- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗ്ലൂരു ഫാസിൽ കൊലക്കേസ് ; പ്രധാന പ്രതികളിലൊരാൾ അറസ്റ്റിൽ; അറസ്റ്റ് ചെയ്തതുകൊലയാളി സംഘമെത്തിയ കാറിന്റെ ഡ്രൈവർ; കൊലയാളി സംഘത്തിന് സഹായം നൽകിയതും ഇയാളെന്ന് പൊലീസ്; കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി; നിരോധനാജ്ഞന ആറ് വരെ നീട്ടി
മംഗ്ലൂരു : മംഗ്ലൂരു സൂറത്കലിലെ ഫാസിൽ കൊലക്കേസിൽ പ്രധാന പ്രതികളിൽ ഒരാൾ അറസ്റ്റിൽ. മംഗ്ലൂരു സ്വദേശി അജിത്ത് ഡിസോസയാണ് അറസ്റ്റിലായത്. കൊലപാതക സംഘമെത്തിയ കാർ ഓടിച്ചിരുന്നത് അജിത്താണെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലയാളി സംഘത്തിന് സഹായം നൽകിയതും ഇയാളാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.കേസിൽ നേരത്തെ ഇരുപതിലേറെ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
മുഖംമൂടി ധരിച്ച് വെളുത്ത ഹ്യുണ്ടായ് കാറിലെത്തിയ നാലംഗസംഘമാണ് 23 കാരൻ ഫാസിലിനെ വ്യാഴാഴ്ച രാത്രി വെട്ടിക്കൊന്നത്. പ്രാദേശിക സംഘപരിവാർ യുവജന സംഘടനാ പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. യുവമോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെയുണ്ടായ ആസൂത്രിത കൊലപാതകമാണ് ഫാസിലിന്റേതെന്നാണ് പൊലീസ് സംശയിക്കുന്നത്.എന്നാൽ ഇക്കാര്യം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറയുന്നു. പോപ്പുലർ ഫ്രണ്ട് പ്രാദേശിക പ്രവർത്തകരുമായി അടുപ്പമുണ്ടായിരുന്നയാളാണ് ഫാസിൽ.
സംഘർഷങ്ങളെ തുടർന്ന് ദക്ഷിണ കർണാടകയിൽ നിരോധനാജ്ഞ അടുത്ത മാസം ആറ് വരെ നീട്ടിയിട്ടുണ്ട്. മംഗ്ലൂരു നഗരപരിധിയിൽ തിങ്കളാഴ്ച വരെ നിരോധനാജ്ഞ തുടരും. അതിർത്തി മേഖലകളിൽ കർശന പരിശോധനയാണ് നടക്കുന്നത്. അതേ സമയം, യുവമോർച്ച പ്രവർത്തകൻ പ്രവീണിന്റെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ പിടിയിലായതിന് പിന്നാലെയാണ് കേസ് എൻഐഎക്ക് കൈമാറിയത്.
ബിജെപി എംപിമാരടക്കം ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കേരള രജിസ്‌ട്രേഷനിലുള്ള ബൈക്ക് പൊലീസ് കസ്റ്റഡിയിലാണ്. പ്രതികളുടെ കേരള ബന്ധം അടക്കം എൻഐഎ പരിശോധിക്കും. പ്രതികളുടെ കേരളാ ബന്ധമടക്കം പരിശോധിക്കുകയാണ്. അതേസമയം പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി എബിവിപി. ഗേയ്റ്റ് ചാടികടന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. ആഭ്യന്തര മന്ത്രിയുടെ വീട്ടുമുറ്റത്ത് പ്രതിഷേധിച്ച വനിതാ പ്രവർത്തകയെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
നാൽപ്പതോളം എബിവിപി പ്രവർത്തകരാണ് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ വീട്ടിലേക്ക് ഇരച്ചെത്തിയത്.ഇന്നലെ രാവിലെയായിരുന്നു സംഭവം. ഈ സമയം മന്ത്രി ശിവമോഗയിൽ ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. മന്ത്രിയുടെ സ്റ്റാഫുകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഒരു വനിത പ്രവർത്തകയടക്കം മുപ്പത് എബിവിപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ ഉൾപ്പടെയുള്ള കൊലപാതകത്തോടെ സംസ്ഥാന സർക്കാരിനെതിരെ ബിജെപി അണികളിൽ അമർഷം പുകയുകയാണ്.
മറുനാടന് മലയാളി ബ്യൂറോ