തിരുവനന്തപുരം: യുവാവിനു ക്രൂരമർദനമേറ്റ സംഭവത്തിൽ കേസെടുക്കാതെ പ്രതിക്കു സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിനെത്തുടർന്നു സസ്പെൻഷനിലായ എസ്ഐയുടെ വാട്സാപ് സ്റ്റാറ്റസ് വിവാദമാകുന്നു. സസ്പെൻഷനിലായ മംഗലപുരം എസ്ഐ വി.തുളസീധരൻ നായർ തള്ളവിരലുയർത്തി നിൽക്കുന്ന ചിത്രത്തിനു താഴെ 'പോടാ പുല്ലേ' എന്നെഴുതിയതാണ് ചർച്ചയാകുന്നത്.

ശനിയാഴ്ചയാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്. അന്നു രാത്രി എട്ടരയ്ക്കാണ് എസ്ഐ തന്റെ വാട്സപ്പിൽ ഇത്തരത്തിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്. കണിയാപുരം പുത്തൻതോപ്പ് ചിറയ്ക്കൽ ആസിയ മൻസിലിൽ എച്ച്.അനസി(25)നാണു നടുറോഡിൽ മർദനമേറ്റത്. ബൈക്കിൽ പോയ യുവാവിനെ തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു.

മർദനമേറ്റ യുവാവിന്റെ മൊഴി പോലും രേഖപ്പെടുത്താതെ പ്രതിയെ വിട്ടയച്ചുവെന്നാണ് എസ്ഐയ്ക്കെതിരെ ഉയർന്ന പരാതി. ഗുരുതരമായി പരിക്കേറ്റ അനസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളടക്കം പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് ആദ്യം തയാറായിരുന്നില്ല. ചികിത്സയിൽ കഴിയുന്ന അനസ് സ്റ്റേഷനിലെത്തി മൊഴി നൽകിയാൽ കേസെടുക്കുന്നത് ആലോചിക്കാമെന്നായിരുന്നു നിലപാട്. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് കേസെടുത്തത്. ഉച്ചയക്ക് ശേഷം കേസിലെ പ്രതി ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അതിന് ശേഷം വിചിത്രമായ നടപടികളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.

യുവാവിനെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചയാളെ അറസ്റ്റ് ചെയ്തിട്ട് അയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. അനസിന് ക്രൂരമായ മർദനമാണ് ഇയാളിൽ നിന്നുണ്ടായത്. അനസിന് മർദനമേൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബോധരഹിതനായി വീണിട്ടും പ്രതി അനസിനെ ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ഈ പ്രതിയെയാണ് കൊലപതാകശ്രമത്തിനുള്ള വകുപ്പ് ചേർക്കുകയോ മൊഴിയെടുക്കുകയോ ചെയ്യാതെ പൊലീസ് പറഞ്ഞുവിട്ടത്. സംഭവത്തിൽ പൊലീസിന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് എസ്ഐ തുളസീധരൻ നായരെ സസ്പെൻഡ് ചെയ്തത്. എന്നാൽ ചെയ്ത കാര്യത്തിൽ അശേഷം കുറ്റബോധമില്ലെന്ന് തെളിയിക്കുന്നതാണ് തുളസീധരൻ നായരുടെ പുതിയ വാട്സാപ്പ് സ്റ്റാറ്റസ്. മാത്രമല്ല മേലധികാരികളെ അസഭ്യം പറഞ്ഞ് വെല്ലുവിളിക്കാനുള്ള ധൈര്യവും തുളസീധരൻ നായർക്ക് നൽകുന്നതാരെന്ന് ചോദ്യവും ഉയരുന്നു.

ലഹരിസംഘത്തിന് ഒത്താശ ചെയ്യുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് വിമർശനം. ലഹരിസംഘങ്ങളെ സംരക്ഷിക്കുന്ന രാഷ്ട്രീയപ്രവർത്തകരുമായുള്ള ബന്ധം ഇത്തരക്കാർക്ക് സാമ്പത്തികമായും ഔദ്യോഗികപരമായുമുള്ള നേട്ടങ്ങൾ നൽകുന്നെന്ന ആരോപണം ഉയർന്നിട്ടുണ്ട്. അത് ശരിവയ്ക്കുന്ന പെരുമാറ്റമാണ് സസ്പെൻഷനിലായ എസ്ഐയിൽ നിന്നും ഉണ്ടാകുന്നതെന്ന് പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നു.