തിരുവനന്തപുരം: കെഎം മാണിയെ യുഡിഎഫിൽ ഇനിയാരും വിമർശിക്കില്ല. കേരളാ കോൺഗ്രസിനെ വീണ്ടും മുന്നണിയിലെത്തിക്കണമെന്ന മുസ്ലിം ലീഗ് നിലപാടാണ് ഇതിന് കാരണം. യുഡിഎഫിൽ നിന്ന് വിട്ട് നിയമസഭയിൽ പ്രത്യേക ബ്ലോക്കാവാനുള്ള മാണിയുടെ നീക്കത്തെ കോൺഗ്രസ് നേതൃത്വം രൂക്ഷമായി വിമർശിച്ചിരു്ന്നു. എന്നാൽ സിപിഐ(എം) മാണിയോട് മൃദു സമീപനം തുടരുന്നത് യുഡിഎഫിനെ വെട്ടിലാക്കി. യുഡിഎഫിന്റെ പ്രധാന തൂണാണ് കേരളാ കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചതോടെ മാണിയോട് വലിയ എതിർപ്പ് ഇടതുപക്ഷത്തുണ്ടാകില്ലെന്നും ഉറപ്പായി. ബിജെപിക്കൊപ്പം മാണി കൂടുന്ന രാഷ്ട്രീയ സാഹചര്യം ഒഴിവാക്കാൻ കേരളാ കോൺഗ്രസിനെ അടുപ്പിക്കാൻ സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ രംഗത്തുവന്നു.

ഇഥോടെയാണ് യു.ഡി.എഫ് വിട്ട മാണി ഗ്രൂപ്പ് കേരള കോൺഗ്രസിനോട് പ്രകോപനത്തിന് പകരം അനുനയ സമീപനം സ്വീകരിക്കാൻ മുന്നണി ഏകോപന സമിതി തീരുമാനിച്ചത്. 'വിരട്ടാൻ നോക്കേണ്ടെന്ന' കർക്കശ നിലപാടിൽ നിന്ന് 'മാണീ മടങ്ങി വരൂ' എന്ന അനുനയ സ്വരത്തിലേക്ക് മുന്നണിയും കോൺഗ്രസും മാറിയത്. തദ്ദേശ സ്ഥാപനങ്ങളിലെയും സഹകരണ സംഘങ്ങളിലെയും മാണി ഗ്രൂപ്പുമായുള്ള സഖ്യം തുടരാനും തീരുമാനിച്ചു. ബിജെപിക്കും ഇടതിനും മാണിയെ സഖ്യകക്ഷിയായി കിട്ടാതിരിക്കാനാണ് ഇത്. മുന്നണിയിലേക്ക് മടങ്ങി വരാനുള്ള നീക്കം മാണി ഗ്രൂപ്പിൽ നിന്ന് തന്നെ ഭാവിയിൽ ഉണ്ടാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. എന്നാൽ, തത്കാലം മുന്നണി മുൻകൈയെടുത്ത് ചർച്ച നടത്തില്ല. ഇങ്ങോട്ട് ആരോപണം ഉന്നയിച്ചാൽ മാത്രം മറുപടി പറയും.

കേരള കോൺഗ്രസ് തീരുമാനം അവർ തന്നെ പുനഃപരിശോധിക്കുമെന്നാണ് വിശ്വാസമെന്ന് യു.ഡി.എഫ് യോഗ തീരുമാനങ്ങൾ വിശദീകരിച്ച മുന്നണി ചെയർമാൻ രമേശ് ചെന്നിത്തല പറഞ്ഞു. മാണി വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചതെന്നും നിയമസഭയിൽ പ്രത്യേക ബ്‌ളോക്കാകുന്നവർ തദ്ദേശ സ്ഥാപനങ്ങളിലും അങ്ങനെ ഇരുന്നാൽ മതിയെന്നും നേരത്തേ പറഞ്ഞ യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചന് പകരം അദ്ദേഹത്തെ അരികിലിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇന്നലെ വാർത്താസമ്മേളനം നടത്തിയത്. ഇത് മാണിയെ അനുനയിപ്പിക്കാനുള്ള തന്ത്രമായിരുന്നു. ആരും മാണിയെ വിമർശിക്കരുതെന്നും വ്യക്തമാക്കി. കോൺഗ്രസിനെ വിരട്ടാൻ നോക്കേണ്ടെന്ന് നേരത്തേ പറഞ്ഞത് 34 വർഷത്തെ ബന്ധം പെട്ടെന്ന് വേർപെടുത്തിയ വിഷമത്തിലാണെന്നും മറ്റ് നേതാക്കളുടെ പ്രസ്താവനയും ഇത്തരത്തിലായിരുന്നു എന്നും ചെന്നിത്തല വിശദീകരിച്ചു.

ഇത് മാണിക്ക് പുതിയ സാധ്യതകൾ നൽകുകയാണ്. ഇടതും വലതും തനിക്കായി രംഗത്തുള്ളത് മാണി തിരിച്ചറിയുന്നു. ഏതായാലും ബിജെപിയിലേക്ക് പോകേണ്ടതില്ലെന്നാണ് വിലയിരുത്തൽ. പക്ഷേ ഇടതിനൊപ്പമോ വലതിനൊപ്പമേ ചേരുന്നതിൽ ഉടൻ തീരുമാനം എടുക്കില്ല. കേരളാ കോൺഗ്രസിന്റെ സംഘടനാ അടിത്തറ ശക്തമാക്കാനുള്ള നടപടി തുടങ്ങും. പാർട്ടിയിൽ ഒത്തൊരുമയുണ്ടാക്കി മകൻ ജോസ് കെ മാണിയെ പാർട്ടിയുടെ തലപ്പത്ത് എത്തിക്കും. അതിന് ശേഷം മാത്രമേ മുന്നണി സാധ്യതകളിലേക്ക് കടക്കൂ. കേരളാ കോൺഗ്രസിന്റെ ഭാവി നേതാവ് ജോസ് കെ മാണിയാണെന്ന് ഏവരേയും ബോധ്യപ്പെടുത്തുകയും നേതാവായി നിയോഗിക്കാനുമാണ് മാണി കരുക്കൾ നീക്കുന്നത്. ഇത് അംഗീകരിക്കാത്ത ആരേയും മാണിയിനി ഒപ്പം നിർത്തില്ല. പിജെ ജോസഫ് അടക്കമുള്ളവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കുന്ന മുന്നണിയുമായി മാത്രമേ ചങ്ങാത്തത്തിനുമുള്ളൂ.

ഏത് സാഹചര്യത്തിലും ബിജെപി മുന്നണിയിൽ എത്താമെന്ന ഉറപ്പ് മാണിക്കുണ്ട്. എന്നാൽ ഇടതുപക്ഷത്തോടാണ് താൽപ്പര്യം. ചരൽക്കുന്ന ക്യാമ്പിന് ശേഷമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണം അതിരുവിട്ടതായിരുന്നു. മാണിയെ ഒരുതരത്തിലും സഹകരിപ്പിക്കില്ലെന്നായിരുന്നു നിലപാട്. ഇത് മാറ്റം വരുന്നത് കേരളാ കോൺഗ്രസിന്റെ പ്രസക്തിക്ക് തെളിവായി മാണി ഉയർത്തിക്കാട്ടും. യു.ഡി.എഫ് മാണി ഗ്രൂപ്പിനെ പുറത്താക്കുകയോ മുന്നണി ബന്ധം അവസാനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന ചെന്നിത്തലയുടെ പ്രസ്താവന ഇതിന് തെളിവാണ്. യു.ഡി.എഫിലെ ഒരു കക്ഷിയും അങ്ങനെ ആഗ്രഹിച്ചിട്ടില്ല. മാണിയുടെ വിഷമം യു.ഡി.എഫിന്റെ ഏതെങ്കിലും ഫോറത്തിലോ ഏതെങ്കിലും നേതാക്കളോടോ പറഞ്ഞിരുന്നെങ്കിൽ ഇത് പരിഹരിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാണി കാട്ടിയത് വഞ്ചനയാണോ എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് തെറ്റിദ്ധാരണ കൊണ്ടാണ് പോയതെന്നായിരുന്നു ചെന്നിത്തലയുടെ വിശദീകരണം.

തദ്ദേശ സ്ഥാപനങ്ങളിലെയും സഹകരണ സംഘങ്ങളിലെയും സഖ്യം മുറിച്ചാൽ അതിന്റെ നേട്ടം ഇടത് മുന്നണിക്കാവും. പല സ്ഥലങ്ങളിലും ഇടതു മുന്നണിയും കേരള കോൺഗ്രസും ചേർന്നാൽ ഭൂരിപക്ഷം ലഭിക്കും. ഭാവിയിൽ ഇടതു മുന്നണിയിലേക്ക് അടുക്കാനും ഇത് പ്രചോദനമാകും. അങ്ങനെ യു.ഡി.എഫ് ചെലവിൽ ഇടതു മുന്നണി നേട്ടമുണ്ടാക്കുന്നത് തടയാനായി മുന്നണി ബന്ധം തുടരുന്നതാണ് നല്ലതെന്നായിരുന്നു പൊതു അഭിപ്രായം. ഒരു പ്രമുഖ സമുദായത്തിന്റെ പിന്തുണയുള്ള ബി.ഡി.ജെ.എസിന് പുറമേ മറ്റൊരു പ്രധാന സമുദായത്തിന്റെ പിന്തുണയുള്ള മാണി ഗ്രൂപ്പ് കൂടി ബിജെപി പാളയത്തിലേക്ക് അടുക്കുന്നത് ഏത് വിധേനയും തടയണമെന്നാണ് യുഡിഎഫ് ഘടകകക്ഷികളുടെ നിലപാടും. ഇതും മാണി തിരിച്ചറിയുന്നു. എല്ലാ മനസ്സിൽ വച്ചുള്ള രാഷ്ട്രീയ നീക്കമാകും മാണി ഇനി നടത്തുക.

യു.ഡി.എഫ്. വിട്ട കേരള കോൺഗ്രസ് എമ്മിനെ എൽ.ഡി.എഫിലെത്തിക്കാൻ സിപിഐ(എം). നീക്കം ആരംഭിച്ചിട്ടുണ്ട്. കെ.എം. മാണിയെ മുന്നണിയിലെടുക്കാൻ തീരുമാനിച്ചിട്ടില്ലെന്നു പരസ്യനിലപാടെടുക്കുമ്പോഴും ചർച്ചയ്ക്ക് ഇടതുമുന്നണിക്കൊപ്പമുള്ള സ്‌കറിയ തോമസിനെ ചുമതലപ്പെടുത്തിയതായാണു വിവരം. മാണി യു.ഡി.എഫിലേക്കു മടങ്ങാനുള്ള സാധ്യതയില്ല. ബിജെപിയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചാൽ അതു പിളർപ്പിലാകും ചെന്നെത്തുക. കേരളാ കോൺഗ്രസിന്റെ വോട്ട് ബാങ്കും ബിജെപി. സഖ്യത്തിനോടു യോജിക്കില്ല. ഈ സാഹചര്യത്തിൽ അവർ ഇടതുമുന്നണിയിലേക്കു വരാനാണു സാധ്യതയെന്നാണ് സിപിഐ(എം) പ്രതീക്ഷ. ഇതു മുന്നിൽക്കണ്ടാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി അവരെ മുന്നണിയിലെത്തിക്കാനുള്ള നീക്കത്തിനു തുടക്കമിട്ടത്. സിപിഐയുടെ എതിർപ്പ് പരിഹരിക്കാനായാൽ ഇത് അസാധ്യമല്ലെന്നും സിപിഐ(എം). കണക്കുകൂട്ടുന്നു.