തിരുവനന്തപുരം: ജാതി മാത്രം അല്ല കേരളത്തിലെ ജനാധിപത്യത്തിന്റെ ലക്ഷണം എങ്കിൽ ഇക്കുറി കാട്ടാക്കടയിൽ സ്പീക്കർ ശക്തൻ തോൽക്കും. വിവേകമുള്ള വോട്ടർമാർക്ക് ശക്തന് വോട്ടു ചെയ്യുക സാധ്യമല്ല. മാടമ്പിമാരെ പോലെ ഡ്രൈവറെ കൊണ്ട് കാലിൽ കിടന്ന ചെരുപ്പിന്റെ വാർ കെട്ടിച്ച ശക്തൻ അന്ന് പറഞ്ഞത് കുനിയാൻ പോലും വയ്യാത്ത രോഗിയാണ് എന്നാണ്. അത്തരം ഒരു രോഗിയെ ഇനി ജനപ്രതിനിധിയായി വേണോ എന്നാണ് കാട്ടാക്കടക്കാർ ചോദിക്കേണ്ടത്. അതിനിടയിലാണ് സർവ്വ ജനപ്രതിനിധികൾക്കും നാണക്കേടായി വ്യാജ ബില്ലുകൾ സമർപ്പിച്ച് സർക്കാർ ഖജനാവിൽ നിന്നും യാത്രപ്പടി വെട്ടിച്ച വിവരം പുറത്ത് വരുന്നത്. ഇന്നത്തെ മംഗളം ആണ് ഇത് പുറത്ത് വിട്ടത്. എംബി സന്തോഷാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

മംഗളം വാർത്ത ഇങ്ങനെ- സ്പീക്കർ എൻ. ശക്തൻ വ്യാജയാത്രാബിൽ സമർപ്പിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തു. ഡെപ്യൂട്ടി സ്പീക്കറായിരുന്നപ്പോൾ പിന്തുടർന്ന ഈ രീതി സ്പീക്കറായിരുന്നപ്പോഴും തുടരുകയാണ്. പോകാത്ത സ്ഥലങ്ങളിൽ പോയതായി രേഖപ്പെടുത്തി പണം കൈപ്പറ്റിയതിന്റെ വിവരങ്ങൾ മംഗളത്തിനു ലഭിച്ചു. ഓരോ മാസവും ശരാശരി ഓരോ ലക്ഷം രൂപ യാത്രപ്പടി കിട്ടുന്ന വിധത്തിൽ ശക്തൻ ബിൽ സമർപ്പിക്കുകയായിരുന്നു. ജനപ്രിയ സ്പീക്കറായിരുന്ന ജി. കാർത്തികേയൻ സ്പീക്കറായിരുന്നപ്പോൾ സംസ്ഥാനത്തൊട്ടാകെ യാത്ര ചെയ്തിട്ടും ചെലവായ തുകയുടെ ഇരട്ടിയിലേറെയാണ് അക്കാലത്ത് ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശക്തൻ എഴുതിയെടുത്തത്.സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും യാത്രാരേഖകൾ പൊലീസിനു നൽകാറുണ്ട്.

അതനുസരിച്ച് വളരെ ചെറിയ തുകയ്ക്കുള്ള യാത്രകളാണ് ശക്തൻ നടത്തിയത്. ഇദ്ദേഹം പോയതായി അവകാശപ്പെട്ട സ്ഥലങ്ങളിൽ ശക്തൻ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നീ നിലകളിൽ എത്തിച്ചേർന്നതായി അറിയില്ലെന്നാണ് അവിടങ്ങളിലെ മിക്കവാറും പൊലീസ് സ്‌റ്റേഷനുകളിൽനിന്നു ലഭിച്ച വിവരം.2012 ജനുവരിയിൽ സ്പീക്കർ ജി. കാർത്തികേയന് 37,963 രൂപയാണ് യാത്രപ്പടി ഇനത്തിൽ ചെലവ്. എന്നാൽ, ആ മാസത്തെ ശക്തന്റെ യാത്രപ്പടി 95,567 രൂപയായിരുന്നു. വിദേശയാത്ര വേണ്ടിവന്ന അവസരങ്ങളിലൊഴികെ അപൂർവമായേ സ്പീക്കറായിരുന്ന കാർത്തികേയന്റെ യാത്രപ്പടി അമ്പതിനായിരം കടന്നിട്ടുള്ളൂ. എന്നാൽ, ശക്തന്റെ യാത്രപ്പടി ഒരു ലക്ഷം രൂപയിൽ കുറഞ്ഞ മാസങ്ങൾ വിരളമാണ്.

സ്പീക്കറായിരിക്കെ കഴിഞ്ഞ ജൂെലെ നാലിനു തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തും വിളപ്പിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും സഞ്ചരിച്ചശേഷം കൊല്ലം ജില്ലയിലെ ആയൂരിലേക്ക് പോയി എന്നാണ് ശക്തൻ സമർപ്പിച്ച യാത്രാരേഖയിലുള്ളത്. എന്നാൽ, പൊലീസ് രേഖകളിൽ ആയൂർ യാത്രമാത്രമേയുള്ളൂ. ഇതുപോലുള്ള െവെരുദ്ധ്യങ്ങൾ ഒട്ടേറെയുണ്ട്. തിരുവനന്തപുരം നഗരത്തിലെ ഔദ്യോഗികവസതിയിൽനിന്ന് തെക്കോട്ട് 50 കിലോമീറ്ററിലേറെ യാത്ര ചെയ്ത് ഉദിയൻകുളങ്ങര, ചെമ്പൂര് വഴി തിരിച്ചെത്തുകയും അവിടെനിന്ന് പടിഞ്ഞാറോട്ട് 30 കിലോമീറ്ററോളം പോയി വെഞ്ഞാറമൂട്ടിലെത്തിയശേഷം നെടുമങ്ങാട്ട് എത്തി വീണ്ടും നഗരത്തിലൂടെ ശ്രീകാര്യം വഴി 50 കിലോമീറ്ററോളം സഞ്ചരിച്ച് വർക്കലയിലെത്തിയശേഷം തിരിച്ചു വീട്ടിലെത്തിയതായാണ് ആ മാസം 22ലെ അവകാശവാദം. 3610 രൂപയാണ് ഇതിനായി െകെപ്പറ്റിയത്. സമാനമായ യാത്ര പലതവണ ഉണ്ടായതായി കാണാം.

സ്‌കോഡ ലാറ, കൊറോള അൾട്ടിസ് എന്നിവയാണ് നിയമസഭാ സെക്രട്ടേറിയറ്റിൽനിന്ന് നൽകിയ വാഹനത്തിനു പുറമേ ഡെപ്യൂട്ടി സ്പീക്കറായിരുന്നപ്പോൾ ശക്തന് ടൂറിസം വകുപ്പിൽനിന്ന് അനുവദിച്ചത്. പുതിയ കൊറോള അൾട്ടിസ് സ്പീക്കറായപ്പോഴും ടൂറിസം വകുപ്പ് നൽകി. നിയമസഭാ സെക്രട്ടേറിയറ്റ് അനുവദിച്ച ഇന്നോവ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതിനു പുറമേയാണ്.

ജി. കാർത്തികേയൻ സ്പീക്കറും എൻ. ശക്തൻ ഡെപ്യൂട്ടി സ്പീക്കറും ആയിരുന്ന കാലയളവിലെ ഏതാനും മാസങ്ങളിലെ ഇരുവരുടെയും യാത്രപ്പടി ചുവടെ ചേർക്കുന്നു (ആദ്യത്തേത് ജി. കാർത്തികേയന്റെ യാത്രപ്പടി)
2013 ലെ കണക്ക് ഫെബ്രുവരി 45,324 88,059
മാർച്ച് 55,630 1,20,169
ഏപ്രിൽ 61,189 1,30,305
മെയ്‌ 42,977 1,24,651
ജൂൺ 35,469 1,03,846