മൂവാറ്റുപുഴ; ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ സംസ്ഥാന ജോ.കൺവീനർ ലിന്റോ ജോസഫിന് നേരെ കയ്യേറ്റശ്രമം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. മൂവാറ്റുപുഴ ടൗണിൽ നിന്നും വീട്ടിലേക്ക് പോകും വഴി രണ്ടാറിൽ വച്ചാണ് ലൗജിഹാദിനെതിരെയും മറ്റും ശക്തമായി നീങ്ങുന്ന ക്രിസ്ത്യൻ ഹെൽപ്പ് ലൈനിന്റെ പ്രവർത്തനങ്ങളിൽ അസ്വസ്ഥരാകുന്ന ചിലർ ലിന്റോയെ ആക്രമിക്കാൻ ശ്രമിച്ചത്. പിന്നീട് നാട്ടുകാരെത്തി ലിന്റോയെ അക്രമികളിൽ നിന്ന് രക്ഷിക്കുകയായിരുന്നു.

അടുത്തിടെ ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ യോഗം കൊച്ചിയിൽ നടക്കുകയും ടിപി സെൻകുമാർതന്നെ ലൗജിഹാദ് ഉണ്ടെന്ന വ്യക്തമാക്കിയ സാഹചര്യം വിലയിരുത്തുകയും ചെയ്തിരുന്നു. ക്രൈസ്തവ വിഭാഗത്തിലെ പെൺകുട്ടികളും ഇത്തരത്തിൽ ലൗജിഹാദിന് ഇരയാക്കപ്പെട്ടു എന്നാണ് ഇതിനെതിരെ രൂപംകൊടുത്ത ക്രിസ്ത്യൻ ഹെൽപ്പ്‌ലൈൻ പ്രവർത്തകർ വ്യക്തമാക്കുന്നത്. തുടർന്ന് ഈ വിഷയത്തിൽ സജീവ ചർച്ചകളും നടന്നുവരികയാണ്. ഇതിനിടെയാണ് സംഘടനയുടെ നേതാവിന് നേരെ കയ്യേറ്റശ്രമം ഉണ്ടായിരിക്കുന്നത്.

ഇവിടെയുള്ള ഒരു കടയിൽ കയറുന്നതിനിടെ അവിടെയുണ്ടായിരുന്ന ചിലരുമായി ഈ വിഷയം സംസാരിക്കാനിടയായെന്നും അതിനിടെ അവിടെയുണ്ടായിരുന്ന ഒരാൾ മറ്റുചിലരെ വിളിച്ചുവരുത്തുകയുമായിരുന്നുവെന്ന് ലിന്റോ മറുനാടനോട് വ്യക്തമാക്കി. കാറിലും ബൈക്കുകളിലുമൊക്കെയായി ഇതോടെ പതിനഞ്ചോളം പേർ സ്ഥലത്തെത്തി ലിന്റോയെ ചോദ്യംചെയ്യാനും ഭീഷണിപ്പെടുത്താനും തുടങ്ങി. ഇവർക്ക് മറുപടി നൽകുന്നതിനിടെയാണ് കയ്യേറ്റത്തിന് മുതിർന്നത്.

ഇതിനിടെ സ്ഥലത്തെത്തിയ മറ്റുനാട്ടുകാരാണ് ഇവരെ തടഞ്ഞത്. 'നീ എല്ലാ മുസ്‌ളീങ്ങളെയും തീവ്രവാദിയാക്കാൻ നടക്കുകയാണോ'' എന്ന് ചോദിച്ചായിരുന്നു കയ്യേറ്റം. ക്രിസ്ത്യൻ ഹെൽപ്പ് ലൈനിന്റെ പ്രവർത്തനം വ്യാപിക്കുന്നതിലെ അസ്വസ്ഥതയാണ് ഈ അക്രമത്തിന് പിന്നിലെന്ന് കരുതുന്നതായി ലിന്റോ പറഞ്ഞു. സംഘടനയിൽ ആലോചിച്ച ശേഷം അക്രമികൾക്കെതിരെ പൊലീസ് നടപടികളിലേക്ക നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പ് ചോദ്യ പേപ്പർ വിവാദത്തിൽ ജോസഫ് മാഷിന്റെ കൈ വെട്ടിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് ദിവസങ്ങളോളം ഒറ്റക്ക് കാവൽ നിന്ന വ്യക്തിയാണ് ലിന്റോ ജോസഫ്. ഇത്തരം ഭീഷണികൾക്ക് മുമ്പിൽ മുട്ടുമടക്കി മാളത്തിൽ ഒളിക്കില്ലെന്ന് ഹെൽപ്പ്‌ലൈൻ സംസ്ഥാന കൺവീനർ രഞ്ജിത്ത് ഏബ്രഹാം തോമസ് പറഞ്ഞു.

ലൗജ്ഹാദിനെതിരെ ശക്തമായി നീങ്ങാനും ഏകീകൃത സിവിൽകോഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുലക്ഷം ആളുകൾ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക് അയക്കാനും ഹെൽപ്പ് ലൈൻ തീരുമാനിച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ അലോസരം പൂണ്ട ചിലരാണ് സംഘടനയ്‌ക്കെതിരെ നീങ്ങുന്നതെന്നാണ് സംഘടനാ നേതാക്കൾ വിലയിരുത്തുന്നത്.