കോട്ടയം: കേരളാ കോൺഗ്രസിലിരിക്കുമ്പോൾ കൂടെനിന്നവർ ഇപ്പോൾ പാർട്ടിവിട്ടശേഷം തനിക്കെതിരെ തിരിയുമ്പോൾ കുടുങ്ങുന്ന പൊല്ലാപ്പുകൾ ഒരുവശത്ത്. ഇപ്പോൾ ഒരുമിച്ചുള്ളവർ തനിക്കുവേണ്ടി പ്രതിരോധം തീർക്കാൻപോലും പെടാപ്പാടുപെടുമ്പോൾ ഒന്നും പ്രതികരിക്കാതെ ഒളിച്ചുകളിക്കുന്ന ജോസഫ് വിഭാഗത്തിന്റെ മൗനം മറുവശത്ത്. യുഡിഎഫ് വിട്ടതിനുപിന്നാലെ അഴിയാക്കുരുക്കുകൾ ഒന്നൊന്നായി മുറുകുമ്പോൾ അതിനെ ഒറ്റക്കുനേരിടാനാകാതെ ആകെ പരുങ്ങലിലായിരിക്കുകയാണ് മുതിർന്ന നേതാവും കേരളാ കോൺഗ്രസ് എം ചെയർമാനുമായ കെഎം മാണി.

കേരളാ കോൺഗ്രസിൽ കൂടെനിന്നിരുന്ന കാലത്ത് പിസി ജോർജ് എന്ന വലിയൊരു സംരക്ഷണ മതിലിന്റെ പ്രയോജനം മാണിക്കു ലഭിച്ചിരുന്നു. പിസി ജോർജ് വിട്ടുപോയതോടെയാണ് വലിയ തിരിച്ചടികൾ മാണിക്കു നേരിട്ടുതുടങ്ങുന്ന്ത്. മാത്രമല്ല, പിസിജോർജിന്റെ ബന്ധുകൂടിയായ ജേക്കബ് തോമസ് ഇപ്പോൾ തനിക്കെതിരെ ശക്തമായ നടപടികളുമായി നീങ്ങുന്നതിലും മാണി ഏറെ അസ്വസ്ഥനാണ്. ബാർ, കോഴി കേസുകൾക്കു പുറമേ വരവിൽ കൂടുതൽ സ്വത്തു സമ്പാദിച്ചെന്ന കേസ് കൂടി മാണിക്കു പുറമേ കുടുംബാംഗങ്ങളിലേക്കും വന്നെത്തുമ്പോൾ കുരുക്കുകൾ കൂടുതൽ കൂടുതൽ മുറുകുന്നതിന്റെ ശ്വാസംമുട്ടലിലിലാണ് മാണി ഇപ്പോൾ.

ഈ സാഹചര്യത്തിൽ തീർത്തും നിസ്സഹായവസ്ഥയിലാണ് മാണിയുടെ അഭ്യർത്ഥനാ രൂപത്തിലുള്ള പ്രതികരണം കഴിഞ്ഞദിവസം പുറത്തുവന്നത്.
പൂഞ്ഞാർ സ്വദേശിയായും പിസി ജോർജിന്റെ ബന്ധുവുമായ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തന്നെ പ്രതികാരബുദ്ധ്യാ നിരന്തരം പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്ന പുതിയ ആരോപണമാണ് മാണി ഉന്നയിക്കുന്നത്. ജേക്കബ് തോമസ് ചെറുകിട തുറുമുഖ വകുപ്പ് ഡയറക്ടറായിരിക്കെ നടത്തിയ അഴിമതി ധനകാര്യവകുപ്പ് അന്വേഷിച്ചിരുന്നു.

ഇതേക്കുറിച്ച് തുടരന്വേഷണം നടത്താൻ അന്ന് ധനമന്ത്രിയെന്ന നിലയിൽ ഉത്തരവിട്ടതിന്റെ പേരിൽ തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് മാണി ആരോപിക്കുന്നു. ജേക്കബ് തോമസ് ഒരു മുൻ മന്ത്രിക്കെതിരെ ഇങ്ങനെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത് ശരിയാണോയെന്ന് രാഷ്ടീയ പാർട്ടികളും സർക്കാരും ഗൗരവമായി ചിന്തിക്കണമെന്ന അഭ്യർത്ഥന കൂടി നടത്തേണ്ട സാഹചര്യത്തിലേക്ക് മാണി എത്തിയിരിക്കുകയാണിപ്പോൾ.

പിസി ജോർജ് പോയതിന്റെ ക്ഷീണത്തിനുപുറമെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫ്രാൻസിസ് ജോർജും കൂട്ടരും വിട്ടുപോകുകയും ഇടതുപക്ഷത്ത് ചേക്കേറുകയും ചെയ്തത് മറ്റൊരു വലിയ തിരിച്ചടിയായെന്ന് ഇപ്പോൾ മാണി തിരിച്ചറിയുന്നുണ്ട്. മാണിക്കും പാർട്ടിക്കും നേരെയുണ്ടായ ആരോപണങ്ങളിൽ വലിയ പ്രതിരോധം തീർത്തിരുന്ന ആന്റണി രാജു ഉൾപ്പെടെയുള്ളവർ കൂടെയില്ലാത്തത് വലിയ പ്രശ്‌നമായി മാറുന്നു. മാണിക്കെതിരെ ചാനൽ ചർച്ചകളിലും മറ്റും ശക്തമായ നിലപാടുകളുമായി നിന്നിരുന്ന നേതാക്കൾ കൂടെയില്ലാത്തത് വലിയ ക്ഷീണമായിട്ടുണ്ട്.

മാത്രമല്ല, ഇത്തരത്തിൽ മുമ്പ് പാർട്ടി വിട്ടുപോയ നോബിൾ മാത്യുവാണ് ഇപ്പോൾ ജേക്കബ് തോമസിന് പരാതി നൽകി പുതിയ കോഴിക്കോഴ കേസ് പൊക്കിക്കൊണ്ടുവന്നിട്ടുള്ളത്. പാർട്ടി പ്രവർത്തകനായിയിരിക്കെ അർഹിച്ച സ്ഥാനങ്ങൾ ലഭിക്കാതായപ്പോഴാണ് നോബിൾ പാർട്ടി വിടുന്നത്. അദ്ദേഹം ഇപ്പോൾ ബിജെപി സംസ്ഥാന സമിതി അംഗവുമാണ്്. നോബിളിന്റെ പരാതിയും തനിക്കെതിരെയുള്ള പ്രതികാര നടപടിയായി മാണി കണക്കാക്കുന്നു. നോബിൾ മാത്യു വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത് വ്യക്തിവിരോധം തീർക്കാൻ മാത്രമാണെന്ന് മാണിതന്നെ ആരോപിക്കുകയും ചെയ്തു.

കോഴി നികുതി വെട്ടിപ്പെന്നു പറഞ്ഞു നല്കിയ പരാതി വിശദ പരിശോധനയ്ക്കു ശേഷം കോട്ടയം വിജിലൻസ് കോടതി അടിസ്ഥാന രഹിതമെന്ന് കണ്ടെത്തിയതോടെ പരാതിയുമായി വിജിലൻസ് ഡയറക്ടറെ സമീപിക്കുകയാണ് നോബിൾ മാത്യു ചെയ്തത്. കോടതി തള്ളിയ കേസ് വീണ്ടും കുത്തിപ്പൊക്കിയത് തനിക്കെതിരെയുള്ള പ്രതികാര നടപടിയാണെന്ന് മാണി ആരോപിക്കുന്നത് അതുകൊണ്ടാണ്. വാദിയെ പ്രതിയാക്കുന്ന ദുരൂഹതയാണ് ഇതിനു പിന്നിലെന്നും മാണി കുറ്റപ്പെടുത്തുന്നു.

ഇതിനെല്ലാം വലിയ തിരിച്ചടിയാണ് മാണിയെ കാത്തിരിക്കുന്നതെന്നതിന്റെ സൂചനകൾ ഇപ്പോൾത്തന്നെ കേരളാ കോൺഗ്രസിൽ പുകഞ്ഞുതുടങ്ങിക്കഴിഞ്ഞു. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും അതിലൊന്നിലും തന്നെ പ്രതിരോധിക്കാൻ ജോസഫ് വിഭാഗത്തിലെ ഒരാളും മുന്നോട്ടുവരാത്തതാണ് മാണിയെ കൂടുതൽ അസ്വസ്ഥനാക്കുന്നത്. യുഡിഎഫ് വിട്ടതിനുശേഷമാണ് ജോസഫിന്റെ മൗനം തുടങ്ങുന്നത്. ഇടതുപാളയത്തിൽ ചേക്കേറാമെന്ന മോഹം കരിഞ്ഞതോടെ ജോസഫ് കൂടുതൽ അസ്വസ്ഥനാണ്. ഇല്ലത്തുനിന്നു വിടുകയും ചെയ്തു അമ്മാത്ത് എത്തിയതുമില്ല എന്ന സ്ഥിതി. പ്രശ്‌നങ്ങൾ ഇപ്രകാരം മുറുകകയാണെങ്കിൽ ജോസഫും കൂട്ടരും മാണിയോട് വിടപറഞ്ഞ് യുഡിഎഫിലേക്കുതന്നെ തിരിച്ചു ചേക്കേറാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്.