മംഗളൂരു: മംഗളുരു കേന്ദ്രമാക്കി നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കു പിന്നിൽ മലയാളികളുടെ പങ്ക് ക്രമാതീതമാകുന്നു. മയക്കു മരുന്ന്, പെൺ വാണിഭം, സ്വർണ്ണക്കടത്ത,് മറ്റ് മാഫിയ പ്രവർത്തനങ്ങൾ വരെ മലയാളികളുടെ നേതൃത്വത്തിൽ നടക്കുന്ന സംഭവങ്ങളായാണ് അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കാസർഗോട്ടെ അധോലോക നായകന്മാരായിരുന്ന കസായി അലിയും കാലിയാ റഫീക്കും തട്ടകമാക്കിയത് മംഗളുരുവിലായിരുന്നു. ഒരു ഏറ്റുമുട്ടലിൽ മംഗളുരുവിൽ വെച്ച് കാലിയാ റഫീഖ് കൊല്ലപ്പെട്ടതോടെ മലയാളി ഗുണ്ടകൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. എന്നാൽ ഇപ്പോൾ ലഹരി മരുന്ന് കടത്തും ഉപയോഗവും സെക്സ് റാക്കറ്റും എല്ലാം മലയാളികൾ തന്നെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കയാണ്.

കഴിഞ്ഞ ദിവസം കാറിൽ ചുറ്റുകയായിരുന്ന മൂന്ന് എഞ്ചിനീയറിങ് വിദ്യാർത്ഥികളേയും ഒപ്പമുള്ള യുവതിയേയും പിടികൂടി ചോദ്യം ചെയ്തതോടെയാണ് മംഗളുരുവിൽ മലയാളികൾ ചെയ്ത് കൂട്ടുന്ന കുറ്റ കൃത്യങ്ങളുടെ വ്യാപ്തി പുറം ലോകം അറിയുന്നത്. മംഗളുരു തോക്കോട്ടെ ലോഡ്ജിൽ മയക്കു മരുന്ന് നൽകി യുവതിയെ മൂന്ന് ദിവസം പീഡിപ്പിച്ച കേസിൽ രണ്ടു പേരാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ യുവാവിനു വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്. കാസർഗോഡ് സ്വദേശിയും അടുത്തിടെ വിവാഹിതയുമായ യുവതി പൊലീസിനോട് പറഞ്ഞ കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.

മൂന്ന് വർഷം മുമ്പ് കാസർഗോട്ടെ ഒരു പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിൽ നിന്നും പ്ലസ്ടു കഴിഞ്ഞ് ഇറങ്ങിയതായിരുന്നു യുവതി. പത്താം ക്ലാസ് മുതൽ സ്‌ക്കൂൾ കോമ്പൗണ്ടിൽ നിന്നു തന്നെ ആൺകുട്ടികൾ തനിക്ക് ലഹരി മരുന്ന് തന്നതായും ചോദ്യം ചെയ്യലിൽ യുവതി വ്യക്തമാക്കിയിട്ടുണ്ട്. മംഗളുരുവിലെ ബാറിൽ പോയി മദ്യപിച്ചായിരുന്നു തുടക്കം. പിന്നീട് അവിടെ വച്ചു തന്നെ കഞ്ചാവും വലിച്ചു തുടങ്ങി. പ്ലസ് ടു വരേയും തുടർന്ന ശീലം ഇപ്പോഴും അഭംഗുരം തുടരുന്നു. ലഹരി മരുന്നിനായി മംഗളുരുവിലെ നിഗൂഢ കേന്ദ്രങ്ങളിൽ ആൺകുട്ടികൾക്കൊപ്പം പോയിരുന്നു. ആറ് മാസം മുമ്പ് വിവാഹിതയായ യുവതിയുടെ വഴിവിട്ട ജീവിതം തിരിച്ചറിഞ്ഞതോടെ ഭർത്താവ് വിവാഹ മോചനത്തിന് തയ്യാറെടുക്കുന്നതായും വിവരമുണ്ട്.

കഴിഞ്ഞ മാർച്ച് 7 ന് ഭർത്താവിന്റെ മാങ്ങാട്ടെ വീട്ടിൽ നിന്ന് ബന്ധുവിനൊപ്പം ഇറങ്ങിയ യുവതിയെ ലോഡ്ജിൽ രണ്ടു പേർ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. ബന്ധുവായ ഒരു യുവാവാണ് ഇവർക്ക് ഒത്താശ ചെയ്തതെന്നും പൊലീസ് പറയുന്നു. പുലിക്കുന്ന സ്വദേശി സുഹൈൽ(23), എതിർത്തോട് സ്വദേശി സൈഫുദ്ദീൻ (22) എന്നിവരാണ് ഇപ്പോൾ പൊലീസ് പിടിയിലുള്ളത്. ഇവർക്കെതിരെ ബലാത്സംഗം, അന്യായമായി തടങ്കലിൽ വെക്കൽ, ഭീഷണിപ്പെടുത്തൽ, ചതിച്ചു തട്ടിക്കൊണ്ടു പോകൽ എന്നിവക്ക് കേസെടുത്തിട്ടുണ്ട്.

ലഹരി മരുന്ന് നൽകിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നുണ്ടെങ്കിലും ലഹരി വസ്തുക്കൾ കണ്ടെടുക്കാത്തതിനാൽ നാർക്കോട്ടിക്സ് വകുപ്പ് ചേർത്തിട്ടില്ല. മംഗളുരുവിലെ സ്വകാര്യ കോളേജുകളിൽ ചിലതിൽ ഇത്തരം അനാശാസ്യ പ്രവർത്തനങ്ങൾക്ക് കേന്ദ്രമായിട്ടുണ്ട്. പ്രത്യേകിച്ചും മലയാളി വിദ്യാർത്ഥികൾ ഭൂരിഭാഗമുള്ള സ്വകാര്യ കോളേജും പരിസരവും കഞ്ചാവും മയക്കു മരുന്നും സുലഭമാണ്.