തലനാട്: ഇടതുമുന്നണി ഭരിക്കുന്ന തലനാട്ടിൽ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ ജെ സെബാസ്റ്റ്യൻ അങ്ങാടിക്കൽ തത് സ്ഥാനം രാജിവച്ചുഎൻ സി കെ പ്രസിഡന്റും പാലാ എം എൽ എ യുമായ മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഇടതുഭരണ സമിതിയിൽ നിന്നുള്ള സെബാസ്റ്റ്യന്റെ രാജി.

തലനാട് പഞ്ചായത്ത് പത്താം വാർഡ് മരവിക്കല്ല് വാർഡിൽ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണി ആലാനിയെ നൂറിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സെബാസ്റ്റ്യൻ പരാജയപ്പെടുത്തിയത്. ഇടതുപക്ഷം സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് സ്വതന്ത്രനായി മത്സരിച്ചത്. തുടർന്നു ഇടതുഭരണത്തിൽ ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാനാകുകയായിരുന്നു.

മാണി സി കാപ്പൻ യു ഡി എഫിന്റെ ഭാഗമായതിനാൽ ഇടതുപക്ഷത്തിന്റെ ഭാഗമായി ലഭിച്ച സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ധാർമ്മികതയുടെ പേരിൽ രാജി വയ്ക്കുന്നതായും സെബാസ്റ്റ്യൻ രാജി കത്തിൽ പറഞ്ഞു. മാണി സി കാപ്പൻ എം എൽ എ യ്ക്കു പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച സെബാസ്റ്റ്യൻ പഞ്ചായത്തിൽ യു ഡി എഫിന് പിന്തുണ നൽകുമെന്നും അറിയിച്ചു.

ഭക്ഷ്യധാന്യ കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തു

കൊഴുവനാൽ: ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കൾ ചേർന്നുണ്ടാക്കിയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യധാന്യ പച്ചക്കറി കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തു. ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കളുടെ കൂട്ടായ്മയിലെ അംഗങ്ങൾ നൽകിയ തുക ഉപയോഗിച്ചാണ് ഭക്ഷ്യധാന്യക്കിറ്റുകൾ വാങ്ങിയത്.

കിറ്റുകളുടെ വിതരണോൽഘാടനം മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നിർവ്വഹിച്ചു. സാംജി പഴേപറമ്പിൽ, കൂട്ടായ്മ സെക്രട്ടറി സ്മിത മനു വയലിൽ, ട്രഷറർ സജി വളവനാൽ, പ്രസിഡന്റ് കൃഷ്ണമായ സുരാജ്, വൈസ് പ്രസിഡന്റ് ടോമി ഊരകത്ത് തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ കിറ്റുകൾ ദുരിതബാധിതർക്ക് നൽകുമെന്ന് കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.