- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്ര ദൗത്യവുമായി മംഗൾയാൻ ചൊവ്വയിൽ ആറുമാസം തികച്ചു; ഇന്ന് കൽപിത ആയുസ് പൂർത്തിയായിട്ടും വിസ്മയം തീർക്കാൻ ചുവന്ന ഗ്രഹത്തിൽ ചുറ്റിത്തിരിഞ്ഞ് നമ്മുടെ അഭിമാനം
ചരിത്ര ദൗത്യവുമായി ഇന്ത്യയിൽനിന്നും വിക്ഷേപണം ചെയ്ത ആദ്യ ഗ്രഹാന്തരപേടകമായ മംഗൾയാൻ ചൊവ്വയിൽ ആറുമാസം തികച്ചു. ആറുമാസം മാത്രമാണ് ചൊവ്വയിൽ മംഗൾയാന് ആയുസ് പറഞ്ഞിരുന്നതെങ്കിലും പേടകത്തിൽ ഇനിയും 37 കിലോഗ്രാം ദ്രവ ഇന്ധന ശേഷിപ്പുള്ളതിനാൽ പേടകം കൂടുതൽ മാസങ്ങൾ ചൊവ്വയിൽ കഴിയും. എന്നാൽ ഇലക്ട്രോണിക് സംവിധാനങ്ങൾക്കും നിയന്ത്രണ സംവിധാനങ്
ചരിത്ര ദൗത്യവുമായി ഇന്ത്യയിൽനിന്നും വിക്ഷേപണം ചെയ്ത ആദ്യ ഗ്രഹാന്തരപേടകമായ മംഗൾയാൻ ചൊവ്വയിൽ ആറുമാസം തികച്ചു. ആറുമാസം മാത്രമാണ് ചൊവ്വയിൽ മംഗൾയാന് ആയുസ് പറഞ്ഞിരുന്നതെങ്കിലും പേടകത്തിൽ ഇനിയും 37 കിലോഗ്രാം ദ്രവ ഇന്ധന ശേഷിപ്പുള്ളതിനാൽ പേടകം കൂടുതൽ മാസങ്ങൾ ചൊവ്വയിൽ കഴിയും. എന്നാൽ ഇലക്ട്രോണിക് സംവിധാനങ്ങൾക്കും നിയന്ത്രണ സംവിധാനങ്ങൾക്കും ഉണ്ടാകുന്ന നേരിയ തകരാറുകൾപോലും പേടകത്തെ തകർക്കും. ചൊവ്വയുടെ ചുരുളഴിക്കുന്ന നിരവധി ചിത്രങ്ങളും ആയിരക്കണക്കിന് വിവരങ്ങളും അയച്ച പേടകത്തിന്റെ ആയുസ്സ് ഒരുവർഷത്തിലേറെ നീളുമെന്നാണ് വിലയിരുത്തൽ. ഈ കാലയളവ് അഞ്ചു വർഷത്തേക്ക് നീണ്ടാലും അത്ഭുതമില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.
മംഗൾയാന് യാതൊരു പ്രശ്‌നവുമില്ലെന്നും അഞ്ചു പരീക്ഷണ ഉപകരണങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുവെന്നും ഐഎസ്ആർഒ അറിയിച്ചു. ചൊവ്വയെ വലംവയ്ക്കുന്ന പേടകത്തിൽനിന്നുള്ള സിഗ്‌നലുകൾ കൃത്യമായി ലഭിക്കുന്നുണ്ട്. 35 കോടിയിലധികം കിലോമീറ്റർ അകലെ ആയതിനാൽ സിഗ്‌നലുകൾ ലഭിക്കാൻ 19 മിനിറ്റിന്റെ കാലതാമസം ഉണ്ടാകുന്നുവെന്ന് മാത്രം. എന്നാൽ ജൂൺ എട്ടുമുതൽ 22 വരെ മംഗൾയാനിൽനിന്ന് വിവരങ്ങളൊന്നും കിട്ടില്ല. ചൊവ്വയ്ക്കും ഭൂമിക്കുമിടയിൽ സൂര്യൻ വരുന്ന ദുർഘടസന്ധിയാണത്. മുൻകൂട്ടി കൊടുത്തിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് മംഗൾയാൻ ആ സമയത്തും പ്രവർത്തിക്കുമെങ്കിലും സന്ദേശങ്ങൾ ഭൂമിയിൽ ലഭിക്കില്ലെന്നാണ് കരുതുന്നത്.
2013 നവംബർ അഞ്ചിനാണ് ശ്രീഹരിക്കോട്ടയിലെ സതീശ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് പി.എസ്.എൽ.വി. സി25 റോക്കറ്റ് ഉപയോഗിച്ച് മംഗൾയാൻ വിക്ഷേപിച്ചത്. ആദ്യം ഭൂമിയെ വലം വച്ച മംഗൾയാൻ പടിപടിയായി ഭ്രമണപഥം ഉയർത്തി സൂര്യന്റെ ഭ്രമണപഥത്തിലേക്ക് ചാടി. പിന്നെ മാസങ്ങൾ അതിലൂടെ ചുറ്റി കഴിഞ്ഞ വർഷം സെപ്റ്റംബർ 24 നാണ് മംഗൾയാൻ ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തിച്ചേർന്നത്.
സെപ്റ്റംബറിൽ ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തിയ മംഗൾയാൻ പ്രധാന ദൗത്യം പൂർത്തിയാക്കിക്കഴിഞ്ഞു. ചൊവ്വയിലെ കൂറ്റൻ മലഞ്ചെരിവുകളും കുന്നുകളും നിറങ്ങളിൽ ഒപ്പിയെടുത്ത് മംഗൾയാൻ ഭൂമിയിലേക്ക് അയച്ചിരുന്നു. മംഗൾയാനിലെ മാർസ് കളർ ക്യാമറ പകർത്തിയ ആദ്യ കളർ ചിത്രങ്ങൾ ഐ എസ് ആർ ഒ പുറത്ത് വിട്ടത് ഇന്ത്യൻ ജനത ആകെ ആഘോഷമാക്കിയിരുന്നു. ചുവന്ന ഗ്രഹത്തിലെ കൂറ്റൻ അഗ്‌നിപർവ്വതത്തിന്റെ അവശിഷ്ടം, വലിയ ഗർത്തം എന്നിവ ചിത്രങ്ങളിൽ വ്യക്തമായി കാണാം.
ആർസിയ മോൺസ് എന്നു വിളിക്കപ്പെടുന്ന കൂറ്റൻ അഗ്‌നിപർവ്വതത്തിന്റെ ഒരു ത്രിമാന ചിത്രം ഉൾപ്പെടെയുള്ള കളർ ചിത്രങ്ങൾ ചൊവ്വാ പ്രതലത്തിൽ നിന്ന് 10,707 കിലോമീറ്റർ മുകളിൽ നിന്നാണ് മംഗൾയാൻ പകർത്തിയത്. 16 കിലോമീറ്ററോളം ഉയരമുള്ള കൂറ്റൻ മലയാണിത്. നാലായിരം കിലോമീറ്റർ നീളവും 200 കിലോമീറ്റർ വീതിയും ഏഴു കിലോമീറ്റർ ആഴവുമുള്ള കൂറ്റൻ മലയിടുക്കുകളുടേയും ഗർത്തങ്ങളുടേയും ദൃശ്യവും വർണ്ണപ്പകിട്ടോടെ പകർത്തിയിട്ടുണ്ട്. 2400 കിലോമീറ്റർ അകലെ നിന്നാണ് ഈ ദൃശ്യം മംഗൾയാന്റെ ക്യാമറക്കണ്ണിൽ പതിഞ്ഞത്. സൗരയൂഥത്തിലെ ഏറ്റവും വലിയ മലയിടുക്കുകളിൽ ഒന്നാണ് വാലിസ് മറിനറിസ് എന്നറിയപ്പെടുന്ന ഇത്. ഏറ്റവും സങ്കീർണമായ ഗർത്തമെന്നറിയപ്പെടുന്ന ഇയോസ് കെയോസിന്റെ ചിത്രവും കൂട്ടത്തിലുണ്ട്. ചൊവ്വാ പ്രതലത്തിൽ നിന്ന് 4403 കിലോമീറ്റർ അകലെ നിന്ന് ഫെബ്രുവരി അഞ്ചിന് പകർത്തിയതാണ് ഈ ദൃശ്യം.
ചൊവ്വയുടെ അന്തരീക്ഷത്തിലെ മീഥെയ്ൻ സാന്നിധ്യത്തെ കുറിച്ച് പഠിക്കുന്നതിനുള്ള മംഗൾയാനിലെ പ്രത്യേക മീഥെയ്ൻ സെൻസറുകളും ഐ എസ് ആർ ഒ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ചൊവ്വോപരിതലത്തിലെ തരംഗപ്രവാഹത്തിന്റെ തോത് അളയ്ക്കാൻ സഹായിക്കുന്ന ഈ സെൻസർ ചൊവ്വയിലെ ജീവനെ തേടിയുള്ള അന്വേഷണത്തിൽ നിർണായകമാണ്. സൂര്യ തരംഗങ്ങളുടെ പ്രവാഹം ചൊവ്വാ ഗ്രഹം എത്രത്തോളം തിരിച്ച് പ്രതിഫലിപ്പിക്കുന്നുണ്ട് എന്ന് അളന്നെടുക്കാൻ ഈ സെൻസറിനു കഴിയും. എന്നാൽ ഈ സെൻസർ നൽകുന്ന വിവരങ്ങൾ ഇപ്പോൾ പുറത്തു വിടുന്നില്ലെന്നും ശരിയായ പഠനങ്ങൾക്കു ശേഷമെ പരസ്യപ്പെടുത്തൂവെന്നും ഐ എസ് ആർ ഒ വ്യക്തമാക്കിയിരുന്നു.