മംഗളൂരു: വിദേശ ടൂറിസ്റ്റുകളിൽനിന്ന് പെൺകുട്ടികളെ ഉപയോഗിച്ച് പണംതട്ടുന്ന സംഘം മംഗളൂരുവിൽ പിടിയിൽ. മദ്യപിച്ചശേഷം വഴക്കുകൂടിയ യുവതിയെയും യുവാവിനെയും മംഗളൂരു സിറ്റി പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

തിങ്കളാഴ്ച ഉച്ചയോടെ കങ്കനാടിയിലെ ഒരു ഹോട്ടലിനുമുന്നിൽവച്ചാണ് യുവതിയും യുവാവും അടികൂടിയത്. ഇരുവരെയും സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തപ്പോൾ, തന്നെ ഉപയോഗിച്ച് അഞ്ചുയുവാക്കളടങ്ങുന്ന സംഘം വിദേശികളിൽനിന്ന് പണം തട്ടിയ വിവരം യുവതി വെളിപ്പെടുത്തി. ആ പണം വീതംവെയ്ക്കുന്നതിനെച്ചൊല്ലിയായിരുന്നു തർക്കം.

മംഗളൂരുവിലെത്തുന്ന വിദേശടൂറിസ്റ്റുകൾക്കൊപ്പം കൂടി യുവതിയുടെ നഗ്‌നചിത്രങ്ങൾ വാട്സാപ്പിൽ അയച്ചുകൊടുക്കും. വിദേശി കുടുങ്ങിയാൽ യുവതിയെ എത്തിച്ചുകൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പണം കൈക്കലാക്കി വിദേശടൂറിസ്റ്റുകളെ വിരട്ടിയോടിക്കുന്നചാണ് രീതി. അമേരിക്ക, യു.എ.ഇ. എന്നിവിടങ്ങളിൽനിന്നുള്ളവർ കബളിപ്പിക്കപ്പെട്ടവരിൽപ്പെടും. തട്ടിപ്പ് തുടങ്ങിയിട്ട് ഒന്നരവർഷമായെന്ന് യുവതി പറഞ്ഞു.

ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടുപേരെ പാണ്ഡേശ്വർ പൊലീസ് അറസ്റ്റുചെയ്തു. ബാക്കി മൂന്നുപേർക്കുവേണ്ടി അന്വേഷണമാരംഭിച്ചു.