ത്തുമാസം ചുമന്നുപെറ്റ അമ്മയെ ഓർമിപ്പിക്കും വിധമായിരുന്നു മംഗൾയാന്റെ യാത്ര. പത്തുമാസത്തിനുശേഷമാണ് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നത്. ഇംഗ്ലീഷിൽ 'മാർസ് ഓർബിറ്റ് മിഷൻ' (Mars Orbit Mission) എന്നതും അമ്മയെ (MOM) സൂചിപ്പിക്കുന്നു. 'ചൊവ്വാദോഷമകറ്റാനുള്ള' ഈ യാത്രയുടെ വിവരങ്ങൾക്കായി രാജ്യവും ലോകവും കാതോർത്തിരുന്ന നാൾവഴികളിലൂടെ:

  • നവംബർ 5, 2013: ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേസ് സെന്ററിൽനിന്ന് പിഎസ്എൽവി സി 25 വിക്ഷേപണ വാഹനത്തിൽ മംഗൾയാൻ യാത്ര തുടങ്ങി.
  • ഡിസംബർ 1, 2013: ഭൗമാന്തരീക്ഷംവിട്ട് സൗരവലയത്തിലേക്ക് കടന്നു. ഇതിനുശേഷമുള്ള മംഗൾയാന്റെ നിയന്ത്രണമായിരുന്നു ഏറെ നിർണായകം.
  • ഫെബ്രുവരി 11, 2014: മംഗൾയാൻ നൂറുദിനം പൂർത്തീകരിച്ചു.
  • ഏപ്രിൽ 10, 2014: ആകെ സഞ്ചരിക്കേണ്ടതിന്റെ പകുതിദൂരം പിന്നിട്ടു.
  • ജൂൺ 12, 2014: ന്യൂട്ടൺ ലാം എഞ്ചിന്റെ ജ്വലനം വിജയകരമായി. ഇതോടെ പേടകത്തിന്റെ വേഗം മണിക്കൂറിൽ 1,00,800 കിലോമീറ്ററായി ഉയർന്നു.
  • ജൂലൈ 28, 2014: മംഗൾയാൻ 555 മില്യൺ കിലോമീറ്റർ പിന്നിട്ടു.
  • സെപ്റ്റംബർ 22, 2014: പരീക്ഷണ ജ്വലനം വിജയകരം. മംഗൾയാൻ ചൊവ്വയുടെ സ്വാധീന വലയത്തിൽ
  • സെപ്റ്റംബർ 24, 2014: മംഗൾയാൻ ദൗത്യം വിജയം. ചൊവ്വയുടെ ഭ്രമണപഥത്തിൽ ഇന്ത്യയുടെ പേടകം എത്തി.

ചൊവ്വയെ വലംവച്ച് വിവരങ്ങൾ കൈമാറുകയാണ് മംഗൾയാന്റെ ലക്ഷ്യം. ചൊവ്വയുടെ 370 കിലോമീറ്റർ വരെ അടുത്ത് ഇന്ത്യൻ പേടകം എത്തും. മുമ്പ് ദൗത്യം വിജയകരമാക്കിയ റഷ്യ, അമേരിക്ക, യൂറോപ്യൻ സ്‌പേസ് ഏജൻസി എന്നിവ ചൊവ്വയിലേക്ക് നേരിട്ട് പേടകം അയക്കുകയായിരുന്നു. പോർട്ട് ബ്ലെയർ, ബ്രൂണെ, കർണാടകയിലെ ബ്യാലലൂ എന്നീ കേന്ദ്രങ്ങളിലും ശാന്തസമുദ്രത്തിൽ നങ്കൂരമിട്ടിരിക്കുന്ന നളന്ദ, യമുന എന്നീ കപ്പലുകളിലും ഘടിപ്പിച്ചിരിക്കുന്ന റിസീവിങ് യൂണിറ്റുകളാണ് പേടകത്തെ നിരീക്ഷിക്കുന്നതും നിർദ്ദേശങ്ങൾ നൽകുന്നതും.

ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തിയ ഇന്ത്യൻ നിർമ്മിതപേടകമാണിപ്പോൾ മംഗൾയാൻ. 22 കോടി കിലോമീറ്ററാണ് ഭൂമിയിൽ നിന്ന് ചൊവ്വയിലേക്കുള്ള ശരാശരി ദൂരം. സൗരപഥത്തിലൂടെയുൾപ്പെടെ യാത്രചെയ്ത മംഗൾയാൻ ആകെ സഞ്ചരിച്ചത് 68 കോടി കിലോമീറ്ററാണ്.