തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ താരമായ മാധ്യമം പത്രത്തിന്റെ മുൻ സബ് എഡിറ്റർ സുനിത ദേവദാസ് മംഗളം ചാനലിന്റ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി കഴിഞ്ഞ ദിവസം ചുമതലയേറ്റത് ഒട്ടേറെ പേരെ വിസ്മയിപ്പിച്ചു കൊണ്ടാണ്. കാനഡയിൽ ജോലി ചെയ്യുന്ന ഭർത്താവിനൊപ്പം കഴിയവെ ഫേസ്‌ബുക്ക് പോസ്റ്റുകൾ കൊണ്ടു അനേകം ആരാധകരെ സൃഷ്ടിച്ച സുനിതയ്ക്ക് പക്ഷെ പുതിയ ചുമതലകൾ കല്ലും മുള്ളം നിറഞ്ഞതാണെന്ന് മംഗളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ചുമതലയേറ്റ ആദ്യ ദിനം തന്നെ ഏറ്റവും മുതിർന്ന റിപ്പോർട്ടർമാരിൽ ഒരാളെ സസ്‌പെൻഡ് ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ഈ സസ്പെൻഷൻ താട്ടുപിന്നാലെ മാനേജ്മെന്റ് പിൻവലിച്ചു. ഇതിനൊപ്പം ജീവനക്കാർ ഔദ്യോഗിക തീരുമാനമൊന്നും ഫെയ്സ് ബുക്കിൽ ഇടരുതെന്ന സർക്കുലറും ഇറക്കി.

സസ്‌പെൻഷനും പിൻവലിക്കലും സോഷ്യൽ മീഡിയയിൽ ആഘോഷമായതോടെ മംഗളം മാനേജ്‌മെന്റ് കടുത്ത നിലപാടുമായി രംഗത്തു വന്നു. സോഷ്യൽ മീഡിയിയൽ കമ്പനികാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി എല്ലാ ജീവനക്കാർക്കും ചെയർമാൻ സാജൻ വർഗീസ് നോട്ടീസും നൽകി. സസ്‌പെൻഷൻ തീരുമാനം  സുനിത ഫെയ്‌സ് ബുക്കിലൂടെ പ്രഖ്യാപിച്ചതും അച്ചടക്ക നടപടിക്ക് വിധേയനായ ആൾ അതറിഞ്ഞത്. ഇതാണ് ജീവനക്കാർക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായത്. ഈ സർക്കുലറിന്റെ പകർപ്പാണ് മറുനാടൻ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നത്.

മൂന്ന് മന്ത്രിമാരുടെ രാജിയിലേക്ക് നയിച്ച റിപ്പോർട്ടുകൾ അടക്കം മഗംളത്തിലെ ഏറ്റവും ശ്രദ്ധേയമായ റിപ്പോർട്ടുകൾ പലതും എഴുതിയിട്ടുള്ള ചീഫ് റിപ്പോർട്ടർ എസ് നാരായണനെ ആണ് ആദ്യ ദിവസം തന്നെ സുനിത ദേവദാസ് സസ്‌പെൻഡ് ചെയ്തത്. . മന്ത്രി ശശീന്ദ്രനെ ഹണി ട്രാപ്പിൽ പെടുത്തിയ വിഷയത്തിൽ മന്ത്രിയോടു സംസാരിച്ച പെൺകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റാണ് സസ്‌പെൻഷന് കാരണമായത്. മംഗളത്തിൽ ഇപ്പോഴും ജോലി ചെയ്യുന്ന പെൺകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറെ ചർച്ചയായി. മന്ത്രി പീഡിപ്പിച്ചു എന്നു പറഞ്ഞു പരാതി നൽകുകയും കോടതിയിൽ കേസ് കൊടുക്കുകയും ചെയതതിന് തൊട്ടു പിന്നാലെയാണ് പെൺകുട്ടി നിലപാടുമായി ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.

ഹണി ട്രാപ്പ് ഒരുക്കിയ മാധ്യമ പ്രവർത്തക ഫേസ് ബുക്ക് പോസ്റ്റിട്ടത് സുനിത ചുമലയേറ്റ അതേ ദിവസം ആയിരുന്നു. സുനിതയുടെ നിർദ്ദേശ പ്രകരാമാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന പ്രചാരണം മംഗളത്തിലെ ജീവനക്കാരിൽ പ്രചരിക്കവെ പരാതിയെ തുടർന്ന് മാധ്യമ പ്രവർത്തകയെയും എസ് നാരായണനെയും ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുന്നതായി സുനിത ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടു. മംഗളത്തിലെ രണ്ടു ജീവനക്കാർ തമ്മിൽ അനാരോഗ്യകരമായി ആരോപണം ഉയർത്തിയതിനെ തുടർന്നാണ് രണ്ടു പേരെയും ഒരു മാസത്തേക്ക് മാറ്റി നിർത്തുന്നു എന്നു പറഞ്ഞു കൊണ്ടു മംഗളം സിഇഒ അജന്താലയം അജിത്കുമാറിന്റെ പേരിലുള്ള നോട്ടീസാണ് സുനിത ഫേസ്‌ബുക്കിൽ ഇട്ടത്.

നടപടിക്ക് വിധേയനായ എസ് നാരായണൻ വിവരം അറിയുന്നത് സുനിതയുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു. പിറ്റേദിവസം സുനിതയും സിഇഒ അജിത് കുമാറും ചേർന്ന് വിളിച്ച ആദ്യത്തെ എഡിറ്റോറിയിൽ യോഗത്തിൽ മിക്ക മാധ്യമപ്രവർത്തകരും പൊട്ടിത്തെറിക്കുകയായിരുന്നു. ഹണി ട്രാപ്പ് വിഷയത്തിൽ ഏതെങ്കിലും നിയമ വിരുദ്ധമായ കാര്യം ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അന്നു വാർത്ത കൈകാര്യം ചെയ്ത എല്ലാവർക്കും ഉണ്ടെന്നും ആരുടെയെങ്കിലും ഒരാളുടെ പേരിൽ അത് കെട്ടിവെയ്ക്കുന്നത് ഉചിതമല്ല എന്നും ഒരേ സ്വരത്തിൽ എഡിറ്റോറിയൽ ജീവനക്കാർ പറഞ്ഞതോടെ യോഗം സംഘർഷഭരിതമായി. മാനേജ്‌മെന്റ് പ്രതിനിധികൾ ന്യായീകരണത്തിന് ശ്രമിച്ചെങ്കിലും എഡിറ്റോറിയൽ ജീവനക്കാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് സസ്‌പെൻഷ് അടക്കമുള്ള നടപടികൾ റദ്ദ് ചെയ്തു.

സോഷ്യൽ മീഡയയിലെ പെൺകൂട്ടായ്മകളുടെ ഒക്കെ ഭാഗമായ സുനിത ദേവദാസ് സ്ത്രീവിഷയത്തിൽ ഏറെ പേരുദോഷം കേട്ട മംഗളം ചാനലിൽ ഉയർന്ന പദവിയിൽ എത്തുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. പെൺകണി വിഷയത്തിൽ മാംഗളത്തേയും മംഗളത്തിലെ ജീവനക്കാരേയും കണക്കറ്റ് ആക്ഷേപിച്ചതിന്റെ പേരിലും ചില ജീവനക്കാർ സുനിതയ്‌ക്കെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. അതിനെ മറികടക്കാൻ എല്ലാ കുറ്റങ്ങളും നാരായണന്റെ പുറത്തു വച്ച് രക്ഷപെടാൻ ഒരുക്കിയ ഒരു തിരക്കഥയായിരുന്നു ഹണി ട്രാപ്പിലെ പെൺകുട്ടിയുടെ പോസ്റ്റും തുടർന്നുള്ള സസ്‌പെൻഷനും എന്നാണ് ഷജീവനക്കാർ അടക്കം പറയുന്നത്. മാധ്യമ പ്രവർത്തകർ നിലപാട് കടുപ്പിക്കുകയും സുനിതയെ വിശദീകരിക്കാൻ പോലും അനുവദിക്കാതിരിക്കുകയും ചെയ്തതോടെ സസ്‌പെൻഷന് ഉടനടി പിൻവലിക്കുക ആയിരുന്നു. തുടർന്നാണ് നാരായണൻ ഇന്നലെ തന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

ഹണി ട്രാപ്പ് വിഷയത്തിന് ശേഷം മംഗളത്തിൽ വല്ലപ്പോഴും വന്നുപോയിരുന്ന മാധ്യമപ്രവർത്തക എല്ലാ കുറ്റങ്ങളും നാരായണന്റെ പേരിൽ ചാർത്തിയത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് മംഗളത്തിൽ പലരും വിശ്വസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പൊലീസ് കേസിലെ പ്രധാനപ്രതിയായ സിഇഒ അജിത് കുമാർ അടക്കം ഉള്ളവർ കൈ കഴുകി രക്ഷപെടാനുള്ള നീക്കമായി ഇതിനെ വിലയിരുത്തപ്പെടുന്നു. വാർത്താ ടീമിന്റെ ഭാഗമായിരുന്ന ഒരു മാധ്യമ പ്രവർത്തകനെ ഒറ്റപ്പെടുത്തി കുറ്റം ചുമത്താനുള്ള ഗൂഢാലോചനയ്‌ക്കെതിരെയാണ് സഹപ്രവർത്തകർ ഒരുമിച്ചത്. വേണ്ടത്ര പ്രവർത്തിപരിചയം ഇല്ലാത്ത സുനിത ദേവദാസിനെ ഉയർന്ന പോസ്റ്റിൽ നിയമിച്ചത് സംബന്ധിച്ച അതൃപ്തി പുകയുന്നതിനിടയിലാണ് സസ്‌പെൻഷനും തിരിച്ചെടുക്കലും ഉണ്ടായത്.

ഈ വാർത്ത ഇന്നലെ മറുനാടൻ പ്രസിദ്ധീകരിച്ചെങ്കിലും അച്ചടക്ക നടപടിക്ക വിധേയനാവുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയത റിപ്പോർട്ടർ നാരായണന്റെ അഭ്യാർത്ഥനപ്രകാരം അത് പിൻവലിച്ചിരുന്നു. എന്നാൽ മറുനാടൻ വാർത്ത പിൻവലിച്ചതിനെതിരെ സുനിത അതിശക്തമായി പ്രതികരിക്കുകയും വീണ്ടും പ്രസിദ്ധീകരിക്കണം എന്ന് ആവശ്യപ്പെടുകയും ആയിരുന്നു.

താനാണ് മംഗളത്തിന്റെ ഔദ്യോഗിക സ്‌പോക്ക് പേഴ്‌സൺ എന്നും താൻ അറിയാതെ ഒരു അറിയിപ്പും മംഗളത്തിൽ നിന്നും പുറത്ത് വരില്ലെന്നും ഫേസ്‌ബുക്ക് നിയന്ത്രണം അടക്കമുള്ള മറുനാടൻ വാർത്തയിലെ പരാമർശം പച്ചക്കള്ളം ആണെന്നും അത് പിൻവലിച്ചതുകൊണ്ട് തനിക്ക് പ്രതികരിക്കാൻ അവസരം നഷ്ടപ്പെട്ടെന്നുമായിരുന്നു സുനിതയുടെ നിലപാട്. താൻ അറിയാതെ ഒരു സർക്കുലറും മംഗളത്തിൽ ഇറങ്ങില്ലെന്നു സുനിത തീർത്തുപറഞ്ഞതോടെ ചെയർമാൻ സാജൻ വർഗീസ് ജീവനക്കാർക്ക് അയച്ച സർക്കുലറിന്റെ കോപ്പി ഞങ്ങൾ പ്രസിദ്ധീകരിക്കുകയാണ്. ഈ സർക്കുലർ അനുസരിച്ച് സുനിതയ്ക്കും ഫേസ്‌ബുക്കിൽ ഔദ്യോഗിക കാര്യങ്ങൾ പറയാൻ നിയന്ത്രണം ഉണ്ട്. എന്നാൽ തനിക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്നും ഇഷ്ടമുള്ളത് താൻ പോസ്റ്റ് ചെയ്യുമെന്നും സുനിത മറുനാടനോട് പറഞ്ഞു.

സുനിതയോടുള്ള എതിർപ്പ് പ്രത്യക്ഷമായും പരോക്ഷമായും പലരും പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മംഗളം ചാനലിലെ സ്റ്റാർ വാർത്താ വായനക്കാരനായ ഫിറോസ് സാലി മുഹമ്മദ് ലീവ് എടുത്തത് ഇതുകൊണ്ടാണെന്നാണ് പറയുന്നത്. സനിതയോട് എതിർപ്പ് പ്രകടമാക്കുന്ന തരത്തിൽ തിരുവനന്തപുരം ബ്യൂറോ ചീഫ് വിഎ ഗിരീഷ് ഫെയ്സ് ബുക്ക് പോസ്റ്റുമിട്ടു. ഒന്നും പ്രത്യക്ഷത്തിൽ പറയുന്നില്ല. സസ്പെൻഷൻ പിൻവലിച്ച ശേഷം നാരായണൻ എഴുതിയ ബ്രേക്കിങ് ന്യൂസിന്റെ സ്‌ക്രീൻ ഷോട്ടിട്ടാണ് അഭിപ്രായ പ്രകടനം. ഈ സ്‌ക്രീൻ ഷോട്ടിനൊപ്പം അഭിനന്ദനം എസ് നാരായണൻ എന്നും കുറിച്ചിരിക്കുന്നു. നാരായണന് മംഗളത്തിലുള്ള പിന്തുണയുടെ തെളിവായി വ്യാഖ്യാനിക്കുന്നു. പത്രത്തിലെ ജീവനക്കാർ നാരാണനൊപ്പം ഉറച്ചു നിൽക്കുന്നതു കൊണ്ടാണ് സസ്പെൻഷൻ പിൻവലിച്ചതെന്നാണ് വിലയിരുത്തൽ. മംഗളം സിഇഒ അജിത് കുമാറിനോടു പോലും ജീവനക്കാർ നീരസം അറിയിച്ചിട്ടുണ്ട്.

കാനഡയിൽ താമസിക്കുന്നതിനിടയിൽ മംഗളം ചാനലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ ചുമതല ഏറ്റെടുത്ത സുനിത ദേവദാസിന്റെ മുൻപിൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്നാണ് സൂചന. വലിയൊരു വിഭാഗം വരുന്ന മാധ്യമപ്രവർത്തകരുടെ നിസ്സഹകരണം തന്നെയാണ് പ്രശ്‌നം. ഹണി ട്രാപ്പ് വിവാദത്തിന് ശേഷം നല്ല ചില വാർത്തകളിലൂടെ മംഗളം വീണ്ടും ശ്രദ്ധ നേടി വരുമ്പോൾ ആണ് ഈ മാറ്റം.