കോഴിക്കോട്: ആപ്പിളിനെ വെല്ലുന്ന സ്മാർട്ട് ഫോണെന്ന അവകാശവാദവുമായി രംഗത്തത്തെി ഫ്രാഞ്ചൈസി വഴിയും മറ്റും വൻ തട്ടിപ്പിന് പദ്ധതിയിട്ട മാംഗോ ഫോൺ ഉടമകൾ സജീവമായി രംഗത്തേക്ക്. വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടർന്ന് അറസ്റ്റിലായ മാംഗോ ഉടമകളായ ജോസ് കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനുമാണ് പുറത്തിറങ്ങിയ ശേഷം മാംഗോ പദ്ധതിയുമായി വീണ്ടും സജീവമായത്. പഴയ അവകാശ വാദങ്ങളോട് കൂടി തന്നെയാണ് ഇത്തവണയും ഇവർ കളത്തിലിറങ്ങിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി എറണാകുളം പച്ചാളത്ത് ഗംഭീരമായ ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പഴയ ജീവനക്കാരെ പൂർണ്ണമായും ഒഴിവാക്കി പുതിയ ജീവനക്കാരെ സ്ഥാപനത്തിൽ നിയമിക്കുകയും ചെയ്തുകഴിഞ്ഞു. പുതിയ സ്മാർട്ട് ഫോൺ ലോഞ്ചിംഗിന്റെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം മലയാളത്തിലെ മുഴുവൻ മാദ്ധ്യമങ്ങൾക്കും നൽകിയിരുന്നു. മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങൾ മുൻപേജിൽ ഫുൾപേജ് പരസ്യവും നൽകി. എന്നാൽ, ഈ മാദ്ധ്യമങ്ങളിൽ മിക്കവയ്ക്കും പണം നൽകിയിരുന്നില്ല. ഇതോടെ സ്വയം കബളിപ്പിക്കപ്പെട്ട മാദ്ധ്യമങ്ങളും മൗനലത്തിലായി. മാദ്ധ്യമങ്ങളെ അടക്കം പണം കൊടുക്കാതെ കബളിപ്പിക്കുകയും സംസ്ഥാനത്തുടനീളം നിരവധി പേരെ പറ്റിക്കകുകയും ചെയ്ത ആളുകളാണ് പുതിയ ഓഫീസ് ആരംഭിച്ച് വീണ്ടും രംഗത്തത്തെിയിട്ടുള്ളത്.

റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ ചേർന്നാണ് ആപ്പിളിനെ തോൽപ്പിക്കുന്ന മലയാൡകളുടെ മൊബൈൽ കമ്പനി എന്ന പേരിൽ മാംഗോ ഫോൺ അവതരിപ്പിക്കാൻ രംഗത്തെത്തിയത്. നിരവധി ബാങ്കുകളെ വ്യാജരേഖ ഉപയോഗിച്ച് കബളിപ്പിച്ചതിന് ഇവർക്കെതിരെ കേസ് നിലവിലുണ്ട്. ലക്ഷങ്ങളുടെ പരസ്യവുമായി ഇവർ എത്തിയതോടെ തട്ടിപ്പുകളെ കുറിച്ചെല്ലാം ഇവർ മൗനം പാലിച്ചു. ഇതിനിടെ വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത ഫോൺ മാംഗോ ഫോണെന്ന് പറഞ്ഞ് ഫോൺ പുറത്തിറക്കി. പിന്നീട് ഈ ഫോണിനെ കുറിച്ച് ആരും കേട്ടിരുന്നില്ല.

കോടികളുടെ പരസ്യം വാങ്ങിയ പ്രമുഖ മാദ്ധ്യമങ്ങളെല്ലാം വ്യാജ പരസ്യക്കാർക്ക് ഒത്താശ ചെയ്തപ്പോൾ ഈ കെണിയിൽ ആരും വീഴരുതെന്ന് മുന്നറിയിപ്പ് നൽകി വാർത്ത നൽകിയത് മറുനാടൻ മലയാളിയാണ്. ഇതേക്കുറിച്ച് മറുനാടൻ നിരന്തരം വാർത്തകൾ നൽകിയത്. ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഉണ്ടായിരുന്നത്. ഒടുവിൽ ഫോണിന്റെ ലോഞ്ചിങ് ദിവസം എല്ലാ പത്രങ്ങളും ഒന്നാം പേജിൽ തന്നെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം നൽകി. പക്ഷെ ബാങ്ക് ഓഫ് ബറോഡയുടെ പരാതിയെ തുടർന്ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന എം ഫോൺ ലോഞ്ചിങ് ചടങ്ങിൽ വച്ച് കമ്പനി ഉടമകളായ ജോസ് കുട്ടി അഗസ്റ്റിനെയും ആന്റോ അഗസ്റ്റിനെയും പൊലീസ് അറസ്റ്റു ചെയ്യകയായിരുന്നു. മറ്റ് നിരവധി തട്ടിപ്പുകളിൽ പ്രതിയായിരുന്നുവെങ്കിലും ബാങ്ക് ഓഫ് ബറോഡയുമായി ബന്ധപ്പെട്ട കേസിൽ റോജി അഗസ്റ്റിൻ പ്രതിയല്ലാത്തതുകൊണ്ട് ഇയാളെ അറസ്റ്റു ചെയ്തിരുന്നില്ല. നാട്ടുകാർ പ്രശ്‌നമാക്കുമെന്ന് ഭയന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

ഇതേ സംഘമാണ് പുതിയ ഓഫീസ് ആരംഭിച്ച് മൊബൈൽ ഫോൺ കമ്പനിയുമായി വീണ്ടും രംഗപ്രവേശം ചെയ്തിട്ടുള്ളത്. സ്ഥാപനത്തിൽ സെയിൽസ് സ്റ്റാഫ് അടക്കം നാൽപതോളം ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവർക്കെല്ലാം ലക്ഷക്കണക്കിന് രൂപ ശമ്പള ഇനത്തിൽ മാത്രം നൽകാനുണ്ട്. പലരും ഉടമകളുടെ സഹായ അഭ്യർത്ഥന പ്രകാരം കടം വാങ്ങിയും സ്വർണം പണയം വച്ചുമെല്ലാം ധാരാളം പണവും സ്ഥാപന ഉടമകൾക്ക് നൽകിയിട്ടുണ്ട്. സ്ഥാപനം നല്ല നിലയിൽ പ്രവർത്തിക്കുമെന്നും തങ്ങൾക്ക് അതിലൂടെ നല്‌ളൊരു ജീവിതം ഉണ്ടാവുമെന്നും പ്രതീക്ഷിച്ചായിരുന്നു ഈ പാവങ്ങളെല്ലാം പണം നൽകിയത്. എന്നാൽ ഇവരെയെല്ലാം കബളിപ്പിക്കുകയായിരുന്നു കമ്പനി. ഇവരെ കബളിപ്പിച്ചും പണം നൽകാതെയും വഞ്ചിക്കുകയാണ് ഇവർ ചെയ്തത്.

പുതിയ ഓഫീസ് തുടങ്ങിയ വിവരം അറിഞ്ഞ് പഴയ ജീവനക്കാർ പലരും ഓഫീസിലത്തെിയിരുന്നു. അപ്പോൾ എന്തിനാണ് ഇങ്ങോട്ട് വന്നത് എന്ന ചോദ്യമായിരുന്നത്രെ ഓഫീസിലുണ്ടായിരുന്നവർ ചോദിച്ചത്. മാദ്ധ്യമങ്ങൾക്ക് പരസ്യം നൽകിയിരുന്നെങ്കിലും അഞ്ചു പൈസ ഈയിനത്തിൽ ഇതുവരെ നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ പ്രമുഖ പരസ്യ ഏജൻസിയായ വളപ്പില ഇവരുടെ പരസ്യങ്ങൾ തടഞ്ഞിരിക്കുകയാണ്. നൽകാനുള്ള രണ്ടര കോടിയോളം രൂപ നൽകാതെ ഈ സ്ഥാപനത്തിന് ഇനി പരസ്യം നൽകാനാവില്ല. പക്ഷെ സഥാപനം പുനരാരംഭിച്ച് മുന്നോട്ട് പോവുകയാണ് കമ്പനി ഉടമകൾ. 

സ്ഥാപനത്തിന്റെ തട്ടിപ്പുകളെക്കുറിച്ച് വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ പരസ്യം കിട്ടുമല്ലോ എന്നോർത്ത് കമ്പനിക്കെതിരെ വാർത്ത നൽകാതിരിക്കുകയായിരുന്നു മാദ്ധ്യമങ്ങൾ. എന്നാൽ കമ്പനി ഉടമ അറസ്റ്റിലായതോടെ ഗംഭീരമായി പരസ്യം പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങളും വെട്ടിലായി. എന്നാൽ പുതിയ തട്ടിപ്പുകൾക്ക് കളമൊരുക്കി സ്ഥാപനം വീണ്ടും ആരംഭിക്കുമ്പോഴും പരസ്യം നൽകി കബളിപ്പിച്ച കമ്പനിക്കെതിരെ വാർത്തകൾ നൽകാൻ മാദ്ധ്യമങ്ങൾ തയ്യറല്ല. പ്രസിദ്ധീകരിച്ച പരസ്യത്തിന് പണം നൽകേണ്ട ഉത്തരവാദിത്വം പരസ്യ ഏജൻസിക്കായതുകൊണ്ട് അത് കിട്ടുമെന്നും, കമ്പനി പുതുതായി ആരംഭിക്കുമ്പോൾ വീണ്ടും പരസ്യം ലഭിക്കുമെന്നുമുള്ള വിശ്വാസത്തിലാണ് മാദ്ധ്യമ സ്ഥാപനങ്ങൾ.

കൊച്ചിയിലെ എസ് ബി ടിയുടെ കളമശ്ശേരി ബാങ്കിന്റെ ശാഖയിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതിന്റെ പേരിലും ഇവർക്കെതിരെ കേസ് നിലവിലുണ്ട്. എസ് ബി ടിക്ക് പണയപ്പെടുത്തിയ വസ്തു തന്നെ ബാങ്ക് ഓഫ് ബറോഡയ്ക്കും പണയപ്പെടുത്തി ഇവർ തട്ടിപ്പ് നടത്തുകയായിരുന്നു. എസ് ബി ടിയിൽ വച്ച വസ്തുവിന്റെ വ്യാജരേഖ ഉണ്ടാക്കിയാണ് ബാങ്ക് ഓഫ് ബറോഡയിൽ നിന്നും രണ്ടരക്കൊടിയോളം രൂപ വായ്പയെടുത്തത്. വ്യാജരേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. എ എം ഡബ്യു ട്രക്കുകളുടെ കേരളത്തിലെ ഡീലർമാരായിരുന്നു കമ്പനി ഉടമകൾ. ഈ കമ്പനിയുടെ പ്രവർത്തനം അവസാനിച്ചതോടെയാണ് ഇവർ മാംഗോ മൊബൈലുമായി രംഗത്തത്തെിയത്.

ഇവരുടെ ഏഷ്യൻ ടിമ്പേഴ്‌സ്, ഏഷ്യൻ സൂര്യ ഉദ്യോഗ് പ്രവൈറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ പേരിലും കേസുകൾ നിലവിലുണ്ട്. മാംഗോ ഫോണിന്റെ ഫ്രാഞ്ചസെികളുടെ പേരിൽ പണപ്പിരിവ് നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. സച്ചിൻ ടെണ്ടുകൾക്കർ, അമിതാബ് ബച്ചൻ എന്നിവരെ ബ്രാൻഡ് അംബാസിഡർമാരാക്കുമെന്നെല്ലാം ഇവർ വ്യക്തമാക്കിയിരുന്നു. നേരത്തെ ഒരു മുൻ ജീവനക്കാരി നൽകിയ പരാതിയിലും ഇവർക്കെതിരെ കേസെടുത്തിരുന്നു. ജീവനക്കാരി പരാതിയുമായി രംഗത്തെത്തിയപ്പോഴാണ് മാംഗോ തട്ടിപ്പിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയതും അത് പുറത്തുകൊണ്ടുവന്നതും.

ആപ്പിളിനെ വെല്ലുന്നതാണ് മലയാളികൾ പുറത്തിറക്കുന്ന ഫോൺ എന്നതായിരുന്നു ഇവരുടെ അവകാശവാദം. കൊറിയൻ ടെക്‌നോളജിയിലാണ് ഫോൺ പുറത്തിറക്കുന്നതെന്നും പറഞ്ഞു. 5 ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുകയെന്ന് കമ്പനി അവകാശപ്പെട്ടിരുന്നത്. 5,800 മുതൽ 34,000 രൂപ വരെയാണ് വിലയെന്ന് ഇവർ അവകാശപ്പെട്ടിരുന്നത്. ഈ ഫോണുകൾ എന്ന വിധത്തിത്തിൽ ലോഞ്ച് ചെയ്യുകയുമുണ്ടായി. എന്നാൽ, പിന്നീട് കമ്പനിയെ കുറിച്ച് ആരും ഒന്നും മിണ്ടിയില്ല. സച്ചിൻ ടെണ്ടുൽക്കറിനെയും അമിതാബ് ബച്ചനെയും ബ്രാൻഡ് അംബാസിഡർമാരാക്കുമെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഈ അവകാശവാദവും വ്യാജമാണെന്ന് വ്യക്തമായിരുന്നു.