തിരുവനന്തപുരം : ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയ മന്ത്രി എ.കെ. ശശീന്ദ്രന്റെ അവിടെ നിന്നുള്ള ഫോൺവിളിയാണു വിവാദമായതും രാജിയിലേക്കു നയിച്ചതും. സുന്ദരീ താനിപ്പോൾ ഗോവയിലാണ് എന്നു പറഞ്ഞു കൊണ്ടാണ് ശശീന്ദ്രന്റേത് എന്നു പറയുന്ന സംഭാഷണം തുടങ്ങുന്നത്. അതിനിടെ താൻ ഗോവയിൽ പോയത് ശശീന്ദ്രനും സമ്മതിക്കുന്നു. ഈ ഫോൺവിളിയുടെ മറ്റ് വിശദാംശങ്ങളും മംഗളം ടിവി ശേഖരിച്ചിരുന്നു. ഫോൺ കാളുകളുടെ വിവരങ്ങളും ഇതിലുണ്ടെന്നാണ് സൂചന.

ഗോവ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുന്നതിനു തലേന്ന് ഫെബ്രുവരി ഒന്നിന് രാത്രി ഏഴു മണിയോടെയാണ് എ.കെ. ശശീന്ദ്രൻ, എൻസിപി സംസ്ഥാന സെക്രട്ടറി റസാഖ് മൗലവി എന്നിവർ ഗോവയിൽ എത്തിയത്. വാസ്‌കോഡ ഗാമ മണ്ഡലത്തിലെ ലാപാസ് ഹോട്ടലിലായിരുന്നു താമസം. മലയാളി സമാജത്തിന്റെ അത്താഴവിരുന്നിൽ പങ്കെടുത്ത മന്ത്രി എൻസിപി സംസ്ഥാന പ്രസിഡന്റിന്റെ ഓഫിസ് സന്ദർശിച്ച്, രാത്രി പന്ത്രണ്ടിനാണു ഹോട്ടലിൽ തിരിച്ചെത്തിയത്. രാവിലെ പ്രഭാതഭക്ഷണത്തിനുശേഷം എൻസിപി സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിലേക്കു കടന്നു. ചർച്ചിൽ അലിമാവോയുടെ പ്രചാരണസമാപനത്തിൽ പ്രസംഗിച്ച് രാത്രി എട്ടുമണിയുടെ ട്രെയിനിൽ കേരളത്തിലേക്കു മടങ്ങി.

ഇവിടെയുള്ള മലയാളികളുടെ വോട്ട് അലിമാവോയ്ക്ക് അനുകൂലമാക്കുകയായിരുന്നു ഗോവൻ യാത്രയുടെ ഉദ്ദേശം. ഇത് സാധ്യമാവുകയും ചെയ്തു. ശക്തമായ ചതുഷ്‌കോണ മത്സരത്തിലെ അലിമാവോയുടെ വിജയത്തിൽ മലയാളി വോട്ടുകളും നിർണ്ണായകമായി. അലിമാവോ ജയിച്ചെങ്കിലും ബിജെപി ക്യാമ്പിലേക്കാണ് എത്തിയത്. അങ്ങനെ ഇടതുപക്ഷത്തിനൊപ്പം നീങ്ങുന്ന ശശീന്ദ്രന് അലിമാവോയുടെ വിജയം ആഘോഷിക്കാനാവാതെയും പോയി. അതിനിടെയാണ് ഗോവൻ യാത്ര ശശീന്ദ്രന് രാഷ്ട്രീയ വനവാസം തീർക്കുന്ന വിവാദത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. കാമകിയിൽ നിന്നാണ് മംഗളം ടിവിക്ക് ഈ ഫോൺ സംഭാഷണം കിട്ടയതെന്നും വ്യക്തമാണ്. ഏതാണ്ട് 26 ദിവസം മുമ്പുള്ള ഫോൺ സംഭാഷണം എങ്ങനെ മംഗളത്തിന് കിട്ടിയെന്നതാണ് ഇനിയും പുറത്തുവരാത്ത വസ്തുത.

ആരോടാണ് സംസാരിച്ചതെന്ന് പറയാൻ മംഗളം ടിവി തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ തൊടു ന്യായങ്ങളുമായി മന്ത്രിയായി തുടരാൻ ശശീന്ദ്രന് കഴിയുമായിരുന്നു. ഈ വിവാദം കൂടുതൽ ചർച്ചകളിലേക്ക് പോയാൽ തന്റെ പ്രതിച്ഛായ കൂടുതൽ തകരുമെന്ന് ശശീന്ദ്രന് അറിയാമായിരുന്നു. ഈ സാഹചര്യത്തിലാണ് ശബ്ദ സാമ്യത്തിന്റെ പേരിൽ ശശീന്ദ്രൻ രാജി വയ്ക്കുന്നത്. ഏത് തരത്തിലാണ് ഫോൺ സംഭാഷണം പുറത്തായതെന്നതിൽ സർക്കാർ രഹസ്യ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭാഷണം വ്യാജമെല്ലെന്ന് തന്നെയാണ് പൊലീസിന് ലഭിച്ച സൂചനയും.

ഗോവയിൽ ആയിരുന്ന സമയത്ത് ഇത്തരം സംഭാഷണം ഉണ്ടായതായി അറിവില്ലെന്നാണു ശശീന്ദ്രൻ കോഴിക്കോട്ട് പത്രസമ്മേളനത്തിൽ പറഞ്ഞത്. തലസ്ഥാനത്തു സി.പി.എം സംസ്ഥാന സമിതി ചേരുന്നതിനാൽ അടിയന്തര മുഖംരക്ഷിക്കൽ നടപടികൾ ഉണ്ടാവുമെന്നു വ്യക്തമായിരുന്നു. ഉച്ചയ്ക്കു പുറത്തുവന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലും രാജി അനിവാര്യമാണെന്ന സൂചന നിറഞ്ഞുനിന്നു. ഇത്തരം ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ അതു ഗൗരവമായി തന്നെയാണു കാണുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞതോടെ മടിച്ചുനിൽക്കാതെ ശശീന്ദ്രൻ രാജിനൽകി. എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയനുമായും ദേശീയ അധ്യക്ഷൻ ശരദ് പവാറുമായും സംസാരിച്ച ശേഷമാണു രാജിക്കാര്യം മന്ത്രി മാധ്യമങ്ങളെ അറിയിച്ചത്.

കൂടുതൽ കാത്തുനിൽക്കാതെ രാജിവയ്ക്കാനുള്ള കാരണവും ശശീന്ദ്രൻ പറഞ്ഞു: 'പ്രതിപക്ഷത്തായിരുന്നപ്പോൾ ഇത്തരം സന്ദർഭങ്ങളിൽ പലരുടെയും രാജി ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ കാര്യത്തിൽ നിലപാടു മാറ്റുന്നതു ശരിയല്ല. മന്ത്രി സ്ഥാനം അന്വേഷണത്തെ തടസ്സപ്പെടുത്താതിരിക്കാനാണു രാജി വയ്ക്കുന്നത്. എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല.' മന്ത്രി സ്ഥാനം ഇല്ലാതാക്കാൻ ആരെങ്കിലും ഗൂഢാലോചന നടത്തിയതായി സംശയിക്കുന്നില്ലെന്നു ശശീന്ദ്രൻ കൂട്ടിച്ചേർത്തു. തന്റെപേരിൽ വോട്ടർമാരോ പാർട്ടി അനുഭാവികളോ ഇടതുമുന്നണി പ്രവർത്തകരോ തലകുനിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഗോവയിലെ ഫോൺ വിളിയിൽ രാജിവയ്ക്കാൻ ശശീന്ദ്രൻ നിർബന്ധിതനാവുകയായിരുന്നു.

അതിനിടെ സ്ത്രീയുമായി ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയെന്ന പരാതിയിൽ മന്ത്രിസ്ഥാനം രാജിവച്ച എ.കെ ശശീന്ദ്രനെതിരെ പൊലീസ് കേസെടുക്കില്ലെന്നാണ് സൂചന. പരാതിയില്ലാതെ കേസെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്വമേധയാ കേസെടുക്കേണ്ടന്നാണ് പൊലീസിലെ ധാരണ. സ്ത്രീക്ക് പരാതിയുണ്ടെങ്കിൽ കേസെടുക്കും. തന്റെ സ്വകാര്യ സംഭാഷണം പുറത്ത് വിട്ടതിൽ ശശീന്ദ്രനും പരാതി നൽകാം. അല്ലെങ്കിൽ കേസെടുക്കാൻ സർക്കാർ നിർദ്ദേശിക്കട്ടെ എന്നാണ് പൊലീസ് നിലപാട്.

ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് എ.കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചത്. പിണറായി മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് എ.കെ ശശീന്ദ്രൻ. ബന്ധുനിയമന വിവാദത്തെ തുടർന്ന് വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജൻ രാജിവച്ചിരുന്നു. പരാതിക്കാരിയായ സ്ത്രീയോട് എ.കെ ശ?ശീന്ദ്രൻ ലൈംഗിക സംഭാഷണം നടത്തുന്നതി??ന്റെ ഓഡിയോ മംഗളം ടെലിവിഷനാണ് പുറത്ത് വിട്ടത്.