- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിശതിരുത്തൽ പ്രവർത്തനങ്ങൾ പൂർത്തിയായി; തിങ്കളാഴ്ച അതിനിർണായകം: ലോകത്തെ വിസ്മയപ്പെടുത്താൻ ഇന്ത്യക്ക് ഇനി നാലു ദിനം കൂടി മാത്രം
ബാംഗ്ലൂർ: ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകമായ മംഗൾയാൻ ലക്ഷ്യത്തിലേക്കുള്ള അവസാന പാദത്തിൽ. ലോകത്തെ വിസ്മയപ്പെടുത്താൻ ഇന്ത്യയ്ക്ക് ഇനി നാലു ദിനം കൂടി മാത്രം. യാത്രയുടെ 98 ശതമാനവും പൂർത്തിയാക്കിയ പേടകം 22നുള്ള ദിശാ തിരുത്തലോടെ പുതിയ ഘട്ടത്തിലേക്ക് കടക്കും. 24ന് രാവിലെ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നാണ് കണക്കുകൂട്ടൽ. 22ന് പേട
ബാംഗ്ലൂർ: ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകമായ മംഗൾയാൻ ലക്ഷ്യത്തിലേക്കുള്ള അവസാന പാദത്തിൽ. ലോകത്തെ വിസ്മയപ്പെടുത്താൻ ഇന്ത്യയ്ക്ക് ഇനി നാലു ദിനം കൂടി മാത്രം. യാത്രയുടെ 98 ശതമാനവും പൂർത്തിയാക്കിയ പേടകം 22നുള്ള ദിശാ തിരുത്തലോടെ പുതിയ ഘട്ടത്തിലേക്ക് കടക്കും. 24ന് രാവിലെ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നാണ് കണക്കുകൂട്ടൽ. 22ന് പേടകത്തിലെ എൻജിൻ പ്രവർത്തിപ്പിക്കാനുള്ള കമാൻഡുകൾ അപ്ലോഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. 22ന് നാലു സെക്കൻഡ് എൻജിൻ പ്രവർത്തിപ്പിച്ചാണ് പേടകത്തിന്റെ ദിശ തിരുത്തുക. 10 മാസത്തോളമുള്ള ഇടവേളക്കുശേഷമാണ് പേടകത്തിലെ പ്രധാന എൻജിൻ പ്രവർത്തിപ്പിക്കുക. ചൊവ്വാ ദൗത്യത്തിൽ ഏറെ നിർണായകമായ പ്രവൃത്തിയാണിത്.
സെക്കൻഡിൽ 22 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന മംഗൾയാന്റെ വേഗം കുറച്ച് സഞ്ചാരപഥം ക്രമീകരിച്ച് 24ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിക്കുന്നതും പ്രധാന വെല്ലുവിളിയാണ്. അതേസമയം, 24ന് മംഗൾയാൻ ചൊവ്വാ ഭ്രമണപഥത്തിലേക്ക് സുഗമമായി പ്രവേശിക്കുന്നതിനുള്ള സന്ദേശങ്ങൾ അപ്ലോഡ് ചെയ്തതായി ഐ.എസ്.ആർ.ഒ സയൻറിഫിക് സെക്രട്ടറി വി. കോട്ടേശ്വര റാവു അറിയിച്ചു.
ഭൂമിയിൽ പല ഘട്ടത്തിലുള്ള പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ലിക്വിഡ് അപ്പോജി മോട്ടോർ ഉണർന്നെണീറ്റ് ചൊവ്വ കേന്ദ്രമായ ഭ്രമണപഥത്തിലേക്ക് പേടകത്തെ മാറ്റുമെന്ന് തന്നെയാണ് ISRO യുടെ വിശ്വാസം. എങ്കിലും ഒരു മറു സാധ്യത നിലനിൽക്കുന്നുണ്ട്. ഇനി മുൻകൂട്ടി നിശ്ചയിച്ചതിൽ നിന്ന് എന്തെങ്കിലും മാറ്റം സംഭവിച്ചാൽ, പ്ലാൻ ബി എന്ന പേരിൽ രക്ഷാപ്രവർത്തന ദൗത്യവും ഒരുക്കിയിട്ടുണ്ട്. പേടകത്തിലെ എട്ട് ത്രസ്‌ററുകൾ ഉപയോഗിച്ച് പ്രവേഗം കുറയ്ക്കാനാകും ശാസ്ത്രജ്ഞർ ശ്രമിക്കുക. രണ്ട് എഞ്ചിൻ വീതം മാറി മാറി എട്ടും പ്രവർത്തിപ്പിക്കാനാണ് തീരുമാനം. ഇതിലൂടെ പേടകത്തെ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ഭ്രമണപഥത്തിലാകും എത്തിക്കാനാകുക. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച അത്രയും നേട്ടങ്ങൾ നേടാനായില്ലെന്നും വരാം. പക്ഷെ ഇതൊരു സാധ്യത മാത്രമാണ്. പ്രധാന എഞ്ചിൻ പ്രവർത്തിപ്പിച്ച് തന്നെ പേടകത്തെ ചൊവ്വയിൽ നിന്ന് കുറഞ്ഞത് 423 കിലോ മീറ്ററും കൂടിയത് 80,000 കിലോ മീറ്ററും അകലമുള്ള ഭ്രമണപഥത്തിലെത്തിക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം.
പേടകത്തെ ഭൂമിയുടെ ആകർഷണവലയത്തിൽനിന്ന് സൂര്യന്റെ ഭ്രമണപഥത്തിലേക്ക് മാറ്റാൻ കഴിഞ്ഞ ഡിസംബർ ഒന്നിനാണ് പ്രധാന യന്ത്രം പ്രവർത്തിപ്പിച്ചത്. ഇത് വിജയമായിരുന്നു. പത്തുമാസത്തെ ഇടവേളയ്ക്കുശേഷം യന്ത്രത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുകയാണ് 22ന് ചെയ്യുന്നത്. അന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പേടകത്തിലെ പ്രധാന ദ്രവ എൻജിൻ നാല് സെക്കൻഡ് പ്രവർത്തിപ്പിക്കുന്നത്. ഇത് വിജയിച്ചാൽ എളുപ്പത്തിൽ പേടകത്തെ ചൊവ്വയുടെ വലയത്തിലേക്ക് മാറ്റാനാകും. സഞ്ചാരപഥത്തിലെ തിരുത്തലും അന്ന് നടത്തും. കഴിഞ്ഞ ഞായറാഴ്ച പഥക്രമീകരണം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതികകാരണങ്ങളാൽ 22ലേക്ക് മാറ്റുകയായിരുന്നു.
ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള മാറ്റം വിജയമായാൽ പേടകത്തിൽ നിന്ന് സന്ദേശം ലഭിക്കാനും തിരിച്ചയയ്ക്കാനും 25 മിനിറ്റ് വേണ്ടിവരും. അതിനിർണായകമാണ് ഈ നിമിഷങ്ങൾ. ചൊവ്വാപഥത്തിലേക്ക് കടക്കുന്ന ദിവസം ഐഎസ്ആർഒ പേടകത്തിന് പ്രധാന സന്ദേശങ്ങളൊന്നും നൽകില്ല.പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലാകുമ്പോൾ സന്ദേശങ്ങൾ സ്വകരിക്കുന്നത് ഓസ്‌ട്രേലിയയിലെ ബഹിരാകാശ കേന്ദ്രമായിരിക്കും, ഇവിടെ നിന്നാണ് ബാംഗ്ലൂർ പീനിയയിലെ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ ലഭിക്കുക. എന്നാൽ, പിറ്റേദിവസം മുതൽ ബാംഗ്ലൂരിലെ കേന്ദ്രത്തിൽ സന്ദേശം ലഭിക്കും. ഐഎസ്ആർഒയുടെ ബാംഗ്ലൂരിലെ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിലും ബൈലാലുവിലെ ഇന്ത്യൻ ഡീപ് സ്‌പേസ് നെറ്റ്‌വർക്കിലും സജ്ജീകരണങ്ങൾ പൂർത്തിയായി. നൂറോളം ശാസത്രജ്ഞരാണ് രാവും പകലും പേടകത്തെ നിരീക്ഷിക്കുന്നത്.