തിരുവനന്തപുരം: കഴിഞ്ഞ ദിവസം പട്ടാമ്പിക്കു സമീപം പരശുരാം എക്സ്പ്രസിൽനിന്ന് തലകറങ്ങി പുറത്തേക്ക് തെറിച്ചുവീണ പെൺകുട്ടിയെ യാത്രക്കാരനായ യുവാവ് രക്ഷിച്ച വാർത്ത അവിശ്വസനീയതയോടെയാണ് ഏവരും കേട്ടത്.ഇപ്പോഴിത അ സംഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവാവ്.കോട്ടയം സ്വദേശിനി ജീഷ്ണയാണ് മിൻഹത്ത് എന്ന യുവാവിന്റെ കൃത്യസമയത്തുള്ള ഇടപെടലിൽ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

കോഴിക്കോട് വടകരയ്ക്കടുത്തുള്ള മണിയൂർ സ്വദേശിയായ 23 കാരൻ മിൻഹത്തിന് കഴിഞ്ഞ ദിവസത്തെ ട്രെയിൻ യാത്രയും തുടർന്നുള്ള സംഭവങ്ങളുമെല്ലാം എല്ലാം സ്വപ്നം പോലെയാണ് തോന്നുന്നത്.പരശുരാം എക്സ്‌പ്രസിൽ എറണാകുളത്തുനിന്നും വടകരയ്ക്ക് വരികയായിരുന്നു മിൻഹത്ത്. മുഖം കഴുകുന്നതിനിടെയാണ് കോട്ടയം സ്വദേശിനി ജിഷ്ണ മിൻഹത്തത്തിന്റെ ശ്രദ്ധയിൽ പെടുന്നത്.

ട്രെയിനിന്റെ വാഷ്‌ബേസിന് മുന്നിൽ വാതിലിന് തൊട്ടടുത്തായിരുന്നു ജിഷ്ണ നിന്നിരുന്നത്. എന്തോ .. വയ്യാതെ നിൽക്കുന്നതുപോലെ തോന്നി. മാറി നിൽക്കൂവെന്നും വാതിൽ അടഞ്ഞിട്ടില്ലെന്നും പറഞ്ഞു.പക്ഷെ തല ചുറ്റുന്നുവെന്ന് ജിഷ്ണ പറഞ്ഞു. എനിക്ക് എന്തെങ്കിലും ചെയ്യാനാവുന്നതിന് മുമ്പേ വാതിലിലൂടെ താഴേക്ക് വീണ് പോയി.പാളത്തിലെ മെറ്റലിൽ മുഖമടിച്ചാണ് വീണത്. പിന്നെ ഒന്നും നോക്കാതെ ചങ്ങല വലിച്ചു. ആള് വീണിട്ടുണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് ട്രെയിനിന് ഉള്ളിലൂടെ കുറെ മുന്നോട്ടോടി.

ശരീരഭാഗങ്ങൾ ട്രെയിനിന് അടിയിലേക്ക് നീങ്ങിപ്പോകാതിരുന്നതാണ് ഭാഗ്യമായത്. പരശുരാം എക്സ്‌പ്രസ്സിന്റെ തുറന്ന ബോഗിയും ആളെ വിവരം അറിയിക്കാൻ എളുപ്പമായെന്ന് പറയുന്നു മിൻഹത്ത്. ചങ്ങല വലിച്ചയുടൻ ട്രെയിൻ ജിഷ്ണയുടെ തൊട്ടടുത്ത് തന്നെ നിർത്തി. പല അഭിപ്രായ വ്യത്യാസവും യാത്രക്കാരിൽ നിന്നുണ്ടായെങ്കിലും വലിയ രീതിയിൽ രക്തം പോവുന്നത് ശ്രദ്ധയിൽ പെട്ടതോടെ പിന്നെ വണ്ടി കിട്ടുമോ എന്നായിരുന്നു നോക്കിയത്.

അതിനിടെയാണ് തൊട്ടടുത്ത ക്വർട്ടേഴ്‌സിൽ ഒരു വെള്ള ബൊലേറോ നിർത്തിയിട്ടത് കണ്ടത്. വേഗം ഇറങ്ങി ആളോട് വണ്ടിയുടെ താക്കോൽ ചോദിച്ച് കാര്യം പറഞ്ഞപ്പോൾ ഷർട്ട് പോലും ധരിക്കാതെ ഒപ്പം പോന്നു. അത് ഏറെ ആശ്വാസമായെന്നും ജിഷ്ണയെ ആശുപത്രിയിലെത്തിക്കാൻ എളുപ്പമായെന്നും മിൻഹത്ത് പറയുന്നു.

അപകടം നടന്നയുടൻ മിൻഹത്ത് ജീഷ്ണയുടെ ഫോണിൽ ബന്ധപ്പെട്ട് ആരുടെയെങ്കിലും നമ്പർകിട്ടുമോ എന്നുനോക്കിയിരുന്നു. ലോക്കായതിനാൽ തുറക്കാൻ പറ്റിയില്ല. അവിടെയും ദൈവദൂതനെപ്പോലെ ഒരു ഫോൺ കോൾ ജിഷ്ണയുടെ ഫോണിലേക്ക് വന്നു. ഇത് സ്‌ക്രീൻഷോട്ടെടുത്ത് ആ നമ്പറിലേക്ക് തിരിച്ച്് വിളിച്ചാണ് അപകട വിവരം മിൻഹത്ത് കുടുംബത്തെ അറിയിച്ചത്.എന്തായാലും അപകട നില തരണം ചെയ്ത് ജിഷ്ണ വീട്ടിലെത്തിയെന്നറിഞ്ഞതോടെയാണ് തനിക്ക് ആശ്വാസമായതെന്നും മിൻഹത്ത് ചൂണ്ടിക്കാട്ടുന്നു.

ജിഷ്ണയുടെ വീട്ടിലെത്തി മിൻഹത്ത് കുടുംബത്തെ കാണുകയും ചെയ്തിരുന്നു. നാട്ടിലെ ബ്ലഡ് ഗ്രൂപ്പിൽ അംഗമായ മിൻഹത്ത് പലർക്കും രക്തം നൽകാനായും സംഘടിപ്പിക്കാനും പലപ്പോഴും ഇങ്ങനെ ഓടിയിട്ടുണ്ട്. ആ ഒരു ശീലമുള്ളതുകൊണ്ടാകാം ജിഷ്ണയെ ആശുപത്രിയിലെത്തിക്കാനും തുടർന്നുള്ള കാര്യങ്ങൾക്കുമെല്ലാം തന്നെ പ്രേരിപ്പിച്ചതെന്നും മിൻഹത്ത് പറയുന്നു.

സോഫ്റ്റ്‌വെയർ എൻജിനിയറിങ് കഴിഞ്ഞെങ്കിലും എറണാകുളത്ത് ജോലി ശരിയാവാനിരിക്കെയാണ് കോവിഡ് കാലമെത്തിയതെന്ന് പറയുന്നു ഈ ചെറുപ്പക്കാരൻ. തുടർന്ന് വിദേശ ജോലിക്കായുള്ള ശ്രമം നടത്തി. അത് ഏകദേശം ശരിയായിട്ടുണ്ട്. ഒരു രണ്ട് മാസത്തിനുള്ളിൽ പോവാനിരിക്കുകയാണ്. അതിനായുള്ള ചില പേപ്പറുകൾ ശരിയാക്കാനാണ് എറണകുളത്ത് പോയത്. അവിടെ നിന്ന് തിരിച്ച് വരുമ്പോഴായിരുന്നു അപകടമെന്നും മിൻഹത്ത് ചൂണ്ടിക്കാട്ടുന്നു.