മാഹി: മയ്യഴി വിമോചന സമര സേനാനിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന മംഗലാട്ട് രാഘവൻ (101) അന്തരിച്ചു. ശ്വസ തടസത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. ഫ്രഞ്ച് അധീന മയ്യഴിയിൽ 1921 സെപ്റ്റംബർ 20നാണ് മംഗലാട്ട് രാഘവൻ ജനിച്ചത്. മയ്യഴിയിലെ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേർ എന്ന ഫ്രഞ്ച് സെൻട്രൽ സ്‌കൂളിൽ ഫ്രഞ്ച് മാധ്യമത്തിൽ വിദ്യാഭ്യാസം. പഠനം പൂർത്തിയാക്കുന്നതിനു മുമ്പ് മയ്യഴി വിമോചന പ്രസ്ഥാനത്തിൽ സജീവമായി.

മയ്യഴി വിമോചന സമരത്തിന് നേതൃത്വം നൽകിയ മഹാജനസഭയിലെ സോഷ്യലിസ്റ്റ് ധാരയുടെ നേതാവായിരുന്നു അദ്ദേഹം. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ ചോമ്പാൽ റെയിൽവേ സ്റ്റേഷൻ തീവെച്ച കേസിൽ പ്രതി ചേർത്ത് ഫ്രഞ്ച് പൊലീസ് തടവിലാക്കി ബ്രിട്ടീഷ് പൊലീസിന് കൈമാറി. ബ്രിട്ടീഷ് ആധിപത്യത്തിന്റെ തകർച്ചയ്ക്കു ശേഷം ശക്തമായ മയ്യഴി വിമോചന സമരത്തിന്റെ നേതൃ നിരയിൽ ഐകെ കുമാരൻ, സിഇ ഭരതൻ എന്നിവരോടൊപ്പം പ്രവർത്തിച്ചു.

സ്വതന്ത്രമാക്കപ്പെട്ട മയ്യഴിയുടെ ഭരണത്തിനായി രൂപീകരിച്ച ജനകീയ ഗവൺമെന്റിൽ അംഗമായിരുന്നു രാഘവൻ. ഫ്രഞ്ച് സൈന്യം വന്ന് മയ്യഴി തിരിച്ചുപിടിച്ചതോടെ മഹാജനസഭാനേതാക്കളോടൊപ്പം രാഷ്ട്രീയാഭയാർത്ഥിയായി മയ്യഴിക്കു പുറത്തു കടന്നു. വിപ്ലവക്കേസിൽ ഫ്രഞ്ച് കോടതി 20 വർഷം തടവും ആയിരം ഫ്രാങ്ക് പിഴയും വിധിച്ചു. 1954-ൽ മയ്യഴിയെ വിമോചിപ്പിക്കാനായി മാഹി പാലത്തിനരികിൽ നിന്ന് പുറപ്പെട്ട വിമോചന മാർച്ചിലും പങ്കെടുത്തു.

വിവർത്തനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്, അയ്യപ്പപണിക്കർ പുരസ്‌കാരം, എംഎൻ സത്യാർത്ഥി പുരസ്‌കാരം, മയിൽപ്പീലി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് നാല് മണി വരെ തലശ്ശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം തലശ്ശേരി വാതക ശ്മശാനത്തിലാണ് സംസ്‌കാരം. പരേതയായ കെവി ശാന്തയാണ് ഭാര്യ. മക്കൾ: പ്രദീപ്, ദിലീപ്, രാജീവ്, ശ്രീലത, പ്രേമരാജൻ.