- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപികയെ വേശ്യയെന്നും ദുർനടപ്പുകാരിയെന്നും മുദ്രകുത്തി ബസ്സ് സ്റ്റാൻഡുകളിലും ശുചിമുറികളിലും പോസ്റ്ററുകൾ പതിച്ചത് സഹഅദ്ധ്യാപകർ; കോളേജിലെ നിയമനങ്ങളിൽ അഡ്മിനിസ്ട്രേറ്ററും അദ്ധ്യാപകരും തമ്മിലെ വാക് തർക്കവും അഭിപ്രായ ഭിന്നതയും ഗൂഢാലോചനയായി; ഒടുവിൽ മൂന്ന് പേർ കുടുങ്ങി; മംഗലുരുവിലെ അപമാന ചതി ഇങ്ങനെ
മംഗലൂരു: എനിക്ക് എന്ത് സംഭവിക്കുമെന്ന് എനിക്കു തന്നെ നിശ്ചയമില്ലായിരുന്നു. എന്റെ കുടുംബം,വിദ്യാർത്ഥികൾ, സമൂഹം, ബന്ധുക്കൾ എന്നിവർക്കു മുമ്പിൽ പിടിച്ചു നിൽക്കാനാവാതെ ഞാൻ തളർന്നു പോയി. മംഗലൂരുവിലെ പ്രശസ്തമായ ഒരു കോളേജിലെ അദ്ധ്യാപികയെ വേശ്യയെന്നും ദുർനടപ്പുകാരിയെന്നും മുദ്രകുത്തി ബസ്സ് സ്റ്റാൻഡുകളിലും ശുചിമുറികളിലും പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.
എന്നും കോളേജിൽ കാണുന്ന സഹഅദ്ധ്യാപകർ തന്നെയാണ് ഇത് ചെയ്തതെന്ന് അവർക്ക് വിശ്വസിക്കാനാവുന്നില്ല. ജീവിതം അവസാനിച്ചുവെന്ന് കരുതിയതാണ്. അജ്ഞാതർ എന്നെ അപകടപ്പെടുത്തുമെന്നും ഭയപ്പെട്ടു. എന്നാൽ എല്ലാം നേരിടാനുള്ള ധൈര്യം സംഭരിക്കുകയായിരുന്നു. അതോടെ പൊലീസിന് പരാതി നൽകി. അന്വേഷണം നേരാംവഴിക്ക് നീങ്ങിയതോടെ കോളേജിലെ മൂന്ന് അദ്ധ്യാപകർ തന്നെയാണെന്ന് തെൽവുകൾ സഹിതം പൊലീസ് കണ്ടെത്തുകയായിരുന്നു. അദ്ധ്യാപകരായ ബൽത്തങ്ങാടിയിലെ പ്രകാശ് ഷേണായി, സിദ്ധക്കാട്ടെ പ്രദീപ് പൂജാരി, ഉഡുപ്പി സ്വദേശി താരാനാഥ് ഷെട്ടി, എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
കോളേജിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോളേജ് അഡ്മിനിസ്ട്രേറ്ററും അദ്ധ്യാപകരും തമ്മിൽ വാക് തർക്കവും അഭിപ്രായ ഭിന്നതയും ഉടലെടുത്തിരുന്നു. ഇതോടനുബന്ധിച്ച് തങ്ങൾക്കെതിരായി നിലപാടെടുത്തുവെന്ന സംശയത്തിൽ അദ്ധ്യാപികയെ ബോധപൂർവ്വം അപമാനിക്കാനാണ് പ്രതികളായ അദ്ധ്യാപകർ ശ്രമിച്ചത്. അദ്ധ്യാപികയെ വേശ്യ എന്ന് ചിത്രീകരിച്ചുള്ള നൂറുക്കണക്കിന് പോസ്റ്ററുകളാണ് കർണാടകത്തിലെ സുള്ള്യ, മുടിഗരെ, മടിക്കേരി, മൈസൂർ, ശിവമൊഗ്ഗ, സുബ്രമണ്യ, എന്നീ വിവിധ ജില്ലകളിലെ പൊതു സ്ഥലങ്ങളിൽ പതിച്ചത്.
മംഗലൂരു, മൈസൂരു സർവ്വകലാശാലകൾക്കു പുറത്തും അദ്ധ്യാപികയെക്കുറിച്ച് പോസ്റ്ററുകൾ പതിക്കപ്പെട്ടിരുന്നു. പോസ്റ്ററുകൾക്കൊപ്പം അദ്ധ്യാപിക ഉപയോഗിച്ചു വന്ന ഫോൺ നമ്പർ , ഈ മെയിൽ ഐ.ഡി, ബന്ധപ്പെടേണ്ട വിലാസം എന്നിവയും ചേർത്തിരുന്നു.
മംഗലൂരു സർവ്വകലാശാലക്ക് കീഴിലെ എല്ലാ കോളേജ് പ്രിൻസിപ്പൽമാർക്കും അദ്ധ്യാപകർക്കും അദ്ധ്യാപികയെ അധിക്ഷേപിച്ചുകൊണ്ടുള്ള കത്തുകൾ തപാൽ വഴിയും അയച്ചിരുന്നു.
അദ്ധ്യാപികയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ കർണാടകത്തിലെ വിവിധ സർവ്വകലാശാലാ പരിധിയിലെ ബസ്സ്റ്റാൻഡുകളിലും പൊതു ശുചിമുറികളിലും പ്രദർശിപ്പിച്ചിരുന്നു. ഈ.മെയിൽ വഴിയും ഫോൺ മുഖേനയും അദ്ധ്യാപികയെ നിരന്തരമായി ശല്യപ്പെടുത്താൻ ഈ അദ്ധ്യാപകർ ശ്രമിച്ചതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ദിവസങ്ങളായി കഠിനമായ മാനസിക സംഘർഷത്തിലായിരുന്നു അദ്ധ്യാപികയെന്ന് പൊലീസ് പറയുന്നു.
രഞ്ജിത്ത് ബാബു മറുനാടൻ മലയാളി കണ്ണൂർ റിപ്പോർട്ടർ