- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗലാംകുന്ന് കർണൻ പ്രതാപം കാഴ്ച്ചവെച്ചത് മലയാള സിനിമ മുതൽ ബോളിവുഡിൽ വരെ; പൂരപ്പറമ്പിലും തലയെടുപ്പ് മത്സര വേദികളിലും തലയെടുപ്പോടെ നിന്നവൻ വെള്ളിത്തിരയിൽ താരമായത് ഷാരുഖിനും മോഹൻലാലിനുമൊപ്പം
തൃശ്ശൂർ: പൂരപ്പറമ്പിലും തലയെടുപ്പ് മത്സര വേദികളിലും മാത്രമല്ല മംഗലാംകുന്ന് കർണൻ തന്റെ പ്രതാപം കാഴ്ച്ച വെച്ചത്. മലയാള സിനിമ മുതൽ ബോളിവുഡിൽ വരെ അഭിനയിച്ച സിനിമാ താരവും കൂടിയാണ് ഇന്ന് പുലർച്ചെ ചരിഞ്ഞ മംഗലാംകുന്ന് കർണൻ. സിനിമ താരങ്ങളെ പോലെ സംസ്ഥാനത്ത് ഫാൻസ് അസോസിയേഷനുള്ള കർണൻ വിടപറഞ്ഞതോടെ അന്ത്യമാകുന്നത് ആനപ്രേമികളുടെ ആവേശമായി മാറിയ ഒരു ജീവിതത്തിനാണ്.
മലയാള സിനിമയിൽ മാത്രമല്ല അങ്ങ് ബോളിവുഡിലും മംഗലാംകുന്ന് കർണൻ വേഷമിട്ടിട്ടുണ്ട്. മോഹൻലാൽ നായകനായ നരസിംഹം, കഥാനായകൻ എന്നീ ചിത്രങ്ങൾക്ക് പുറമേ മണിരത്നം സംവിധാനം ചെയ്ത ദിൽസെയിലും മംഗലാംകുന്ന് കർണൻ തലപൊക്കത്തോടെ നിന്നു. കേരളത്തിൽ ചിത്രീകരിച്ച ജിയ ജലേ എന്ന ഗാനരംഗത്തിലാണ് കർണൻ പ്രത്യക്ഷപ്പെട്ടത്. അതിൽ ചിറക്കൽ കാളിദാസനും മറ്റ് ഒട്ടനവധി ആനകളുമുണ്ടായിരുന്നു. പ്രീതി സിന്റെയും ഷാരൂഖ് ഖാനുമായിരുന്നു ആ ഗാനരംഗത്തിൽ അഭിനയിച്ചത്. കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും കർണൻ താരമായിട്ടുണ്ട്.
തലപ്പൊക്ക മത്സരവേളയിൽ സ്വന്തം മത്സരവീര്യവും ആത്മവിശ്വാസവുംകൊണ്ടാണ് കർണൻ പിടിച്ചുനിൽക്കുന്നത്. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോൾ 302 സെന്റീമീറ്ററാണ് ഉയരം. കർണനിൽ ആത്മവിശ്വാസം വളർത്തുന്നതിൽ ആദ്യകാലത്ത് പാപ്പാനായിരുന്ന പാറശ്ശേരി ചാമിയും ചെറുതല്ലാത്ത പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ മൂന്നുവർഷത്തിലേറെയായി ആറ്റാശ്ശേരി നാരായണനാണ് പാപ്പാൻ. വടക്കൻ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തിൽ തുടർച്ചയായി ഒമ്പതുവർഷം വിജയിയായിരുന്നു കർണൻ. ഇത്തിത്താനം ഗജമേളയിലും കർണൻ വിജയിയായിട്ടുണ്ട്.
തലപ്പൊക്കത്തിന്റെ ചക്രവർത്തി മംഗലാംകുന്ന് കർണന്റെ ജീവിതം അവസാനിച്ചത് 60മത്തെ വയസ്സിലാണ്. പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങൾ കുറച്ചുകാലമായി ആനയെ അലട്ടിയിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ആന ചരിഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
തലയെടുപ്പ് മത്സര വേദികളിൽ നിരവധി തവണ വിജയിച്ചിട്ടുള്ള കർണൻ മംഗലാംകുന്ന് പരമേശ്വരൻ, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതതയിലുള്ള ഗജവീരനാണ്. വടക്കൻ പറവൂരിലെ ചക്കുമരശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തിൽ തുടർച്ചയായി ഒമ്പതുവർഷം വിജയിയായിരുന്നു കർണൻ. ഇത്തിത്താനം ഗജമേളയിലും കർണൻ വിജയിച്ചിട്ടുണ്ട്.
1963ൽ ബിഹാറിലായിരുന്നു ജനനം. 1991 ൽ വാരണാസിയിൽ നിന്നാണ് കർണൻ കേരളത്തിലേക്കെത്തുന്നത്. കർണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോൾ 302 സെന്റീമീറ്ററാണ് ഉയരം. 2019 മാർച്ചിലാണ് മംഗലാംകുന്ന് കർണൻ അവസാനമായി ഉത്സവത്തിൽ പങ്കെടുത്തത്. ബിഹാറിയെങ്കിലും നാടൻ ആനകളെപ്പോലെ ലക്ഷണത്തികവുള്ള ആനയായിരുന്നു കർണൻ. എഴുന്നള്ളത്ത് തുടങ്ങും മുതൽ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നിൽപ്പാണ് കർണന്റെ പ്രത്യേകത. സിനിമ താരങ്ങളുടേത് പോലെ സംസ്ഥാനത്ത് കർണന് ഫാൻസ് അസോസിയേഷൻസുമുണ്ട്. പേരെടുത്ത ആനപ്രേമിയായ മനിശ്ശേരി ഹരിദാസിന്റേതായിരുന്നപ്പോൾ മനിശ്ശേരി കർണനായിരുന്നു. മംഗലാംകുന്ന് ആനത്തറവാട്ടിലെത്തി അഞ്ചുവർഷത്തിലേറെയായി.
മറുനാടന് മലയാളി ബ്യൂറോ