ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയാൽ ഏറിയാൽ ആറുമാസത്തെ ആയുസ്. 2013-ൽ മംഗൾയാൻ വിക്ഷേപിക്കുമ്പോൾ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ അതായിരുന്നു. എന്നാലിപ്പോൾ, മംഗൾയാൻ 1000 ഭൗമദിനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഇപ്പോഴും യാതൊരു ക്ഷീണവുമില്ലാതെ, വറ്റാത്ത ഇന്ധനവുമായി ചൊവ്വയുടെ രഹസ്യങ്ങൾ പകർത്തി മംഗൾയാൻ ലോകരാജ്യങ്ങളെ അതിശയിപ്പിക്കുന്നു. ചുവന്ന ഗ്രഹത്തെക്കുറിച്ചുള്ള പഠനങ്ങളിൽ ഇനിയും മംഗൾയാൻ ഉപയോഗപ്പെടുമെന്നുതന്നെ ശാസ്ത്രജ്ഞരും പറയുന്നു.

ഐ.എസ്.ആർ.ഒയിലെയും ശാസ്ത്രജ്ഞർ മംഗൾയാന്റെ ദീർഘായുസ് കണ്ട് അമ്പരന്നിരിക്കുകയാണ്. 2013 നവംബർ അഞ്ചിനാണ് പി.എസ്.എൽവി.-സി25 റോക്കറ്റിൽ മംഗൾയാൻ വിക്ഷേപിച്ചത്. ഒമ്പത് മാസത്തെ യാത്രയ്ക്കുശേഷം 2014 സെപ്റ്റംബർ 24-ന് അത് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. മംഗൾയാന് ഇപ്പോഴും യാതൊരു കുഴപ്പവുമില്ലെന്ന് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ഡോ. കെ.ശിവൻ പറയുന്നു. 852 കിലോ ഇന്ധനമായിരുന്നു മംഗൾയാനിലുണ്ടായിരുന്നത്. ഇപ്പോഴും 13-14 കിലോ ഇന്ധനം ശേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1000 ഭൗമ ദിനങ്ങളാണ് മംഗൾയാൻ പൂർത്തിയാക്കിയത്. 973.24 ചൊവ്വ ദിനങ്ങൾക്ക് തുല്യമാണിത്. ഇക്കാലയളവിൽ 388 തവണ അത് ചൊവ്വയെ പ്രദക്ഷിണംവെച്ചു. ഇന്ധനം ഇപ്പോഴും ശേഷിക്കുന്നത് ഒട്ടുംതന്നെ ഇന്ധനച്ചോർച്ചയില്ലാതെ മംഗൾയാൻ ഇപ്പോഴും പ്രവർത്തിക്കുന്നു എന്നതാണെന്ന് കെ.ശിവൻ പറഞ്ഞു. മംഗൾയാന്റെ വിക്ഷേപണത്തിൽനിന്നും ദീർഘായുസ്സിൽനിന്നും മനസ്സിലാക്കിയ കാര്യങ്ങൾ ഐഎസ്ആർഒയുടെ ഭാവി പ്രവർത്തനങ്ങൾക്ക് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വയെക്കുറിച്ച് പഠിക്കാൻ ഏറ്റവും ചെലവുകുറഞ്ഞ ഉപഗ്രഹം അയച്ചാണ് ഇന്ത്യ മംഗൾയാൻ ദൗത്യത്തിലൂടെ ഇന്ത്യ ലോകത്തെ ഞെട്ടിച്ചത്. 450 കോടി രൂപയായിരുന്നു ഇതിന്റെ ചെലവ്. ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച് പഠിക്കുന്നതിനായിരുന്നു മംഗൾയാൻ വിക്ഷേപിച്ചത്. ചൊവ്വയിൽ ജീവന്റെ തെളിവുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ചൊവവ്വയിൽനിന്ന് ഇതേവരെ മംഗൾയാൻ 715 ചിത്രങ്ങൾ പകർത്തിയയച്ചതായി ശാസ്ത്രജ്ഞർ പറഞ്ഞു.

ചാന്ദ്രയാൻ-2 ആണ് ഐഎസ്ആർഒയുടെ വലിയ ദൗത്യം. 2018 ആദ്യ പാദത്തിൽ ഇത് നടപ്പിലാക്കാനാകുമെന്നാണ് പ്രതീക്ഷ. 2018-19 വർഷങ്ങളിൽ ആദിത്യ മിഷനും ഐഎസ്ആർഒയുടെ മുന്നിലുണ്ട്.