കൊച്ചി: സിപിഎം ആകെ പ്രതിസന്ധിയിലാണ്. ഫോൺ കെണിയിൽ എകെ ശശീന്ദ്രനെതിരായ നിയമനടപടികളെല്ലാം അവസാനിച്ചു. നിലവിൽ കേസൊന്നും ശശീന്ദ്രനെതിരെ ഇല്ല. ജ്യുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടും ശശീന്ദ്രന് അനുകൂലം. അതുകൊണ്ട് തന്നെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന വാദവുമായി എൻസിപിയും രംഗത്തുവന്നു. കുറ്റ വിമുക്തനായാൽ ശശീന്ദ്രനെ മന്ത്രിയാക്കുമെന്ന ഉറപ്പും നൽകിയിരുന്നു. എന്നാൽ അന്തിമ തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ശശീന്ദ്രൻ കേസുയർത്തുന്ന ധാർമിക പ്രശ്‌നങ്ങളാണ് ഇതിന് കാരണം. ഇതിനൊപ്പം മംഗളം ടിവിയിൽ നിന്ന് ഉയരുന്ന പ്രതിഷേധവും സർക്കാരിന് തലവേദനയാണ്.

ഫോൺ കെണിയിൽ മംഗളം ചാനലിനെതിരേയും കേസെടുത്തിരുന്നു. ഇതിൽ മംഗളം സിഇഒ അടക്കമുള്ളവർ റിമാൻഡിലാവുകയും ചെയ്തു. ശശീന്ദ്രൻ കേസിൽ നിന്ന് രക്ഷപ്പെടുമ്പോഴും ഈ നിയമ നടപടി തുടരുകയാണ്. ഈ കേസ് എഴുതി തള്ളണമെന്ന ഉറപ്പ് ചിലർക്ക് ശശീന്ദ്രൻ കൊടുത്തതായി വാദമുണ്ട്. കേസുമായി മുന്നോട്ട് പോകില്ലെന്ന് ശശീന്ദ്രൻ തുറന്നു പറയുകയും ചെയ്തു. എന്നാൽ സർക്കാരെടുത്ത കേസ് എഴുതി തള്ളുന്നത് കൂടുതൽ വിവാദമുണ്ടാക്കും. എല്ലാം ഒത്തുതീർപ്പാണെന്ന പ്രതീതിയുണ്ടാകും. അതിനാൽ കേസ് എഴുതി തള്ളനാകില്ല. അങ്ങനെ വരുമ്പോൾ മംഗളത്തിലെ ജീവനക്കാർ പുതിയ വഴികൾ തേടും. ഇത് വീണ്ടും കേസ് സജീവമാക്കും. അങ്ങനെ വന്നാൽ ശശീന്ദ്രന് വീണ്ടും കുടുങ്ങും.

മംഗളം ചാനൽ സംപ്രേഷണം ചെയ്തത് ശശീന്ദ്രന്റെ ശബ്ദമാണോ എന്നതാണ് ഉയരുന്ന ചോദ്യം. ശാസ്ത്രീയ ശബ്ദ പരിശോധനയിലൂടെ ഇത് ബോധ്യപ്പെടുത്താവുന്നതേ ഉള്ളൂ. എന്നാൽ കേരളാ പൊലീസ് ഇത് ചെയ്തില്ല. ശശീന്ദ്രൻ തന്നെ ശബ്ദം തന്റേതല്ലെന്ന് പറയുന്നില്ല. ഈ സാഹചര്യത്തിലാണ് ശശീന്ദ്രന്റെ ശബ്ദത്തിന്റെ ആധികാരികതയിൽ അന്വേഷണത്തിന് കേസിൽ പ്രതിചേർക്കപ്പെട്ട മാധ്യമ പ്രവർത്തകർ രംഗത്ത് വരുന്നത്. തങ്ങളുടെ സത്യസന്ധത തെളിയിക്കാൻ ഇത് ആവശ്യമാണ്. എന്നാൽ പൊലീസ് ഇതിന് തയ്യാറാകുന്നുമില്ല. അശ്ലീല സംഭാഷണം ശശീന്ദ്രന്റേത് തന്നെയെന്ന് തെളിഞ്ഞാൽ വാർത്ത സന്ധ്യസന്ധമെന്ന് വ്യക്തമാകും. ഇതിലൂടെ മാത്രമേ മാധ്യമ പ്രവർത്തകർക്ക് രക്ഷ നേടാൻ കഴിയൂ. ഇതിനുള്ള നിയമ വഴികളാണ് അവർ തേടുന്നത്.

തങ്ങൾക്കെതിരായ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അതുകൊണ്ട് തന്നെ മംഗളത്തിന് എതിരായ കേസ് പിൻവലിച്ചാൽ എല്ലാ പ്രശ്‌നവും തീരുമെന്നും ശശീന്ദ്രൻ കണക്ക് കൂട്ടുന്നു. അല്ലാത്ത പക്ഷം മന്ത്രിയായെത്തിയാലും ശബ്ദം സ്ഥിരീകരിക്കുന്ന അന്വേഷണമുണ്ടായാൽ വിനായകും. ശബ്ദം സ്ഥിരീകരിക്കപ്പെട്ടാൽ രാജിവയ്‌ക്കേണ്ടിയും വരും. അത് കൂടുതൽ നാണക്കേടും ഉണ്ടാക്കും. തിരുവനന്തപുരം കോടതിയിലെ കേസ് ഒത്തുതീർപ്പാക്കിയതിലെ ഇടപെടൽ അന്വേഷിക്കണമെന്ന ആവശ്യമാണ് മംഗളത്തിലെ മാധ്യമ പ്രവർത്തകർ മുന്നോട്ട് വക്കുന്നത്. ഈ ആവശ്യം ന്യായമാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതിയിൽ പോയാൽ അനുകൂല ഉത്തരവുണ്ടാവുകയും ചെയ്യും. ഇതാണ് ശശീന്ദ്രനെ വെട്ടിലാക്കുന്നത്.

മംഗളത്തിലെ ജീവനക്കാർ പ്രതിഷേധത്തിലാണെന്ന് മുഖ്യമന്ത്രിക്കും അറിയാം. അതുകൊണ്ട് തന്നെ ശശീന്ദ്രനെ മന്ത്രിയാക്കുന്നത് പരമാവധി നീട്ടികൊണ്ട് പോകും. മംഗളത്തിലെ ജീവനക്കാരുടെ പ്രതിഷേധം തണുത്താൽ മാത്രമേ ഇക്കര്യത്തിൽ മുഖ്യമന്ത്രി അന്തിമ നിലപാട് വ്യക്തമാക്കൂ. മന്ത്രിയായി വീണ്ടും ചുമതലയേറ്റ ശേഷം കോടതിയിൽ നിന്ന് എതിരഭിപ്രായം ശശീന്ദ്രനെതിരെ ഉണ്ടാകുന്നത് മന്ത്രിസഭയുടെ പ്രതിച്ഛായയേയും ബാധിക്കും. ഇതുകൊണ്ടാണ് മുഖ്യമന്ത്രി മൗനം തുടരുന്നതെന്നാണ് സൂചന.

ആദ്യം ഒരു ഇടത് മന്ത്രിയുടേത് എന്ന പേരിലും പിന്നീട് പേര് പറഞ്ഞും മംഗളം ടിവി പുറത്ത് വിട്ട ഓഡിയോ ക്ലിപ്പാണ് പ്രശ്‌നം. ഫോൺ രതിയുടെ വിഭാഗത്തിൽ പെടുത്താവുന്ന അശ്ലീമാണ് ചാനൽ കേൾപ്പിച്ചത്. ഇത് ഫോൺ സെക്സ് എന്നാണ് വിലയിരുത്തൽ. എന്റെ സുന്ദരിക്കുട്ടി പറയ്, നിനക്കിപ്പോ എന്താണ് വേണ്ടത്.. ഞാൻ നിന്നെ കടിച്ച് കടിച്ച് തിന്നട്ടേ.. മാറത്ത് കിടക്കാം.. 71 കാരൻ മന്ത്രി പരാതി പറയാനെത്തിയ സ്ത്രീയോട് നടത്തിയ ലൈംഗിക അതിക്രമം എന്ന തരത്തിലാണ് ഈ ഓഡിയോ ക്ലിപ്പ് മംഗളം ടി വി പുറത്ത് വിട്ടത്. പിന്നീട് ചാനാൽ ലേഖികയാണ് യുവതിയെന്നാക്കി. ഈ ലേഖികയാണ് കോടതിയിൽ ശശീന്ദ്രന് അനുകൂലമായി മാറിയത്.

ഈ ലൈംഗികസംഭാഷണങ്ങൾ നടത്തിയെന്ന മംഗളം ടെലിവിഷൻ വാർത്തയേത്തുടർന്നാണ് ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ രാജിവച്ചത്. ഇന്നലെ രാവിലെ സംപ്രേഷണം തുടങ്ങിയ മംഗളം ടെലിവിഷന്റെ ആദ്യ ബിഗ് ബ്രേക്കിങ് വാർത്തയേത്തുടർന്നാണു കോഴിക്കോട് എലത്തൂർ നിയോജകമണ്ഡലത്തിൽനിന്നുള്ള എൻ.സി.പി. എംഎ‍ൽഎ. കൂടിയായ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചത്. ഇതിനിടെ കോഴിക്കോട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോടു ശബ്ദരേഖ നിഷേധിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. താൻ കാരണം പാർട്ടിക്കോ സർക്കാരിനോ മുന്നണിക്കോ ബുദ്ധിമുട്ടുണ്ടാകില്ലെന്നായിരുന്നു പ്രതികരണം.

അതുകൊണ്ട് തന്നെ ഈ ശബ്ദം ശശീന്ദ്രൻ തന്നെ സ്ഥിരീകരിച്ചതാണെന്ന് മംഗളത്തിലെ ജീവനക്കാർ വിലയിരുത്തുന്നു. ലേഖികയുടെ മനസ്സ് മാറ്റത്തിന് കാരണം ഇവർക്ക് അറിയില്ല. ശശീന്ദ്രന്റെ ശബ്ദ പരിശോധന മാത്രമാണ് സത്യം പുറത്തുവരാനുള്ള പോംവഴിയെന്നാണ് ഇവരുടെ വാദം.