ങൾ ആക്രമിക്കാതിരിക്കാൻ കൂടിനു ചുറ്റും 10,000 ചതുരശ്ര അടി വേലിയുണ്ട്. നീരീക്ഷണത്തിനായി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ പരിശീലനം നൽകുന്നത്. പെരിയാർ ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ സുനിൽ ബാബുവിന്റെ നേതൃത്വത്തിൽ വനംവകുപ്പ് സംഘത്തിന്റെ നിരീക്ഷണത്തിലാണു പരിശീലനം. 50 ലക്ഷത്തോളം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
സ്വന്തമായി വേട്ടയാടാനും കാടിനോടു ചേർന്നുപോകാനുമുള്ള പരിശീലനം കഴിഞ്ഞാൽ മംഗളയെ പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിൽ തുറന്നുവിടും. റീവൈൽഡിങ്ങിനായി രണ്ട് വർഷം വരെ കാട്ടിലെ കൂട്ടിൽ പരിശീലനം നൽകണമെന്നാണു നാഷനൽ ടൈഗർ കൺസർവേഷൻ അഥോറിറ്റിയുടെ മാനദണ്ഡം. പ്രത്യേക പരിശീലനകേന്ദ്രത്തിലെ കെട്ടിടത്തിലും ചുറ്റുവേലിക്കുള്ളിലെ കാട്ടിലുമായി വേട്ടയാടാനുള്ള പരിശീലനം പൂർത്തിയാക്കും. ഇതിനുശേഷമാണ് പെരിയാർ കടുവസങ്കേതമെന്ന വിശാലമായ കാടിനുള്ളിലേക്ക് അമ്മയെ തേടി മംഗളയുടെ യാത്ര തുടങ്ങുക.
മറുനാടന് മലയാളി ബ്യൂറോ