കൊച്ചി: പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ ഉടലെടുത്ത തർക്കം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ നേട്ടം ഇടത് മുന്നണിക്ക് തന്നെയെന്ന് സൂചന. പാലാ സീറ്റ് നൽകാത്തത് അനീതി ആണെന്ന് ദേശീയ നേതൃത്വം വിലയിരുത്തിയെങ്കിലും ദേശീയ തലത്തിലെ വിശാല സാഹചര്യമാണ് മുന്നണി മാറ്റത്തിൽനിന്ന് പാർട്ടിയെ പിന്നോട്ട് വലിക്കുന്നത്.

സിപിഎം ഉൾപ്പെടെ ദേശീയ തലത്തിൽ കോൺഗ്രസ് ഇതര പ്രതിപക്ഷ ചേരി ശക്തിപ്പെടുമ്പോൾ ശരദ് പവാറിനെ ഉയർത്തിക്കാട്ടുന്നതിൽ സിപിഎമ്മും മുഖ്യ പങ്കാളിയാണ്. അതേസമയം അഭ്യൂഹങ്ങൾക്ക് വിട നൽകിയായിരുന്നു യുഡിഎഫിലെക്കെന്ന നിർണായക തീരുമാനം മാണി സി.കാപ്പൻ പരസ്യമായി പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ തന്നെയാണ് കാപ്പന്റെ തീരുമാനമെന്നും വിവരമുണ്ട്

യുഡിഎഫ് പ്രവേശനത്തെ കുറിച്ച് മാണി സി കാപ്പൻ നേരത്തെ സൂചന നൽകിയിരുന്നു. എൽഡിഎഫ് വിട്ട് യുഡിഎഫിന്റെ ഘടകകക്ഷിയാകുമെന്നായിരുന്നു കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞത്. ദേശീയ നേതൃത്വം കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ എൻസിപി ഇടതിൽ തുടരുകയും കാപ്പൻ ഒറ്റക്ക് മുന്നണി വിടുകയും ചെയ്യുമെന്നാണ് വിവരം.

എൻസിപി മുന്നണി വിടുന്ന കാര്യത്തിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസുമായുള്ള ബന്ധത്തേക്കാൾ ദേശീയ തലത്തിൽ ഇടത് മുന്നണിയുമായുള്ള ബന്ധം സ്ഥാപിക്കുന്നത് ഇനി അനിവാര്യമാണെന്ന അനുമാനത്തിലാണ് പവാർ ഇടത് മുന്നണിയിൽ തുടരുക എന്ന നിലപാട് സ്വീകരിച്ചതെന്നാണ് സൂചന.

പാലാ സീറ്റ് നൽകിയില്ലെങ്കിൽ മുന്നണി മാറുമെന്ന് കാപ്പനും പാലാ കിട്ടിയില്ലെങ്കിലും എൽഡിഎഫിൽത്തന്നെയെന്ന് ശശീന്ദ്രനും കടുപ്പിച്ചതോടെയാണ് പാർട്ടി കേന്ദ്ര നേതൃത്വം ആശയക്കുഴപ്പത്തിലായത്. താൻ എൽഡിഎഫിൽ തന്നെ തുടരുമെന്നും കാപ്പൻ യുഡിഎഫിലേക്ക് പോകരുതെന്നും മന്ത്രി എകെ ശശീന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. അതേ സമയം യുഡിഎഫിലേക്ക് പോകുന്നതിൽ ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന് അനുകൂല നിലപാടാണ് എന്നും സൂചനയുണ്ട്.

പാലാ സീറ്റ് മാണി സി.കാപ്പന് നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിക്കഴിഞ്ഞു. കാപ്പൻ തനിച്ചുവന്നാലും എൻസിപി ഒന്നിച്ചുവന്നാലും യുഡിഎഫ് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച പാലായിൽ ഐശ്വര്യ കേരള യാത്ര വേദിയിൽ എത്തുന്ന മാണി സി.കാപ്പനെ ആഘോഷപൂർവം സ്വീകരിക്കാനാണ് യുഡിഎഫ് നീക്കം.