മുൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്ത മംഗളം ടെലിവിഷനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണസംഘം കേസിൽ ഉൾപ്പെടുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാജരാക്കാൻ മംഗളത്തിന് നോട്ടീസ് നൽകും. ജുഡീഷ്യൽ അന്വേഷണം കൂടി ആരംഭിക്കുന്നതോടെ ഈ വിഷയത്തിൽ കടുത്ത നിലപാട് തന്നെ ഉണ്ടാകുമെന്ന സൂചനയാണ് സർക്കാർ നൽകുന്നത്.

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്തിൽ അന്വേഷണ സംഘം യോഗം ചേർന്ന് തുടർ നടപടികൾ ചർച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ ആവശ്യപ്പെട്ടത്. മന്ത്രിയെ ഹണിട്രാപ്പിൽപെടുത്താൻ വനിതാ റിപ്പോർട്ടർ ഉപയോഗിച്ച മൊബൈൽ ഫോൺ, സിംകാർഡ് എന്നിവ മംഗളം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരക്കണം. മന്ത്രിയുടെ സംഭാഷണം എഡിറ്റ് ചെയ്താണ് സംപ്രേഷണം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് എഡിറ്റ് ചെയ്ത കംപ്യൂട്ടറും സംപ്രേഷണം ചെയ്ത വാർത്തയുടെ ദൃശ്യങ്ങൾ അടങ്ങിയ സിഡിയും അന്വേണസംഘം ആവശ്യപ്പെടും. എഡിറ്റ് ചെയാത്ത പൂർണ്ണ സംഭാഷണവും മംഗളം ഹജരാക്കേണ്ടി വരും.

സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നുറപ്പയതോടെ ഈ കേസിൽ പ്രതികളായുള്ള മംഗളം പ്രവർത്തകർ മുൻകൂർ ജാമ്യത്തിനായുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. പ്രതികൾ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതായി പൊലീസ് വ്യക്തമാക്കി. ചാനലിന്റെ ചെയർമാൻ, ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ അജിത്ത്കുമാർ, പ്രതികളായ മറ്റ് മാധ്യമ പ്രവർത്തകർ എന്നിവരാണ് മുൻകൂർജാമ്യത്തിനായുള്ള ശ്രമം തുടങ്ങിയത്.

മംഗളത്തിനെതിരെ പരാതി നൽകിയത് എൻവൈസി നേതാവായ മുജീബ് റഹ്മാനാണ്. ഇദ്ദേഹത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി കഴിഞ്ഞു. മറ്റൊരു പരാതിക്കാരി ശ്രീജ തുളസിയുടെ മൊഴി നേരത്തെ എടുത്തിരുന്നു. വാർത്തയുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്ക് പോസ്റ്റിട്ട് മാധ്യമ പ്രവർത്തകനായ എസ്.വി.പ്രദീപിനെതിരേയും കേസെടുത്തിട്ടുണ്ട്. മറ്റൊരു പെൺകുട്ടിയുടെ ചിത്രം ദുരുദ്ദേശത്തോടെ ഉപയോഗിച്ചതിനാണ് പ്രദീപിനെതിരെ കേസെടുത്തത്.


ഇതേ വിഷയം അന്വേഷിക്കുന്ന റിട്ട. ജില്ലാ ജഡ്ജി പി.എസ്.ആന്റണി ആധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷന്റെ ടേംസ് ഓഫ് റഫറൻസിലും സർക്കാറിന്റെ കടുത്ത നിലപാടുകൾ തന്നെയാണ് വ്യക്തമാകുന്നത്. മൂന്നുമാസത്തെ കാലാവധിയിൽ അഞ്ചു കാര്യങ്ങളാണ് കമ്മീഷന്റെ അന്വേഷണ പരിധിയിൽ വരുന്നത്. സംഭവത്തിന്റെ നിജസ്ഥിതി, ഏതു സാഹചര്യത്തിൽ ഇത്തരമൊരു സംഭവമുണ്ടായി, ദുരുദ്ദേശപരമായി ആരെല്ലാം പിന്നിൽ പ്രവർത്തിക്കുകയും ഫോൺ സംഭാഷണം എഡിറ്റ് ചെയ്തു സംപ്രേഷണം ചെയ്യുകയും ചെയ്തു, സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ സ്വീകരിക്കേണ്ട നിയമ നടപടികൾ ശുപാർശ ചെയ്യുക, ഇതുകൂടാതെ സംഭവുമായി ബന്ധപ്പെട്ട കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുന്ന കാര്യങ്ങളും അന്വേഷിക്കണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.