- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിൽപ്പനയ്ക്കായി എത്തിച്ച ട്രക്ക് പണയം വച്ച് എസ്‌ബിറ്റിയിൽ നിന്നും വാങ്ങിയത് 13.50 കോടി; ഇതേ വസ്തുവിന്റെ വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയിൽ നിന്നും തട്ടിയത് രണ്ടര കോടിയും; ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി: മാംഗോ മൊബൈൽ ഉടമകളുടെ തനിനിറം പുറത്ത്
കൊച്ചി: 3500 കോടി രൂപയുടെ നിക്ഷേപം ഇറങ്ങി ആപ്പിളിനെ വെല്ലുന്ന മൊബൈൽ നിർമ്മിക്കാൻ ഇറങ്ങിത്തിരിച്ച മാംഗോ മൊബൈൽ ഉടമകളുടെ പേരിലുള്ള തട്ടിപ്പു കേസുകളെ കുറിച്ച് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരെ കേരളത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളാണ് ഉണ്ടായിര
കൊച്ചി: 3500 കോടി രൂപയുടെ നിക്ഷേപം ഇറങ്ങി ആപ്പിളിനെ വെല്ലുന്ന മൊബൈൽ നിർമ്മിക്കാൻ ഇറങ്ങിത്തിരിച്ച മാംഗോ മൊബൈൽ ഉടമകളുടെ പേരിലുള്ള തട്ടിപ്പു കേസുകളെ കുറിച്ച് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരെ കേരളത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഏറെയും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടവയായിരുന്നു. മാംഗോ മൊബൈലിലൂടെ ഇതു തന്നെയാണ് ഇവർ ലക്ഷ്യമിട്ടത്. എന്നാൽ, മറുനാടൻ പരമ്പരയെ തുടർന്ന് ഇവരുടെ പദ്ധതികളൊക്കെ പാളുകയായിരുന്നു.
എഎംഡബ്ല്യു ട്രക്കുകളുടെ കേരളത്തിലെ ഡീലർമാരായിരുന്നു അഗസ്റ്റിൻ സഹോദരന്മാർ. ഈ കമ്പനിയുടെ പ്രവർത്തനം അവസാനിച്ചതോടെയാണ് ഇ്‌വർ മാംഗോ മൊബൈലുമായി രംഗപ്രവേശനം ചെയ്തത്. എന്നാൽ ഏഷ്യൻ മോട്ടോഴ്‌സ് അടക്കം മൂന്ന് കമ്പനികൾ ഇവർ ഉണ്ടാക്കിയിരുന്നു. ഏഷ്യൻ ടിമ്പേഴ്‌സ്, ഏഷ്യൻ സൂര്യ ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയായിരുന്നു ഇവരുടെ കമ്പനികൾ. ഈ കമ്പനികളുടെ പേരിൽ ഇപ്പോഴും കേസുകൾ നിലവിലുണ്ട്.
ഇതിൽ സുപ്രധാനമായ തട്ടിപ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിനെ കബളിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ്. 13.50 കോടി രൂപയാണ് എസ്‌ബിറ്റിയിൽ ഇന്നും ഇവർ വായ്‌പ്പയെടുത്തിരുന്നത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ട്രക്ക് പണയപ്പെടുത്തിയാണ് ഇങ്ങനെ വായ്‌പ്പ സമാഹരിച്ചത്. മറ്റ് ട്രക്കുകൾ വിറ്റു പോകുമ്പോൾ ലഭിക്കുന്ന പണം ബാങ്കിൽ അടയ്ക്കാമെന്നും വ്യവസ്ഥ ചെയ്തു. എന്നാൽ, ഈ പണം വേറെ അക്കൗണ്ടിലേക്ക് വകയിരുത്തി ബാങ്കിനെ ചതിക്കുകയാണ് ഇവർ ചെയ്തത്.
കൊച്ചിയിലെ എസ്‌ബിറ്റിയുടെ കളമശ്ശേരി ബാങ്കിന്റെ ശാഖയിൽ നിന്നുമായിരുന്നു ഇങ്ങനെ പണം വായ്‌പ്പയെടുത്തത്. ഇങ്ങനെ എസ്‌ബിറ്റിക്ക് പണയപ്പെടുത്തിയ അതേ വസ്തു തന്നെ ബാങ്ക് ഓഫ് ബറോഡയ്ക്ക് പണയപ്പെടുത്തിയും അഗസ്റ്റിൻ സഹോദരങ്ങൾ തട്ടിപ്പുകാട്ടി. എസ്‌ബിറ്റിയിൽ വച്ച വസ്തുവിന്റെ വ്യാജരേഖ ഉണ്ടാക്കിയാണ് ബാങ്ക് ഓഫ് ബറോഡയിൽ നിന്നും ലോണെടുത്തത്. 2.50 കോടി രൂപയായിരുന്നു വായ്‌പ്പ എടുത്തത്. അവിടം കൊണ്ടും ഇവർ ശ്രമം നിർത്തിയില്ല. ഇന്ത്യൻ ബാങ്കിനെ സമീപിച്ചു ലോണെടുക്കാനും ശ്രമം നടത്തി. എന്നാൽ, എസ്‌ബിറ്റിയെ കബളിപ്പിച്ച വിവരം പുറത്തുവന്നതോടെ ഈ ബാങ്ക് ലോൺ നൽകാൻ തയ്യാറായില്ല.
2014ൽ ആയിരുന്നു ഇവരുടെ കബളിപ്പിക്കൽ വ്യക്തമായതോടെ കേസുകളുണ്ടായത്. ഏഷ്യൻ മോട്ടേഴ്‌സിലെ ഡയറക്ടർമാരിൽ ഒരാളായ ആന്റോ ആഗസ്റ്റിനും എതിരായി കേരള ഹൈക്കോടതിയിൽ എസ്‌ബിറ്റിയിലെ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നിലവിലുണ്ട്. ഈ കേസിലെ തട്ടിപ്പ് മനസിലാകിയ സ്റ്റേറ്റ് ബാങ്ക് ഇവർക്കെതിരെ റിക്കവറി നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ, റിക്കവറി നടപടികളിൽ നിന്നും ഒഴിവാക്കണമേന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബാങ്കിലെ ലോൺ തുക തവണകളായി അടച്ചു ലോൺ തീർക്കാമെന്ന ഇവരുടെ വാദം അന്ന് ഹൈക്കോടതി തള്ളിയിരുന്നു. കോടതിയുടെ കുരുക്കിൽ നിന്നും രക്ഷപെടുന്നതിന് വേണ്ടി പണമുണ്ടാക്കാനാണ് മാംഗോ മൊബൈൽസിലൂടെ ലക്ഷ്യമിട്ടതെന്നുമാണ് സംശയിക്കുന്നത്.
അതിനിടെ ഉദ്യോഗസ്ഥരെ പോലും ഭയപ്പെടുത്തുന്ന വിധത്തിലും അഗസ്റ്റിൻ സഹോദരന്മാർ പ്രവർത്തിച്ചുവെന്ന സംശയമുണ്ട്. രണ്ടു ബാങ്കുകളിൽ ഒരേ വസ്തു വച്ചു ഇവർ നടത്തിയ തട്ടിപ്പ് മനസിലാക്കിയ ബാങ്ക് ജീവനക്കാർ ആദ്യം കോടതിയെ സമീപിച്ചപ്പോൾ ഭീഷണിയുടെ ഭാഷയിലായിരുന്നു ഇവരുടെ സംസാരം. ഭീഷണിക്ക് വഴങ്ങാതെ മുന്നോട്ടു പോയപ്പോൾ തുടർന്നും പലതവണ അപായപ്പെടുത്തുമെന്ന ഭീഷണിയുണ്ടായി. ഇവരുടെ ഭീഷണികൾക്ക് വഴങ്ങാതെ കോടതിയെ സമീപിച്ചപ്പോഴാണ് മറ്റ് പല കേസുകളെ കുറിച്ചും പൊതു സമൂഹം അറിഞ്ഞത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറുമായുള്ള കേസ് ഇപ്പോൾ ട്രിബ്യൂണൽ കോടതിയുടെ പരിഗണനയിലാണ്. ഇത് തീരാതെ നീണ്ടു പോകുകയാണ്. എസ്‌ബിറ്റിയുടെ അസെറ്റ് റിക്കവറി സെല്ലിന്റെ കീഴിലാണ് ഈ കേസുള്ളത്.
എന്നാൽ കേസുകളിൽ പെടുന്നതോടെ വീണ്ടും പുതിയ തട്ടിപ്പിന് വഴിയൊരുക്കി വരുന്നതാണ് ഇവരുടെ സ്ഥിരം ശൈലിയെന്ന് സംശയിക്കേണ്ട വിധത്തിലാണ് കേസുകൾ. 2011 അതൂൽ ഓട്ടോ ലിമിറ്റഡ് എന്ന വാഹന ഡീലർ കമ്പനിയും ഇവരുടേതായി ഉണ്ടായിരുന്നു. ഈ കമ്പനിക്കെതിരെ കാസർകോട് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലും കേസുണ്ടായിരുന്നു. വയനാട് കാരാപ്പുഴ ഡാമിന് സമീപം ഇവരുടെ പേരിലായി ഒരു റിസോർട്ട് നിലവിലുണ്ട്. ഈ റിസോർട്ട് പണയപ്പെടുത്തിയും പലയിടത്തു നിന്നും ഇവർ ബാങ്ക് ലോൺ തരപ്പെടുത്തിയിരുന്നു. എന്നാൽ കേസും നൂലാമാലയും ആയപ്പോൾ റിസോർട്ട് പ്രവർത്തനമില്ലാതെ അനാഥമായി.
കാനറാ ബാങ്കിന്റെ കൊച്ചി ബാനർജി റോഡിലുള്ള ബ്രാഞ്ചിൽ സ്ഥലം പണയപ്പെടുത്തിയ ലോൺ തിരിച്ചടയ്ക്കാതിരുന്നതിനും ഇവർക്കെതിരെ കേസുണ്ട്. വയനാട്ടിലെ വസ്തുവിന്റെ പ്രമാണം വച്ച് ലോൺ എടുത്ത ശേഷം പണം തിരിച്ചടയ്കാത്തതിനാൽ ബാങ്ക് അഗസ്റ്റിൻ സഹോദർമാർക്കെതിരെ ജപ്തി നടപടി സ്വീകരിച്ചിരുന്നു. 45 ലക്ഷം ലോൺ എടുത്ത ശേഷം പണം തിരിച്ചയ്ക്കാതെ പലിശ അടക്കം 64 ലക്ഷത്തോളം രൂപ കുടിശ്ശിക വരുത്തി. ഇത് കൂടാതെ ബാങ്കിന് ജപ്തി നടപടി സ്വീകരിക്കാൻ ശ്രമിച്ചപ്പോൾ പണയവസ്തു മറ്റൊരു നിയമക്കുരുക്കിലാണെന്ന് ബോധ്യമാകുകയായിരുന്നു. ചുരുക്കത്തിൽ കാനറ ബാങ്കിനെയും കബളിപ്പിക്കുകയാണ് ഇവർ ചെയ്തത്.
ഇങ്ങനെ ബാങ്കുകളെ കബളിപ്പിച്ചത് കൂടാതെയാണ് ഏറ്റവും ഒടുവിൽ ജീവനക്കാരിയെ മർദ്ദിച്ച് അവശയാക്കിയതിന് ക്രിമിനൽ കേസും നിലവിലുള്ളത്. കർണ്ണാടക ഹൈക്കോടതിയിലും ഇവർക്കെതിരെ ക്രിമിനൽ കേസ് നിലവിലുണ്ട്. സിവിലായും ക്രിമിനലായും നിരവധി കേസ് നടപടികൾ നേരിട്ടവർ സച്ചിന്റെയും ബച്ചന്റെയും പേര് പറഞ്ഞു പോലും തട്ടിപ്പു നടത്താൻ തുനിഞ്ഞുവെന്നാണ് വ്യക്തമാകുന്നത്.
മാംഗോ മൊബൈൽസുമായി ബന്ധപ്പെട്ട് വൻതോതിൽ പത്രപ്പരസ്യം നൽകിയതിന് പിന്നാലെ തന്നെ കമ്പനിയുടെ പേര് പറഞ്ഞ് ഡീലർഷിപ്പിനായി പലരെയും ഇവരുടെ ജീവനക്കാർ സമീപിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. വയനാട്ടിലെ മേപ്പാടി പൊലീസ് സ്‌റ്റേഷനിൽ അടക്കം ഇവർക്കെതിരെ പരാതികൾ ഉണ്ടായിരുന്നു. ഒരു പ്രമുഖ ചാനലിന്റെ ഡയറക്ടർമാരാണെന്ന് പറഞ്ഞും ഇവർ തട്ടിപ്പിന് വഴിയൊരുക്കിയെന്നും ആരോപണങ്ങളുണ്ട്.
പൂർവകാലത്ത് ഇത്രയധികം കേസുകൾ നേരിട്ടവരാണ് 3500 കോടിയുടെ മൊബൈൽ കമ്പനിയും ആപ്പിൾ ഫോണിനെ വെല്ലുന്ന ഫീച്ചറുകളുമായി രംഗത്തിറങ്ങിയത് എന്നതാണ് പ്രത്യേകത. ഫ്രാഞ്ചൈസി വഴി പണം സ്വരൂപിച്ച് തട്ടിപ്പിന് കളമൊരുക്കുകയായിരുന്നു മാംഗോ ഉടമകൾ ലക്ഷ്യമിട്ടത് എന്ന് തന്നെ വേണം കരുതാനും.